ഫ്രാൻസ് പോർച്ചുഗലിനെ ഷൂട്ടൗട്ടിൽ 5–3ന് കീഴടക്കി. സ്‌റ്റുട്ട്‌ഗർട്ട്
യൂറോ കപ്പ് ആദ്യ സെമിയിൽ സ്‌പെയ്‌നും ഫ്രാൻസും ഏറ്റുമുട്ടും. ക്വാർട്ടറിൽ സ്‌പെയ്‌ൻ ജർമനിയെ അധിക സമയക്കളിയിൽ 2-1ന് തോൽപ്പിച്ചപ്പോൾ ഫ്രാൻസ് പോർച്ചുഗലിനെ ഷൂട്ടൗട്ടിൽ 5–3ന് കീഴടക്കി. ചൊവ്വാഴ്‌ചയാണ് സെമി.
ഫ്രാൻസ്–-പോർച്ചുഗൽ ക്വാർട്ടറിൽ നിശ്‌ചിതസമയത്തും അധികസമയത്തുംഗോൾ പിറന്നില്ല. ഷൂട്ടൗട്ടിൽ ഫ്രാൻസിനായി ഉസ്‌മാൻ ഡെംബലെ, യൂസഫ് ഫൊഫാന, ജൂലസ് കൗണ്ടെ, ബ്രാഡ്‌ലി ബർകോള, തിയോ ഹെർണാണ്ടസ് എന്നിവർ ലക്ഷ്യം കണ്ടു. പോർച്ചുഗലിന്റെ ജൊയോ ഫെലിക്‌സിന്റെ കിക്ക് പോസ്‌റ്റിൽ തട്ടിത്തെറിച്ചു. ക്രിസ്‌റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ, ന്യൂനോ മെൻഡിസ് എന്നിവർ വല കണ്ടു.
യൂറോ കപ്പിന്റെ മനോഹരമായ അധ്യായങ്ങളിലൊന്നിൽ ചരിത്രമെഴുതിയാണ് സ്‌പെയ്‌ൻ കുതിച്ചത്. ഒപ്പത്തിനൊപ്പം പോരാടി, ഒടുവിൽ ജർമനിയെ അധികസമയക്കളിയിൽ കീഴടക്കുകയായിരുന്നു. അധികസമയത്തിന്റെ അവസാന നിമിഷങ്ങളിൽ മിക്കേൽ മെറീനോയുടെ ഹെഡർ ജർമൻമതിൽ തകർത്തു. ഫാബിയൻ റൂയിസിന്റെ ഒന്നാന്തരം ഗോളിൽ സ്‌പെയ്‌നാണ് ലീഡ് കുറിച്ചത്. സെമി ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ഫ്‌ളോറിയൻ വിയറ്റ്‌സിന്റെ തകർപ്പൻ ഷോട്ടിൽ ജർമനി തിരിച്ചുവന്നത്.
സ്‌പെയ്‌ൻ പ്രതിരോധക്കാരൻ ഡാനി കർവഹാൽ അവസാനനിമിഷം രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി പുറത്തായി. പരുക്കൻ കളിയായിരുന്നു തുടക്കത്തിൽ. സ്‌പെയ്‌നിന്റെ കളിയൊഴുക്കിനെ തടയിടാൻ ജർമൻതാരങ്ങൾ അടവുകൾ പുറത്തെടുത്തു. ടോണി ക്രൂസിന്റെ കാലിൽ തട്ടി വീണ് സ്‌പാനിഷ് മധ്യനിരക്കാരൻ പെഡ്രി കളി 10 മിനിറ്റ് തികയുംമുമ്പ് മടങ്ങി. ഒൽമോ പകരമെത്തി.”
“യുവതാരം ലമീൻ യമാലാണ് സ്‌പാനിഷ് പടയ്‌ക്ക് ചിറകുകൾ നൽകിയത്. ഒരറ്റത്ത് ലമാൽ ജർമൻപ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി. എന്നാൽ, അന്റോണിയോ റൂഡിഗർ നയിച്ച ജർമൻപ്രതിരോധം വിടവുനൽകിയില്ല. ഇടവേള കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ യമാലിന്റെ പ്രതിഭയിൽ ജർമൻപ്രതിരോധം മയങ്ങിപ്പോയി. മധ്യവരയ്‌ക്ക് മുന്നിൽനിന്ന് അൽവാരോ മൊറാട്ട നൽകിയ ക്രോസ് വലതുവശത്ത് ലമാൽ പിടിച്ചെടുത്തു. പിന്നെ ബോക്‌സിലേക്ക്, നെടുനീളത്തിൽ മനോഹരമായ പാസ്. ഡാനി ഒൽമോ ഓടിയെത്തി അതിൽ കാൽക്കൊരുത്തു.
പിന്നാലെ കളി മാറി. പന്തൊഴുക്കിന് വേഗം കൂടി. ജർമൻവീര്യത്തിൽ സ്‌പാനിഷ് പ്രതിരോധം ഒന്നുലഞ്ഞു. 89–-ാം മിനിറ്റിൽ ജർമനിയുടെ സംഘടിത ആക്രമണത്തിന് ഫലംകിട്ടി. ജോഷ്വ കിമ്മിച്ചിന്റെ ഹെഡർ പിടിച്ചെടുത്ത് വിയറ്റ്‌സ് അടിതൊടുത്തു. കളി അധികസമയത്തേക്കും. 119–-ാം മിനിറ്റിൽ സ്‌പെയ്‌ൻ ഉയിർത്തു. ഇടതുഭാഗത്തുള്ള ഒൽമോയുടെ മനോഹര ക്രോസിൽ പറന്നുതലവച്ച് മെറീനോ ചരിത്രംകുറിച്ചു.