മുംബൈ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിനെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഹർമൻപ്രീത് കൗർ നയിക്കുന്നത് തുടർച്ചയായി നാലംതവണ. 15 വർഷമായി ടീമിലെ സ്ഥിരംസാന്നിധ്യമായ പഞ്ചാബുകാരി 2018, 2020, 2023 ലോകകപ്പുകളിൽ ക്യാപ്‌റ്റനായി. 2020ൽ റണ്ണറപ്പായതാണ് മുപ്പത്തഞ്ചുകാരിയുടെ പ്രധാനനേട്ടം. 15 അംഗ ടീമിൽ രണ്ട് മലയാളികളാണ്. വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും. ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് രണ്ട് മലയാളി സാന്നിധ്യം. പുരുഷ ടീമിൽ 2007ൽ എസ് ശ്രീശാന്തും ഈ വർഷം സഞ്‌ജു സാംസണും ടീമിലുണ്ടായിരുന്നു. ഒക്‌ടോബർ മൂന്നുമുതൽ 20 വരെ ദുബായിലും ഷാർജയിലുമാണ് മത്സരങ്ങൾ. ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് അവിടത്തെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
യുവത്വത്തിനും പരിചയസമ്പത്തിനും മുൻതൂക്കം നൽകിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സ്‌മൃതി മന്ദാനയാണ് ടീമിന്റെ വൈസ്‌ക്യാപ്‌റ്റൻ. സ്‌മൃതിയും ഷഫാലി വർമയും ഓപ്പണർമാരാകുന്ന ടീമിൽ ഹർമൻപ്രീത്, ജെമീമ റോഡ്രിഗസ്, ദീപ്‌തി ശർമ, വിക്കറ്റ്‌കീപ്പർ റിച്ചാഘോഷ് എന്നിവർ ഉൾപ്പെട്ട ബാറ്റിങ്നിര ശക്തമാണ്. ദീപ്‌തിയും സജനയും ഓൾറൗണ്ടർമാരാണ്. രേണുക സിങ് ഠാക്കൂർ, അരുന്ധതി റെഡ്ഡി, പൂജ വസ്‌ത്രാക്കർ എന്നിവരാണ് പേസ് ബൗളർമാർ. സ്‌പിന്നർമാർക്കാണ് ടീമിൽ മുൻതൂക്കം. ദീപ്‌തി ശർമ, രാധായദവ്, ആശ ശോഭന, സജന സജീവൻ, ശ്രേയങ്ക പാട്ടീൽ എന്നിവർ സ്‌പിൻ ബൗളർമാരാണ്.വിക്കറ്റ്‌കീപ്പറായ യസ്‌തിക ഭാട്ടിയയും സ്‌പിൻ ബൗളറായ ശ്രേയങ്ക പാട്ടീലും ശാരീരികക്ഷമത തെളിയിക്കേണ്ടതുണ്ട്. ടീമിനൊപ്പം യാത്ര ചെയ്യാൻ മൂന്നു പകരക്കാരെയും നിശ്‌ചയിച്ചു.
കഴിഞ്ഞ എട്ട് ലോകകപ്പിൽ ഒരിക്കൽപ്പോലും ഇന്ത്യക്ക് കിരീടമില്ല. 2020ൽ റണ്ണറപ്പായതാണ് ഏകനേട്ടം. കഴിഞ്ഞതവണ സെമിയിൽ തോറ്റു. ഓസ്‌ട്രേലിയയാണ് ആറുതവണയും ജേതാക്കൾ. തുടർച്ചയായി മൂന്നു കിരീടം നേടി (2023, 2020, 2018, 2014, 2012, 2010). 2009ലെ ആദ്യ ലോകകപ്പിൽ ഇംഗ്ലണ്ടായിരുന്നു ചാമ്പ്യൻമാർ. 2016ൽ വെസ്‌റ്റിൻഡീസ് കപ്പ് നേടി.
പന്ത് തിരിച്ച് ഇന്ത്യൻ ടീമിൽ
തിരിയുന്ന പന്തുകളാണ് ആശ ശോഭനയെ ലോകകപ്പ് ടീമിലെത്തിച്ചത്. ദേശീയ ടീമിൽ അവസരം കിട്ടുന്നത് 33–-ാംവയസ്സിൽ. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് വഴിത്തിരിവായത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കിരീടനേട്ടത്തിൽ മുഖ്യപങ്കുവഹിച്ചു. ഈ വലംകൈ ലെഗ്‌സ്‌പിന്നർ മാച്ച് വിന്നറാണ്. 10 കളിയിൽ 12 വിക്കറ്റായിരുന്നു സമ്പാദ്യം. രണ്ട് സീസണിൽ 15 കളിയിൽ 17 വിക്കറ്റ്.
ഇന്ത്യക്കായി മൂന്ന് കളിയിൽ നാല് വിക്കറ്റ് നേടി. രണ്ടുപതിറ്റാണ്ടുമുമ്പ് കേരള ടീമിലുണ്ടായിരുന്ന ആശ, ഏറെക്കാലം ക്യാപ്റ്റനായിരുന്നു. ഹൈദരാബാദിൽ റെയിൽവേയിൽ ജോലി കിട്ടിയതോടെ കേരളം വിട്ട കളിക്കാരി കഴിഞ്ഞ രണ്ട് സീസണിൽ പുതുച്ചേരി ടീമിനെ നയിച്ചു. ഇത്തവണ വീണ്ടും കേരളത്തിനായി കളിക്കുമെന്ന് അറിയിച്ചെങ്കിലും റെയിൽവേ ടീമിൽ കളിക്കണമെന്ന നിബന്ധന തിരിച്ചടിയായി. തിരുവനന്തപുരം പേരൂർക്കട ഓട്ടോഡ്രൈവറായ ബി ജോയിയുടെയും എസ് ശോഭനയുടെയും മകളാണ്.
ഇന്ത്യൻ ടീം
ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റൻ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്‌റ്റൻ), ഷഫാലി വർമ, ദീപ്‌തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ചാഘോഷ് (വിക്കറ്റ്‌കീപ്പർ), യസ്‌തിക ഭാട്ടിയ (വിക്കറ്റ്‌കീപ്പർ), പൂജ വസ്‌ത്രാക്കർ, അരുന്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, ദയാലൻ ഹേമലത, ആശ ശോഭന, രാധായാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ. പകരക്കാർ: ഉമ ഛേത്രി, തനൂജ കൻവർ, സെയ്‌മ ഠാക്കൂർ