പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസില്‍ നൊവാക് ജോക്കോവിച്ചിന് സ്വർണം. ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് സ്വര്‍ണം നേടിയത്.
സ്കോര്‍: 7-6, 7-6. രണ്ട് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ തകർപ്പൻ വിജയം. മുപ്പത്തേഴുകാരനായ ജോക്കോവിച്ചിന്റെ കന്നി ഒളിന്പിക്സ് സ്വർണമാണിത്.
2008 ബെയ്ജിംഗ് ഒളിന്പിക്സിൽ ജോക്കോവിച്ച് വെങ്കലം നേടിയിരുന്നു. കഴിഞ്ഞ രണ്ടു തവണയും വിമ്പിൾഡൻ ഫൈനലുകളിൽ സ്പാനിഷ് താരത്തിനോട് ജോക്കോവിച്ച് തോറ്റിരുന്നു.
ജയത്തോടെ ഒളിന്പിക്സ് പുരുഷ വിഭാഗം ടെന്നീസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റിക്കാര്‍ഡ് ജോക്കോവിച്ച് സ്വന്തം പേരിലാക്കി.
സ്റ്റെഫി ഗ്രാഫ്, ആന്ദ്രേ അഗാസി, സെറീന വില്യംസ്, റാഫേല്‍ നദാല്‍ എന്നിവര്‍ക്ക് ശേഷം എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും നേടുന്ന താരമെന്ന നേട്ടവും ജോക്കോ സ്വന്തമാക്കി.