Wednesday, December 25, 2024
Homeകായികംഇതിഹാസ താരം റാഫേൽ നദാൽ ടെന്നീസിനോട് വിട പറഞ്ഞു

ഇതിഹാസ താരം റാഫേൽ നദാൽ ടെന്നീസിനോട് വിട പറഞ്ഞു

മലാഗ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനൊടുവിൽ ഡേവിസ് കപ്പിലെ അവസാന മത്സരത്തിൽ തോൽവിയോടെയാണ് നദാലിന്റെ പടിയിറക്കം. ക്വാർട്ടർ ഫൈനലിൽ സ്പെയിൻ നെതർലൻഡുമായി കൊമ്പുകോർത്തപ്പോൾ സിംഗിൾസ് പോരാട്ടത്തിൽ റാഫേൽ നദാൽ ബോട്ടിക് വാൻ ഡി സാൻഡ്‌സ് ചൽപ്പിനോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ തോല്‍വി. സ്കോർ 4-6, 4-6.

സ്പെയിനിലെ മലാഗയിൽ നടന്ന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 38കാരനായ നദാൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തന്റെ അവസാന മത്സരത്തിന് മുന്നോടിയായി സ്പെയിനിന്റെ ദേശീയ ഗാനം കേട്ടപ്പോൾ നദാൽ വികാരഭരിതനായി. ‘റാഫ റാഫ’ വിളികളോടെ ആരാധകർ നദാലിന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി മാറ്റി.

ഡേവിസ് കപ്പിന് ശേഷം വിരമിക്കാനുള്ള തീരുമാനം നദാൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളായി നദാലിനെ നിരന്തരം പരിക്കുകൾ വേട്ടയാടിയിരുന്നു. ജൂലൈ മുതൽ ഒരു ഔദ്യോഗിക സിംഗിൾസ് മത്സരം പോലും കളിക്കാൻ നദാലിന് കഴിഞ്ഞിരുന്നില്ല. ഈ വർഷം നടന്ന പാരീസ് ഒളിമ്പിക്സിലാണ് നദാൽ അവസാനമായി മത്സരിച്ചത്.

സിംഗിൾസ് രണ്ടാം റൌണ്ടിൽ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ട നദാൽ ഡബിൾസിൽ കാർലോസ് അൽകാരസിനൊപ്പം ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു. പിന്നീട് യുഎസ് ഓപ്പണിൽ നിന്നും ലേവർ കപ്പിൽ നിന്നും പിൻമാറുകയും ചെയ്തു.

നീണ്ട 22 വർഷത്തെ കരിയറിൽ നദാൽ 92 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ 22 ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഉൾപ്പെടുന്നു. സ്പെയിൻ ടീമിനൊപ്പം അദ്ദേഹം നാല് തവണ ഡേവിസ് കപ്പും നേടിയിട്ടുണ്ട്. 14 തവണ ഫ്രഞ്ച് ഓപ്പൺ കിരീടവും ഒരു ഒളിമ്പിക്സ് സ്വർണവും നദാലിന്റെ കരിയറിന് മാറ്റുകൂട്ടുന്നു. പുരുഷ ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന നദാലിന്റെ റെക്കോർഡ് കഴിഞ്ഞ വർഷമാണ് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് മറികടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments