Sunday, December 22, 2024
Homeസ്പെഷ്യൽശുഭചിന്ത - (95) പ്രകാശഗോപുരങ്ങൾ - (71) ' സ്വാർത്ഥത '

ശുഭചിന്ത – (95) പ്രകാശഗോപുരങ്ങൾ – (71) ‘ സ്വാർത്ഥത ‘

പി. എം.എൻ.നമ്പൂതിരി.

സ്വാർത്ഥത

ആവശ്യങ്ങളും ആഗ്രഹങ്ങളും എപ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കും. നാം ചെയ്യുന്ന പ്രവർത്തികളെല്ലാം നമുക്കു വേണ്ടി മാത്രമുള്ളതല്ല അത് മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടിയുള്ളതായിരിക്കണമെന്ന് നാം മനസ്സിലാക്കണം.എന്നാൽ ഈ ചിന്താഗതി ഇന്ന് മനുഷ്യരിൽ നിന്നും മറഞ്ഞുപോയിരിക്കുകയാണ്. എനിക്ക് ഗുണം കിട്ടാത്തതൊന്നും ഞാൻ ചെയ്യില്ല. റോഡിൽ അപകടത്തിൽപ്പെട്ടു രക്തം ചിന്തുന്ന മനുഷ്യരെ ഒളികണ്ണുകൊണ്ട് നോക്കി രക്ഷപ്പെടുന്നവരാണ് ഇന്ന് സമൂഹത്തിലധികപേരും. അവർ വിചാരിക്കുന്നത് ” തുടർന്നുണ്ടാകുന്ന പോലീസ്, കോടതി തുടങ്ങിയ പൊല്ലാപ്പുകളിൽ എന്തിനു വേണ്ടി തലയിടണം എന്നാണ് “. “എനിക്കെന്തു കൊടുക്കുവാൻ കഴിയും എന്നല്ല, എനിക്കെന്തു ലഭിക്കും എന്ന ചിന്താഗതിയാണ് ഏതു പ്രവർത്തിക്കും പിന്നിൽ നാം കാണുന്നത്. അത് നമ്മുടെ കച്ചവട മനസ്ഥിതി കൂടുന്നതുകൊണ്ടാണ്‌. കിട്ടാനുള്ളതു കണക്കുപറഞ്ഞു വാങ്ങാത്തവൻ വിഡ്ഢികളായി മുദ്രകുത്തപ്പെടുന്നു. ഭൗതികതയുടെ പാരമ്യതയാണിത്. ആദ്ധ്യാത്മികതയുടെ മലമുകളിൽനിന്നുത്ഭവിക്കുന്ന ആർദ്രസ്രോതസ്സുകൾ മാത്രമേ മറ്റുള്ളവരുടെ കണ്ണുനീരിൽ ലയിച്ചുചേരുകയുള്ളു.

ആഹാരം, നിദ്ര, മൈഥുനം ഇവ മാത്രമല്ല ജീവിതലക്ഷ്യം. നിസ്സാരമെന്നു കരുതപ്പെടുന്ന വസ്തുവിൽപ്പോലും വിപുലമായ ശക്തിസാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ടെന്നു പലരും ഓർക്കാറില്ല. എമേഴ്സൺ എന്ന പ്രസിദ്ധ ചിന്തകൻ പറഞ്ഞിട്ടുള്ളത് “ഓക്ക് മരത്തിൻ്റെ ഒരു വിത്തിൽ ആയിരം മരങ്ങളുടെ സൃഷ്ടിസാധ്യത ഉറങ്ങിക്കിടക്കുന്നു എന്നാണ്. “ആയിരം മൈൽ ദൈർഘ്യമുള്ള ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചുവട് വെച്ചിട്ടാണ് എന്ന് ലാവോസെ എന്ന ചൈനീസ് ശാസ്ത്രജ്ഞൻ പറഞ്ഞതും ഇതു തന്നെയാണ്.””മരിക്കും മുമ്പ് അന്യർക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തതന്നെ എത്ര ഉദാത്തം! മരുന്നിൻ്റെ ഫലമറിയാൻ സ്വശരീരത്തിൽ തന്നെ കുത്തിവച്ചു പരീക്ഷണം നടത്തി വിജയം വരിച്ച ശാസ്ത്രജ്ഞർ നമുക്കുണ്ടെന്ന് ഓർക്കുക. സ്വന്തം കണ്ടുപിടിത്തങ്ങളുടെ ദുരന്തഫലങ്ങൾ ഏറ്റുവാങ്ങി സ്വജീവിതംതന്നെ ഒടുക്കിയവരാണ് റേഡിയം കണ്ടു പിടിച്ച മാഡംക്യൂറിയും x-ray യുടെ ഉപജ്ഞാതാവായ വില്യം റോണ്ട് ജനും ( Rontgen). ഇന്നു നമ്മുടെ ജീവിതത്തെ സുഖകരമാക്കുന്ന പല കണ്ടുപിടിത്തങ്ങൾക്കും പിറകിൽ നിസ്വാർത്ഥ മനുഷ്യസ്നേഹം മാത്രം കൈമുതലാക്കി, സേവനം മാത്രം ലക്ഷ്യമാക്കി,പ്രവർത്തിച്ച മഹാമനീഷികൾ എത്രയെത്രയാണ്! സ്വന്തം ജീവിതം സാർത്ഥമാക്കുവാനുള്ള ഒരു ത്വര നമുക്ക് ഉണ്ടാകേണ്ടതാണ്. മരണം നമ്മേ നിഴൽപോലെ പിന്തുടരുന്നുണ്ടെന്ന കാര്യം നാം എപ്പോഴും ഓർക്കണം. ഒന്നു മനസ്സിലാക്കുക! നമ്മുടെ സൽക്കർമ്മങ്ങൾ നമ്മെ അനശ്വരരാക്കും. മനുഷ്യനുവേണ്ടി ജീവിച്ചുമരിച്ചവർ ഓർമ്മകളിൽ എന്നെന്നും ജീവിച്ചിരിക്കും. ഇന്നലെയുടെ ശവപ്പറമ്പിൽ കുന്നുകൂടിക്കിടക്കുന്ന ജീവിതപരാജയങ്ങളാകുന്ന ജീർണ്ണിച്ച അസ്ഥികൂടങ്ങളിൽ കണ്ണുനട്ടിരിക്കാതെയും നിശ്ചയമില്ലാത്ത നാളെയുടെ ഊടുവഴിയിലൂടെ തട്ടിമുട്ടി നടന്നു കാലു കുഴയാതെയും ദൈവം നമുക്കു തന്നിട്ടുള്ള ” ഇന്ന് “അങ്ങേയറ്റം പ്രയോജനപ്പെടുത്തുക മാത്രമേ മനുഷ്യനു കരണീയമായിട്ടുള്ളൂ. ഇന്നു ജീവിക്കുവാനുള്ള ശക്തിയും വെളിച്ചവും മാത്രമേ നമുക്കാവശ്യമുള്ളൂ. നമ്മുടെ കടമകളും കർത്തവ്യങ്ങളും ആത്മാർപ്പണത്തോടെ ചെയ്യുന്നതുകൊണ്ട് നമ്മുടെ ജീവിതം അടുത്ത ജന്മത്തിൽക്കൂടി നന്മ നിറഞ്ഞതാവും. സ്വാർത്ഥിയായ ഒരാൾക്കാവട്ടെ ഈ ജന്മത്തിലും സുഖം ലഭിക്കുകയില്ല. ലാളിത്യവും ആത്മാർത്ഥതയുമാവട്ടെ നമ്മുടെ മുഖമുദ്ര. കനകവും കാമിനിയും അധികാരവും പ്രശസ്തിയും ലക്ഷ്യമാക്കിയുള്ള ജീവിതം സന്തോഷമോ ശാന്തിയോ തരുകയില്ല. ആഹാരം പോലും വെടിഞ്ഞ് ഇരുളടഞ്ഞ തടവറകളിൽ ധ്യാനനിരതരായി ഏറെനാൾ കഴിച്ചുകൂട്ടുന്ന ചിത്രശലഭങ്ങളാണ് പിന്നീട് വർണ്ണശബളമായ പൂഞ്ചിറകുകൾ ധരിച്ച് മണ്ണിൽ നിന്നും വിണ്ണിലേക്കു പറന്നുയരുന്നത്.

ധനം നൽകുന്ന സന്തോഷത്തെക്കാളും ആനന്ദവും സംതൃപ്തിയും നൽകുന്നതാണ് സേവനത്തിൻ്റെയും ആതുരശുശ്രൂഷയുടെയും പാത. ഉദ്ദേശം നല്ലതാണെങ്കിൽ, ലക്ഷ്യം സമൂഹനന്മയാണെങ്കിൽ, ധനം തനേ വന്നുകൊള്ളും. ഈശ്വരകൃപയും ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാരതം പണ്ടേ പേരുകേട്ടതാണല്ലോ. ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ ഏയ്തുവിഴ്ത്തിയ വനവേടനെ നോക്കി “മാനിഷാദാ ” എന്നു പാടിയതു മുതൽ “പരോപകാരമേ പുണ്യം, പാപമേ പരപീഡനം” എന്ന പുരാണങ്ങളിലെ മഹത്തായ ആശയങ്ങൾവരെ ഭാരതത്തിൻ്റേതായിട്ടുണ്ട്. നമ്മുടെയുള്ളിലുള്ള സ്നേഹം, കാരുണ്യം എന്നീ സൽഗുണങ്ങൾ സമൂഹത്തിൽ വിതറുക. കൈകളിൽ കാരുണ്യവും മനസ്സിൽ ആർദ്രതതയും സ്നേഹവും ഉള്ളവർ സമൂഹത്തിൻ്റെ ഏറ്റവും വലിയ നിധിയാകുന്നു. ആധിയും വ്യാധിയും പെരുകിവരുന്ന ഈ ആധുനികയുഗത്തിൽ ഈ സമ്പത്താണ് അമൂല്യമായിട്ടുള്ളത്. “ഒന്നു മനസ്സിലാക്കുക! മനുഷ്യൻ ജീവിക്കുന്ന ദൈവമാണ്. അവനെ സ്നേഹിക്കുന്നതിൽ കവിഞ്ഞ ഈശ്വരപൂജ വേറെയില്ല.” സ്നേഹത്തിൻ്റെ പൂമഴ ഇന്നു വിദ്വേഷത്തിൻ്റെ തീമഴയായി മാറിക്കൊണ്ടിരിക്കുകയാണ്. കണ്ണുനീരും വേദനയും ജീവിതത്തിൻ്റെ ഭാഗമാകുമ്പോൾ അവിടെ സാന്ത്വനമാവുന്നത് സ്നേഹഭാവനയാണ് – നിസ്വാർത്ഥ സ്നേഹം മാത്രം. സുഖാനുഭവങ്ങൾ നാം ഭുജിക്കുന്നു എന്ന് നാം കരുതുന്നു.പക്ഷെ സുഖാനുഭവങ്ങൾ നമ്മെ ഭുജിക്കുകയാണെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുന്നില്ല.

ഒരു സന്ന്യാസി ശിഷ്യരോടൊപ്പം നടന്നു വരുകയായിരുന്നു. എതിരെ ഒരാൾ ഒരു പശുവിനെ കയറിൽ പിടിച്ചുകൊണ്ടുവരുന്നു. ഗുരു ചോദിച്ചു: “ഇതിൽ ആര് ആരെ കെട്ടിയിരിക്കുന്നു.? ശിഷ്യർ ഒന്നടങ്കം പറഞ്ഞു “സംശയമെന്താ? പശു അയാളുടെ ബന്ധനത്തിലാണ്.”” അപ്പോൾ ഗുരു അയാളിൽ നിന്നും കയർ വാങ്ങി പിടിവിടുവിച്ചു. പശു ഓടി. സന്ന്യാസിയെ ചീത്തപറഞ്ഞുകൊണ്ട് അയാൾ പിറകേയും ഓടി. നോക്കൂ! ഇപ്പോൾ പശു അയാളെ ബന്ധിച്ചിരിക്കുകയല്ലേ? സന്ന്യാസി ചോദിച്ചു. ഇതിൽ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത് ബന്ധനം മനസ്സിലാണ്. ശരീരബന്ധത്തേക്കാൾ വലുതാണ് “എൻ്റേത് “എന്ന ശക്തമായ കെട്ട് “

പൂക്കൾക്കു മണവും മാധുര്യമുള്ള തേനും അവയ്ക്കുള്ളിൽ നിന്നു തന്നെ ലഭിക്കുന്നു. എന്നാൽ മനുഷ്യന് സുഗന്ധലേപനങ്ങൾ പൂശിയാലേ മണം ലഭിക്കൂ എന്ന അവസ്ഥയാണ്. മറ്റുള്ളവർക്ക് ആശ്വാസം പകരുന്ന പ്രവർത്തികളിലൂടെയും വാക്കുകളിലൂടെയും പുഞ്ചിരിയിലൂടെയും സുഗന്ധവാഹകരാകാൻ നമുക്ക് കഴിയട്ടെ.

പി. എം.എൻ.നമ്പൂതിരി ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments