🌹 വായനയുടെ പിന്നാമ്പുറങ്ങൾ 🌹
വായന എന്തിനു വേണ്ടിയാണ് ?.
” വായിച്ചാൽ വിളയും വായിച്ചില്ലേങ്കിൽ വളയും ” എന്നുള്ള കുഞ്ഞുണ്ണി മാഷിന്റെ പ്രസിദ്ധമായ ഉദ്ധാരണി നമ്മൾ കേട്ടിട്ടുണ്ട്.
വ്യത്യസ്തമായ തലങ്ങളിൽ വായനയെ മനസ്സിലാക്കുന്നവരുണ്ട്. ശരിക്കും എന്തിനാണ് ചിലർ ഭ്രാന്തുപിടിച്ചതു പോലെ വായനയിൽ ഏർപ്പെടുന്നത്. വായിച്ച് വളരാനോ , ആ വായനയിൽ നിന്നും മാതൃകകൾ ഉണ്ടാക്കാനോ ?
ശരിക്കുമൊരാൾ പുസ്തകം വായിക്കുന്നത് അവന് ലഭിക്കാത്ത സ്വാതന്ത്രൃങ്ങളെ വീണ്ടെടുക്കാൻ വേണ്ടിയാണ്. അവന്റെ അജ്ഞതയെ പൂരിപ്പിക്കാൻ വേണ്ടിയാണ്. മനുഷ്യർ വായിക്കുമ്പോൾ ഏറ്റവും കൂടുതൽ ഭാവനയുള്ളവരാകുന്നു. ഭാവനയുള്ള മനുഷ്യന് ചിന്തിക്കുന്ന മനുഷ്യന് അവനവനെക്കുറിച്ചും തനിക്ക് ചുറ്റുമുള്ള അശാന്തമായ ലോകത്തെക്കുറിച്ചും നിരന്തരം ഉൾക്കാഴ്ചകൾ ഉണ്ടാകും എന്നതാണ് വായനയുടെ സവിശേഷത. നമ്മൾ പലപ്പോഴും പറയാറുണ്ട് ഏകാന്തത മനുഷ്യനെ ഭയപ്പെടുത്തുന്നു എന്ന് . പക്ഷേ നിങ്ങൾ വായിക്കുന്ന മനുഷ്യരെ നോക്കു അവർ ഏകാന്തത ഒരു അഭിനിവേശമായി കരുതുകയും എകാന്തതയിൽ ലയിച്ചു ചേരുകയും ചെയ്യുന്നു.
മനുഷ്യൻ വായിക്കുമ്പോഴാണ് താൻ എത്ര ദുർബലനായ ജീവിയാണ് എന്ന ബോദ്ധ്യം ഉണ്ടാകുന്നത്. നമ്മൾ എത്ര നിസ്സാര ജീവിയാണ് എന്ന തിരിച്ചറിവിന്റെ തട്ടകം നമുക്ക് തുറന്ന് കിട്ടുന്നത് വായിക്കുമ്പോഴാണ്. ഈ ഭൂമി മുഴുവൻ അശാന്തി നിറയുന്ന നേരത്ത് ചില പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മൾ കാരുണ്യത്തിന്റെ സങ്കീർത്തനങ്ങൾ കേൾക്കുന്നു. ഈ ഭൂമി ഇരുണ്ടതല്ലെന്ന് ബോദ്ധ്യം വരുന്നു. ഈ ഭൂമിയിൽ നിരാശയും നിസ്സഹായതയും മാത്രമല്ല ഉള്ളതെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. ജീവിതത്തിന് എന്തൊക്കെ സാദ്ധ്യതകൾ ഉണ്ടെന്ന് വായന നമ്മെ പഠിപ്പിക്കുന്നു. വായിക്കുന്ന മനുഷ്യന് അവനിൽ തന്നെ ഒരു ബദൽ പ്രപഞ്ചത്തെ സൃഷ്ടിക്കാൻ കഴിയുന്നു എന്നുള്ളതാണ് പ്രത്യേകത.
വായിക്കുന്ന മനുഷ്യർ പെട്ടന്ന് മറ്റ് മനുഷ്യരെ വെറുക്കുന്നില്ല. അവർക്ക് കുറെക്കൂടി ധ്യാനാത്മകമായി ജീവിതത്തെ സമീപിക്കാൻ കഴിയും . ആത്മിയതയുടെ മറെറാരു ബദൽ ലോകത്തിലേക്ക് നമുക്ക് നമ്മളെ തന്നെ പുനരാനയിക്കാൻ കഴിയും എന്നുള്ളിടത്താണ് വായനയുടെ ശ്രേഷ്ഠത . നമ്മളെ നിരന്തരം പുതുക്കി പണിയുന്ന , പൂരിപ്പിക്കുന്ന പ്രക്രിയ വായന മാത്രമാണ്. അപരനെ അനുകമ്പയോടെ കാണാൻ കഴിയുന്ന പ്രക്രിയയുടെ പേരാണ് വായന .
മനുഷ്യൻ വായിച്ചാൽ വിളയും എന്നതിനൊരുറപ്പുമില്ല. ചിലപ്പോൾ ജീവിതത്തിൽ അയാൾ പരാജയപ്പെട്ടു പോയേക്കാം. പക്ഷെ ഒന്നുറപ്പിച്ചു പറയാം വായിക്കുന്നതിന് മുൻപുള്ള അയാളായിരിക്കില്ല പുസ്തകം കൈയ്യിലെടുത്ത് അതിലുള്ളമാഴ്ത്തി വായിച്ചു കഴിയുമ്പോൾ അയാൾ എന്നുള്ളതാണ് വായനയുടെ എറ്റവും വലിയ മഹത്വം.
അതിനാൽ വായനയുടെ ലോകത്തേയ്ക്ക് പുസ്തകങ്ങളിലൂടെ നമുക്ക് നമ്മളെ തന്നെ ഒരു പുനർ വായനയ്ക്ക് വിധേയമാക്കാം.