ന്യൂഡൽഹി: ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാനായി ജയ്ഷായെ എതിരില്ലാതെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ് ജയ്ഷാ എത്തുന്നത്.
ഡിസംബർ ഒന്നിന് ചുമതല ഏറ്റെടുക്കും. ഐസിസിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെയർമാനാകും 35കാരനായ ജയ് ഷാ. പത്രിക നൽകേണ്ട അവസാന തീയതിയായ ചൊവ്വാഴ്ച വൈകുന്നേരമാണ് ജയ് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ ചേർന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജയ് ഷായെ ഐസിസി ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകൾ ജയ് ഷായ്ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.