Wednesday, December 25, 2024
Homeസ്പെഷ്യൽസ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് - ഭാഗം ആറ് ) പൂവിളിയുണരുമ്പോൾ !!

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം ആറ് ) പൂവിളിയുണരുമ്പോൾ !!

ഗിരിജാവാര്യർ

പൂവിളിയുണരുമ്പോൾ!!
**********

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, “ഇതെന്റെ ഉണ്ണിമോൾക്ക്..”

ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്..

“മതി മതി.. തൊട്ട് നോക്ക്യേത്.. അമ്മ എടുത്തുവയ്ക്കട്ടെ. നാളെ കിട്ടൂലോ..”

അടുക്കിവച്ചിരിക്കുന്ന കോടിമുണ്ടുകളുടെയും ഒന്നരമുണ്ടുകളുടെയുംകൂടെ ഉണ്ണിമോളുടെ പട്ടുപാവാടയും അമ്മയുടെ കൈതോല മണക്കുന്ന മരപ്പെട്ടിയിൽ സ്ഥാനം പിടിച്ചു.

സങ്കടം, പ്രതിഷേധം ഒക്കെത്തോന്നി. ‘ന്നാലും ഒന്നൂടെ തൊടാൻ.. പോട്ടെ, നാളെ കിട്ടൂലോ.. അതിനു നാളെയാവണ്ടേ?’

ഉണ്ണിമോളുടെ കണ്ണുകളിൽ ചെറിയ ഒരു മോഹഭംഗത്തിന്റെ വലിയ തിരകൾ..

“കിഴക്കേ മിറ്റത്തു ചാമി മാതേവരെ ഉരുട്ടുണ്‌ണ്ട്‌. ഉണ്ണിമോള് ഏട്ടന്റെ കൂടെച്ചെന്ന് കണ്ടോളൂ.. ഉടുപ്പില് ചെളി ആക്കല്ലേ ട്ടോ..”

ചാമി തിരക്കിട്ട പണിയിലാണ്. ചുവന്നമണ്ണ് കല്ലുകളഞ്ഞ്, വെള്ളം പാകത്തിനുകൂട്ടി വലിയ ഉരുളകളാക്കി വയ്ക്കുന്നതാണ് ഒന്നാംഘട്ടം.. അടുത്തുവച്ച പ്ലാസ്റ്റിക്ബക്കറ്റിൽനിന്ന് വെള്ളം കോരിയൊഴിക്കാൻ ഏട്ടൻ സഹായിക്കുന്നുണ്ട്.

“ഞാനും ഒഴിച്ചോട്ടെ ചാമ്മ്യേ..”

“വേണ്ടാ കുഞ്ഞമ്പരാട്ടീ. വെള്ളം കൂടിയാലേ മണ്ണ് കുഴഞ്ഞുപോകും. ഉരുട്ടിയെടുക്കാൻ പറ്റില്ല..”

മാവേലിയെ വയ്ക്കാനുള്ള പീഠം ചൂണ്ടി അയാൾ പറഞ്ഞു,

“ദേ, കുഞ്മ്പ്രാട്ടി അവിടെയിരുന്നു കണ്ടാൽമതി. ഉടുപ്പില് ചെളിയാവണ്ട. വല്യമ്പ്രാട്ടി ചീത്ത പറയും..”

‘ഇതെന്താ ന്റെ ഉടുപ്പിന് മാത്രം ഇത്ര പ്രത്യേകത? ഇബരുടെയൊക്കെ മുണ്ടില് ചെളിയില്ലേ? ഏട്ടന്റെ നിക്കറിലുണ്ട് പറ്റിപ്പിടിച്ച മണ്ണ്. ദേഷ്യം കാണിക്കേണ്ട.. ആരേം ഇപ്പോ പിണക്കേണ്ട. കൈതപ്പൂമണമുള്ള കസവുനൂലിട്ട മഞ്ഞ പാട്ടുപാവാട..’

മണ്ണുരുളകൾ തയ്യാറായിക്കഴിഞ്ഞു. പരന്ന മരപ്പലകയിൽവച്ച് അതിനെ നീട്ടി കൊട്ടുവടി കൊണ്ടടിച്ചു രൂപപ്പെടുത്തുന്ന തിരക്കിലാണ് ചാമി.

“ഇതെന്താമ്മേ നമ്മള് ഇങ്ങനെ? ബാലന്റെ വീട്ടിലൊക്കെ ഇന്ന് പൂവിട്ടു തുടങ്ങുന്നേ ഉള്ളൂലോ..” എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ.

“അതങ്ങന്യാ ഉണ്ണിമോളേ .. പണ്ടുള്ളോരു പറഞ്ഞുവച്ചതല്ലേ? നമുക്ക് മാറ്റാൻ പറ്റുമോ?”

അമ്മ മാറ്റങ്ങളെ എന്നും ഭയപ്പെട്ടിരുന്നു. ദോഷം വരുമോ എന്ന ശങ്ക..

ചാമിയുടെ മാവേലിപ്പണി കഴിഞ്ഞു. ഉമ്മറത്തെ അരികുതിണ്ണയിൽ അവരെ ഓരോരുത്തരെയായി എടുത്തുവയ്ക്കുകയാണ് ഇപ്പോൾ. ഉത്രാടത്തിന് ചാമിയും ഭാര്യ കാളിയുംകൂടി ഉത്രാടപ്പാട്ടു പാടാൻപോവും. രാത്രി മുഴുവൻ നാട്ടിലെ വീടായ വീടു മുഴുവൻ അവർ പാട്ടുമായി കയറിയിറങ്ങും. ഉണ്ണിമോളുടെ വാര്യേത്തുമാത്രം വരില്ല. അമ്പലത്തിന്റെ തൊട്ടായതുകൊണ്ടാണത്രേ.. തൊട്ടുകൂടാൻ പാടില്ലാത്തോർക്ക് അമ്പലംതീണ്ടാൻ പാടില്ലല്ലോ.

“അപ്പോ അവര് പറമ്പ് കിളക്കാൻ വരണതോ? മാവേലിയെ ഉണ്ടാക്കാൻ വരണതോ?”

അതുണ്ണിമോളേ,അന്നത്തെക്കാലത്ത് നമ്മടെ പിറകിലെ തൊടിയിലെ വെള്ളരിമാവില്ലേ? അതിൽ ചാരിവെച്ച ഏണിയിലൂടെയാണ് അവർ വേലിക്കിപ്പുറത്തേക്കു കടന്നിരുന്നത്. പടി കടന്നല്ല.. കിളയും മാവേലിയുണ്ടാക്കലുമൊക്കെ പകലല്ലേ? രാത്രി എങ്ങനെ ഏണി കടന്നുവരും? ഇരുട്ടത്ത്? അതാണ് വാരിയത്ത്‌ ഉത്രാടപ്പാട്ട് ഇല്ലാതെപോയത്.”

കുഞ്ഞുമനസ്സിൽ പ്രതിഷേധം അലതല്ലി.
ഇപ്പോ അവരൊക്കെ അമ്പലത്തിൽ വരുന്നില്ലേ? പിന്നെന്താ പാട്ടുപാടാൻ വന്നാൽ?

“വാശി പിടിക്കല്ലേ ഉണ്ണിമോളേ .. പുത്യേത് ഒന്നും ഞാനായിട്ടു തൊടങ്ങ്‌ണില്ല്യാ. എല്ലാം വരുമ്പോലെ വരട്ടെ! ഇപ്പോ പാട്ടു കേൾക്കണം. അത്രല്ലേള്ളൂ .വഴിണ്ടാക്കാം. ബാലന്റെ വീട്ടിൽ ഏട്ടന്റെകൂടെ പൊയ്ക്കോളൂ ,കേൾക്കാൻ.. ഉറങ്ങരുത്ട്ടോ.”

അമ്മ വാത്സല്ല്യത്തോടെ ഉണ്ണിമോളുടെ മുടിയിഴകളിൽ തഴുകി.

ഉത്രാടംനാളിലാണ് നിറപുത്തരി. ക്ഷേത്രത്തിൽനിന്നും നിവേദിച്ച നെൽക്കതിര് നാക്കിലയിൽപൊതിഞ്ഞ്, “നിറ നിറ, പൊലി പൊലി, പത്തായംനിറ, ഇല്ലംനിറ, വല്ലംനിറ..” എന്ന വായ്ത്താരിയോടെ കൊണ്ടുവരുന്ന നെൽക്കതിരിൽനിന്നു ഒന്നുരണ്ടുമണി അടുപ്പിൽ തിളച്ചുമറിയുന്ന പാൽപ്പായസത്തിൽ തൊലിച്ചിടണം,
പുത്തരിപ്പായസമാവാൻ.പുത്തരിപ്പായസത്തിൽ പഞ്ചസാരയ്ക്കു പകരം ശർക്കരയാണ് ചേർത്തിരുന്നത്

ഭംഗിയിൽ മെടഞ്ഞുകെട്ടിയ കതിർക്കുല ദേവന് കാഴ്ചവയ്ക്കുന്നത് ഉണ്ണിമോളുടെ കൈകൊണ്ടാവണം എന്ന് അമ്മക്ക് നിർബന്ധാ..

“തേവരേ, സന്തതിയും ഐശ്വര്യവും ണ്ടാവണേ.. വംശം നിലനിൽക്കണേ..” അമ്മയുടെ ചുണ്ടുകൾ പ്രാർത്ഥനാനിരതമാവുന്നതു കാണാം.

അവിട്ടം അമ്മായിയോണം ആണ്. വിവാഹിതർ ഭാര്യവീട്ടിൽ ഓണം കൊണ്ടാടാൻപോകുന്ന ദിവസം. അന്നേക്ക് പഴം നല്ല പാകമായിക്കഴിഞ്ഞിരിക്കും. തൊലിപ്പുറത്തു കറുത്തകുത്തുകൾ വീണിരിക്കും. അന്ന് പഴംപുളിശ്ശേരി നിർബന്ധം.. പഴം കേടായി കളയാതിരിക്കാനുള്ള ഉപായമാകാം ഇത്.

ഗിരിജാവാര്യർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments