Thursday, December 26, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

 

സ്നേഹ സന്ദേശം
💚💚💚💚💚💚

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“Whoever is happy will make others happy too.”

-Anne Frank

“സന്തോഷമുള്ളവൻ മറ്റുള്ളവരേയും സന്തോഷിപ്പിക്കും.”

ഈ വാക്കുകൾ ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങൾ അന്യമായ് പോയ ആൻ ഫ്രാങ്കിൻ്റേതാണ്.

ജർമ്മനിയിൽ നിന്നുമുള്ള ഒരു എഴുത്തുകാരിയായിരുന്ന ആൻ ഫ്രാങ്കിൻ്റെ ജീവിതരേഖയിലൂടെ കടന്നു പോകാതെ ആ വാക്കുകളുടെ പ്രസക്തി മനസ്സിലാക്കാനാവില്ല .

“എന്റെ ചിന്തകളും വികാരങ്ങളുമെല്ലാം എഴുതിവെക്കാമെന്നത് വലിയൊരാശ്വാസമാണ്; അല്ലായിരുന്നെങ്കിൽ ഞാൻ ശ്വാസം മുട്ടി മരിക്കുമായിരുന്നു.”

എന്ന് തന്റെ ഡയറിയിലെഴുതി വെച്ച ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ മരണശേഷം “ദ ഡയറി ഓഫ് എ യങ് ഗേൾ ” എന്ന പേരിൽ ലോക പ്രശസ്തമായ പുസ്തകമായി മാറി.
ഇന്നത്തെ ശുഭദിന ചിന്തകൾക്കൊപ്പം അല്പകാലം മാത്രം ഈ ഭൂമിയിൽ ജീവിച്ച് തൻ്റെ വേദനകൾ ആരുമറിയാതെ ഡയറിയിൽ കുറിച്ചു വെച്ച് ചുറ്റും സന്തോഷം പകർന്ന ആൻ ഫ്രാങ്കിനെ അടുത്തറിയുന്നതിനും കൂടിയാവട്ടെ..

ആൻ ഫ്രാങ്ക് (ജനനം 1929 മരണം 1945)
**********************************

1933-ൽ ആൻ ഫ്രാങ്കിന്റെ കുടുംബം ഹോളണ്ടിലേക്ക് കുടിയേറിപ്പാർത്തു. ജർമ്മൻ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോൾ യഹൂദരായിരുന്ന ആൻഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തിൽ അഭയം തേടി. 1944 ആഗസ്റ്റ് 4-ന് നാസി പോലീസ് ഒളിത്താവളത്തിൽ മിന്നൽ പരിശോധന നടത്തിയതോടെ ആനും കുടുംബവും കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലായി. നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവിൽ കഴിയുമ്പോൾ ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകൾ. 1947-ലാണ് ആൻ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിക്കുന്നത്. 1945 മാർച്ചിൽ, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടുമാസം മുൻപ് ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ കിടന്ന് ടൈഫസ് പിടിപെട്ട് മരിച്ചു.

യുദ്ധത്തിനുശേഷം ആംസ്റ്റർ‍ ഡാമിലേക്കു തിരികെ വന്നവരിൽ ഒരാളും, ആൻ ഫ്രാങ്കിന്റെ പിതാവുമായ ഓട്ടോ ഫ്രാങ്കിനാണ് ഈ കുറിപ്പുകൾ കിട്ടിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1947 ൽ ഇവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഡച്ചു ഭാഷയിലായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952 ൽ ” ദ ഡയറി ഓഫ് എ യങ് ഗേൾ ” എന്ന പേരിൽ പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധം രണ്ട് ആത്മകഥകളിലൂടെ ഇന്നും ജീവിക്കുന്നു. ജർമനിയിലെ സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്ലറുടെ മെയ്ൻ കാംഫും (എന്റെ പോരാട്ടം) ആൻ ഫ്രാങ്ക് എന്ന കൗമാരക്കാരിയുടെ ഡയറി ഓഫ് ആൻ ഫ്രാങ്കും. ഹിറ്റ്ലറുടെ ആത്മകഥയിൽ ഇല്ലാത്തതെല്ലാം ആനിന്റെ ഡയറിയിൽ ഉണ്ടായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു.

ഭക്ഷണവും വസ്ത്രവും മരുന്നുമായിരുന്നു കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഏറ്റവും പ്രധാന പ്രശ്നം. ‘സ്കാബീസ്’ എന്ന ത്വക് രോഗം പിടിപ്പെട്ട ആനിനേയും സഹോദരിയേയും രോഗബാധിതരാകുന്നവരെ പാർപ്പിക്കാനുള്ള ബർഗൻ ബെൽസൻ ക്യാമ്പിലേക്ക് മാറ്റി. അങ്ങനെ 1944 ഒക്ടോബർ 28-ന്‌ അമ്മയും മക്കളും വേർപിരിഞ്ഞു. 1945 ജനുവരി 6-ന്‌ മാതാവ് ഈഡിത്ത് ഫ്രാങ്ക് ലോകത്തോടു വിടപറഞ്ഞു. പട്ടിണിയായിരുന്നു മരണകാരണം.

അനാരോഗ്യകരമായ ചുറ്റുപാടുകളും തിക്കും തിരക്കും‍ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ കാരണമായി. ടൈഫസ് രോഗം പിടിപ്പെട്ട ആനും മാർഗോട്ടും ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. വൈകാതെ മാർഗോട്ടിനു രോഗം മൂർച്ഛിച്ചു. ഒരു ദിവസം ആൻ ഫ്രാങ്കിന്റെ ബർത്തിനു തൊട്ടുമുകളിൽ കിടക്കുകയായിരുന്ന മാർഗോട്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു. അവിടെ കിടന്നു തന്നെ പിടഞ്ഞു മരിക്കുകയും ചെയ്തു. സഹോദരിയുടെ മരണം കണ്മുന്നിൽ കണ്ടതോടെ ആൻ അതു വരെ കാത്തുസൂക്ഷിച്ച മന:സാന്നിദ്ധ്യവും ധൈര്യവുമെല്ലാം ചോർന്നു പോയി. അവൾ മാനസികമായി ആകെത്തകർന്നു. ഏതാനും ദിവസങ്ങൾക്കുശേഷം മാർച്ചു മാസത്തിലെ ആദ്യ ആഴ്ചയിൽ ആൻഫ്രാങ്ക് മരണമടഞ്ഞു. 1945 ഏപ്രിൽ 15-ന്‌ അമേരിക്കയുടേയും ബ്രിട്ടന്റേയും സഖ്യസേന ബർഗൻ ബെൽസൻ ക്യാമ്പ് സ്വതന്ത്രമാക്കപ്പെടുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു ഇരുവരുടേയും മരണം.

ആൻ ഫ്രാങ്കിനെപ്പറ്റി 1959-ൽ ഒരു സിനിമയും പുറത്തിറങ്ങി. “ദ ഡയറി ഓഫ് ആൻ ഫ്രാങ്ക്” എന്നായിരുന്നു സിനിമയുടെ പേര്.

ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ഒട്ടും തന്നെയില്ലാതെ ദുരിതത്തിലായിരുന്ന ആ ബാലിക
ഇത്രയേറെ പ്രതിസന്ധികളിലും താൻ സന്തോഷമായിരിക്കാൻ പരിശ്രമിച്ചു. അങ്ങനെയെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് സന്തോഷം പകരാൻ തനിക്കാവുകയുള്ളു എന്നും മനസ്സിലാക്കി. അതവൾ തൻ്റെ ഡയറിയിൽ കുറിച്ചു.

“Whoever is happy will make others happy too.”

പ്രയാസങ്ങളിലും പ്രതിസന്ധികളിലും കഴിയുമ്പോഴും മനസ്സ് തകർന്നപ്പോഴും കൂടെയുള്ളവർക്ക് ധൈര്യം പകരാൻ പ്രതീക്ഷയുടെ, ആശ്വാസത്തിൻ്റെ വാക്കുകൾ പറയാൻ, ഒപ്പം എല്ലാം ഈശ്വരനിൽ സമർപ്പിച്ച് സന്തോഷമായിരുന്ന് മറ്റുള്ളവർക്ക് സന്തോഷം പകരാൻ കഴിഞ്ഞ ആൻ ഫ്രാങ്ക്., പ്രയാസങ്ങളിലും സന്തോഷമായിരിക്കാൻ സ്വന്തം ജീവിതം കൊണ്ട് ലോകത്തെ പഠിപ്പിച്ചു.

ഏതവസ്ഥയിലും സമചിത്തത കൈവിടാതെ സന്തോഷമായിരിക്കാൻ ശ്രമിക്കുക എന്ന വലിയ സന്ദേശം നൽകി.

നമുക്കും വിഷമഘട്ടങ്ങളെ തരണം ചെയ്യാൻ ആൻ ഫ്രാങ്കിൻ്റെ കൊച്ചു ജീവിതവും വാക്കുകളും ശക്തി പകരട്ടെ..

എല്ലാ സൗഹൃദങ്ങൾക്കും
സ്നേഹപൂർവ്വം ശുഭദിനാശംസകൾ നേരുന്നു. 💚🙏

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments