ജാനാമി ധർമ്മം നചമേ പ്രവൃത്തി
ജാനാമ്യധർമ്മം നചമേ നിവൃത്തി
കേനോപി ദേവേന ഹൃദിസ്ഥിതേന
യഥാ നിയുക്തോസി തഥാ കരോമി.
അർത്ഥം
എനിക്ക് ധർമ്മം എന്തെന്നറിയാം.പക്ഷെ അതനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ല. അധർമ്മം എന്തെന്നും എനിക്കറിയാം.എന്നാൽ അതിൽ നിന്നും നിവൃത്തിയുണ്ടാകുന്നില്ല. എൻ്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന എതോ ഒരു ദേവൻ എങ്ങനെ നിയോഗിക്കുന്നുവോ അങ്ങനെ ഞാൻ ചെയ്യുന്നു.
കൗരവപിതാവായ ധൃതരാഷ്ട്രരുടെ നിലപാട് എത്ര ഭംഗിയായി വ്യാസമഹർഷി ഈ ശ്ലോകത്തിൽ വ്യക്തമാക്കുന്നു! ഇതേ അവസ്ഥ തന്നെയാണ് ദുര്യോധനനും ഉണ്ടായത്. ധർമ്മമെന്തെന്ന് അറിയാത്ത യാളായിരുന്നില്ല ധൃതരാഷ്ട്രർ. പക്ഷെ അദ്ദേഹത്തിന് അതു പ്രവർത്തികമാക്കാൻ കഴിയുന്നില്ല. ശ്രീകൃഷ്ണനെ മുൻനിർത്തി പാണ്ഡവരോട് സന്ധിചെയ്യുകയാണ് ഉചിതമെന്ന് മകനെ ധൃതരാഷ്ട്രർ ഉപദേശിച്ചതാണ്. പക്ഷെ താന്തോന്നിയായ ആ പുത്രൻ അത് ചെയ്യാൻ തയ്യാറായില്ല. എന്നിട്ടും മകനോടുള്ള വാത്സല്യം പുറത്തെന്നപോലെ അകത്തും അദ്ദേഹത്തെ അന്ധനാക്കി. സ്വാർത്ഥചിന്തയും ധർമ്മചിന്തയും മാറി മാറി പിടികൂടുന്ന ഒരു കഥാപാത്രമാണ് ദൃതരാഷ്ട്രർ. ആ രണ്ടിനുമിടയിൽക്കിടന്നു നട്ടം തിരിയുന്നയാൾ.
ധൃതരാഷ്ട്രരുടേതെന്നല്ല എക്കാലത്തേയും മനുഷ്യൻ്റെ ധർമ്മസങ്കടമാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ശരി ഏതെന്ന് ദൃഢബോധമുണ്ടായിട്ടും തെറ്റു ചെയ്യാൻ പ്രേരിതനാകുന്ന ബലഹീനനായ മനുഷ്യൻ. മനുഷ്യമനസ്സിൻ്റെ സൂക്ഷ്മതലത്തിൽ കാലത്തിൻ്റെ അതിരുകളില്ല.പുത്രസ്നേഹത്താൽ അന്ധരായിത്തീർന്ന് മക്കളുടെ ദുഷ്കൃത്യങ്ങൾക്കൊണ്ട് ദുരിതങ്ങളനുഭവിക്കുന്ന ദൃതരാഷ്ട്രന്മാരെ ഇന്നും സമൂഹത്തിൽ ധാരാളമായി കാണാൻ കഴിയും. മാതാപിതാക്കളുടെ ഉപദേശങ്ങൾക്കു വിധേയരാകാത്ത ധൂർത്തപുത്രന്മാരും ഈ സമൂഹത്തിൽ ധാരാളമാണ്. സ്നേഹം മൂലം മക്കൾക്കു വിരോധമായി ഒന്നും ചെയ്യാൻ ധൈര്യപ്പെടാതെ, അവരുടെ
ദുഷ്കൃത്യങ്ങളെയോർത്ത് ഉറക്കം വരാതെ, വിഷമിക്കുന്ന മാതാപിതാക്കളോട് ദൃതരാഷ്ട്രരെ നിമിത്തമാക്കിക്കൊണ്ട് വ്യാസ ഭഗവാൻ ഉപദേശിക്കുകയാണിവിടെ. മഹാഭാരതത്തിലുടനീളം മനുഷ്യജീവിതം ശാന്തമായും സമാധാനപൂർണ്ണമായും നയിക്കുവാൻ വേണ്ട ഉപദേശങ്ങൾ കാണാം. യതോധർമ്മ, സ്തതോജയ എന്നതാണ് മഹാഭാരതത്തിൻ്റെ മുദ്രാവാക്യം. അതിൻ്റെ അർത്ഥം എവിടെ ധർമ്മമുണ്ടോ അവിടെ വിജയമുണ്ട്. ഗാന്ധാരിയിലൂടെയും ഈ തത്ത്വം അവതരിപ്പിക്കുന്നുണ്ട്. അതായത് കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിൻ്റെ തലേദിവസം ദുര്യോധനൻ സ്വമാതാവിനോട് വിജയാംശംസ അർത്ഥിച്ചപ്പോൾ ആ അമ്മ പറഞ്ഞത് ധർമ്മമുള്ളിടത്തുമാത്രമേ വിജയമുണ്ടാകൂ എന്നാണ്.ദുര്യോധന മാതാവിൻ്റെ ഈ ധർമ്മാസക്തി മഹാഭാരതത്തിലെ ധർമ്മസങ്കല്പത്തിന് അദൃഷ്ടപൂർവ്വമായ പരാഗശോഭ കൈവരുത്തുന്നുണ്ട്. ഈ സന്ദേശം ഭീഷ്മദ്രോണാദികളും പലവട്ടം പ്രഖ്യാപിക്കുന്നുണ്ട്. അവർ സത്യസന്ധരായിരുന്നുവെങ്കിലും അസത്യം അംഗീകരിക്കേണ്ടി വന്നു. മനസ്സും ശരീരവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിവില്ലാത്ത മനുഷ്യൻ്റെ നിസ്സഹായാവസ്ഥയെയാണ് വേദവ്യാസൻ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ ധർമ്മാചരണവിഷയത്തിൽ മാനവരാശിക്ക് ആകമാനം തന്നെ മാർഗ്ഗദർശിയായി ഒരു ദീപസ്തംഭംപോലെ ഇന്നും പ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യജീവിതം നിലനിർത്തുന്നതുതന്നെ ധർമ്മമാണ്. അവനെ ആന്തര സത്യത്തോടടുപ്പിച്ച് അവൻ്റെ ജീവിതത്തെ ഈശ്വരോന്മുഖമാക്കിത്തീർക്കുന്നതും ധർമ്മമാണ്. എന്നാൽ ഇന്നു സമ്പത്തിൻ്റെയും ഉപഭോഗസംസ്ക്കാരത്തിൻ്റെയും ആധിക്യംമൂലം ഒരു വിഭാഗം ആൾക്കാരുടെ ധർമ്മവീക്ഷണം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. ജീവിതത്തിൽ മൂല്യങ്ങൾ ചോർന്നുപോകുന്നു. പണ്ട് പരിമിതമായ വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അത് ആവശ്യങ്ങൾക്ക് തികഞ്ഞിരുന്നു. അന്ന് പ്രാർത്ഥനയ്ക്കും സൗഹൃദസംഭാഷണങ്ങൾക്കും സമയം കണ്ടെത്തിയിരുന്നു. സംതൃപ്തിയും മന:ശാന്തിയും ലഭിച്ചിരുന്നു. മറ്റുള്ളവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും സന്തോഷമായിരുന്നു.എന്നാൽ ഇന്ന് ധനം സമ്പാദിക്കാനുള്ള വെമ്പലിൽ അയൽബന്ധങ്ങൾ നിലച്ചുപോയി. ധനം നൽകുന്ന സുഖങ്ങളിൽ മുഴുകിക്കഴിയുമ്പോഴും ഒരു നഷ്ടബോധം ബാക്കിയാകുന്നു.ഹൃദയത്തിൽ ഒരു ശൂന്യതാബോധം!
ക്രിസ്തുദേവൻ പറഞ്ഞിട്ടുള്ളതും ഇവിടെ പ്രസക്തമാണ്. മനുഷ്യ ജീവിതം സമ്പത്തുകൊണ്ടല്ല, ധാർമ്മികബോധം കൊണ്ടാണ് ധന്യമാകുന്നത്.
ധർമ്മം മരണത്തിലും വിട്ടുപിരിയാത്ത കൂട്ടുകാരനാണ്.അങ്ങനെയെങ്കിൽ ജീവിച്ചിരിക്കുമ്പോൾ അതിനോടു മൈത്രി പുലർത്തേണ്ടത് മനുഷ്യൻ്റെ കടമയല്ലേ?