Friday, January 10, 2025
Homeസ്പെഷ്യൽശുഭചിന്ത - (92) പ്രകാശഗോപുരങ്ങൾ - (68) ആറു ശത്രുക്കൾ ✍പി.എം.എൻ. നമ്പൂതിരി

ശുഭചിന്ത – (92) പ്രകാശഗോപുരങ്ങൾ – (68) ആറു ശത്രുക്കൾ ✍പി.എം.എൻ. നമ്പൂതിരി

പി. എം.എൻ.നമ്പൂതിരി

അത്താഴമൂണിനുശേഷം ഉറങ്ങാൻ ഭാവിച്ചപ്പോൾ മുറിയിൽ ഒരു മൂർക്കൻ. വടിയുമായി വന്നപ്പോൾ കാണുന്നില്ല. ഉറങ്ങാൻ പറ്റുമോ എന്നറിയില്ല. സ്ഥൂലമായ പാമ്പിനേക്കാൾ സർവ്വനാശം ചെയ്യുന്നതാണ് മനസ്സിലെ മൂർക്കൻ. പാമ്പുവിഷത്തിൻ്റെ തിന്മകൾ ചികിത്സിച്ചു മാറ്റാം. അല്ലെങ്കിൽ ശരീരത്തോടൊപ്പം അവ തീരും. എന്നാൽ മനസ്സിലെ വിഷമോ? മനസ്സിൽ ഷഡ്രിരിപുക്കൾ- ആറു ശത്രുക്കൾ- വാസമുറപ്പിച്ചിട്ടുണ്ട്. അവ ഉദ്പാദിപ്പിക്കുന്ന കൊടും വിഷങ്ങൾ നമ്മെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടേയിരിക്കും. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണ് ഈ അറു ശത്രുക്കൾ.

ഇവയിലെ ഒന്നാമത്തെ ” കാമം “പ്രധാനമായും വിഷയാസക്തിയാണ്. പൊതുവേ എല്ലാ ആഗ്രഹങ്ങളും ഇതിൽപ്പെടാമെങ്കിലും സ്ത്രീയോടുള്ള അഭിനിവേശമാണ് ഉദ്ദേശിക്കപ്പെടുന്നത്. ഈ വിഷബാധയേറ്റു മരിച്ചവരും നശിച്ചവരുമായ പലരുടേയും ചിരിത്രങ്ങൾ പുരാണത്തിലും ഉണ്ട്. ഈ ശത്രുവിന് അധീനനായിട്ടാണ് പാണ്ഡവരുടെ പിതാവായ പാണ്ഡു മരിച്ചിരിക്കുന്നത്. ചന്ദ്രവംശത്തിലെ സുപ്രസിദ്ധനായ യയാതി മഹാരാജാവ് സ്വപുത്രനായ പുരുവിൽനിന്നും യൗവ്വനം കടം വാങ്ങി ദേവയാനിയോടൊപ്പം വിഷയസുഖമനുഭവിച്ചു. അനേക വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിനു മനസ്സിലായി അനുഭവിക്കുന്നതിലൂടെ കാമസുഖം കുറയുകയല്ല, പ്രത്യുത വർദ്ധിക്കുകയേയുള്ളുവെന്ന്.

ന ജാതു കാമ: കാമാനാ
മുപഭോഗേന ശമ്യതി

അഗ്നിയെ നെയ്യൊഴിച്ചു കെടുത്താൻ ശ്രമിക്കുന്നതുപോലെയാണിത്. വിശ്വാമിത്രമഹർഷിയുടെ തപസ്സ് നശിപ്പിച്ചത് മേനക എന്ന സുരസുന്ദരിയായിരുന്നു.

കോപമാണ് രണ്ടാമത്തെ പ്രധാന ശത്രു. ഈ വിഷബാധയേറ്റ് ദുർവ്വാസാവ് പരമഭക്തനായ അംബരീഷ മഹാരാജാവിനെ അകാരണമായി ശപിച്ചു. ഫലമോ? ത്രിമൂർത്തികളെ ശരണം പ്രാപിച്ചിട്ടും രക്ഷകിട്ടാതെ ഒടുവിൽ അംബരിഷനെത്തന്നെ ശരണം പ്രാപിച്ച കഥ ഭാഗവതത്തിലുണ്ട്. ക്രോധാവേശത്താൽ നടത്തുന്ന ചില ജല്പനങ്ങൾകൊണ്ട് മന്ത്രിസ്ഥാനവും ഉന്നതപദവികളും നഷ്ടപ്പെട്ടവർ നിരവധിയാണ്. കടുത്ത കോപം വരുമ്പോഴും മനസ്സിനെ അടക്കി – ക്ഷമിക്കുവാൻ കഴിവുള്ളവനാണ് ഏറ്റവും വലിയ ബലവാൻ എന്ന് നബിയും പറഞ്ഞിട്ടുണ്ട്. സാധാരണയായി കോപം കൂടിയവരുടെ ബി.പി കൂടുതലായി കാണുന്നു. അത് സ്വയം നാശത്തിലേയ്ക്കു നയിക്കുന്നു. പ്രകോപനമുണ്ടാകുമ്പോൾ, പ്രതിസന്ധികളെ നേരിടുമ്പോൾ, മനോബലം തരണേ എന്ന് പ്രാർത്ഥിക്കുക. ഈശ്വരൻ എപ്പോഴും ക്ഷമാശീലരുടെ കൂടെയാണെന്ന് ഓർക്കുക.

“മൂന്നാമത്തേത് ലോഭം “ ആശ, അത്യാഗ്രഹം എന്നൊക്കെ ഇതിനെ പറയാം. അന്യൻ്റെ മുതൽ ആഗ്രഹിക്കുന്നവന്, ആശകൾക്ക് അതിർവരമ്പു വെയ്ക്കാത്തവന്, നഷ്ടപ്പെടുന്നത് മനഃസമാധാനമാണ്. പണവും പദവിയും ഏറുമ്പോൾ കൂടുതൽ നേടാനുള്ള ആർത്തികൂടും. അതും ഏറെക്കുറെ കാമത്തെപ്പോലെ തന്നെയാണ്. ഓരോ ആഗ്രഹങ്ങൾ നിറവേറുമ്പോഴും നാനാഭാഗത്തുനിന്നും വേറെവേറെ പുതിയ ആഗ്രഹങ്ങൾ മനസ്സിൽ നാമ്പിടുകയായി. എന്തു കിട്ടിയാലും എത്രകിട്ടിയാലും മതിയാകാതെ സമ്പാദിച്ചുകൂട്ടുന്നത് മനുഷ്യർ മാത്രമാണ്. മറ്റു ജീവികളുടെ ആഗ്രഹങ്ങൾ ആഹാര, മൈഥുന, നിദ്രകളിൽ ഒതുങ്ങുന്നു. ഭാരതത്തിലെ പൂർവ്വികരായ ഋഷീശ്വരന്മാർ സമ്പന്നരായിരുന്നോ? പർണ്ണശാലകളിൽ ഉറങ്ങി, നദീജലം കുടിച്ച് ജീവിച്ചു. എന്നിട്ടും അവർക്ക് പരിപൂർണ്ണ ശാന്തി ലഭിച്ചിരുന്നു. എന്നാൽ ഇന്നത്തെ പരിഷ്ക്കരെന്ന് അഭിമാനിക്കുന്ന മനുഷ്യൻ പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി എന്തെല്ലാം ക്രൂരതകളാണ് ചെയ്തു കൂട്ടുന്നത്!!

“അടുത്തത് മോഹം “ നാം സാധാരണ കല്പിക്കുന്ന ആഗ്രഹം എന്ന അർത്ഥമല്ല ഇതിനുള്ളത്. ധർമ്മം എന്താണെന്ന് അറിയാമായിട്ടും അധർമ്മം ചെയ്യുന്നവർ. അധർമ്മമാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കാൻ കഴിയാത്തവർ ഒക്കെ മോഹത്തിൻ്റെ പിടിയിൽപ്പെട്ടവരാണ്. കൗരവ ശ്രേഷ്ഠനായ ദുര്യോധനൻ ഇതിന് ഉത്തമ ഉദാഹാരണമാണ്.

ജാനാമി ധർമ്മം ന ചമേ പ്രവൃത്തിം .

ധർമ്മമെന്തെന്നറിയാം പക്ഷെ ചെയ്യാനാവുന്നില്ല. അധർമ്മമെന്തെന്നും എനിക്കറിയാം ചെയ്യാതിരിക്കാനും കഴിയുന്നില്ല. ഹിരണ്യകശിപുവും രാവണനും ഒക്കെ ഈ ധർമ്മസങ്കടത്തിൽ പെട്ടവരാണ്. മോഹത്തിന് മമത എന്നും അർത്ഥമുണ്ട്. ഞാനെന്നും എൻ്റെതെന്നുമുള്ള തോന്നലാണ് സർവ്വ ദു:ഖങ്ങൾക്കും നിദാനം എന്നും നമക്ക് അറിയാം. ഈ മോഹവലയത്തിൽപ്പെട്ട അർജ്ജുനനെ കർമ്മനിരതനാക്കാനാണല്ലോ ഭഗവാൻ കൃഷ്ണൻ ഗീത ഉപദേശിച്ചത്.

അഞ്ചാമത്തെ ശത്രു “മദമാണ് “ ഞാനെന്ന ഭാവം – അഹങ്കാരം. അനുയായികളാൽ വളയപ്പെട്ട് നെഞ്ചുവിരിച്ച് നടക്കുന്ന നേതാവിനെ നോക്കൂ. താനാണ് ഈ പ്രപഞ്ചം നിയന്ത്രിക്കുന്നതെന്ന ഭാവമല്ലേ മുഖത്ത് കാണുക! ഉത്തരം ചുമക്കുന്ന പല്ലികളുടെ മനോഭാവം! മേഘത്തോട് ഉരസിനിൽക്കുന്നതിൽ അഹങ്കരിച്ച് ദേവദാരുമരത്തോട്, നിലം പതിഞ്ഞുകിടക്കുന്ന കുറ്റിച്ചെടി പറയുകയാണ് “അഹങ്കരിക്കല്ലേ ദേവദാരുചേട്ടാ നാളെ മരം വെട്ടുകാർ വരുന്നുണ്ട് അവർ ചേട്ടനെ മുറിച്ച് താഴെയിടും. അപ്പോൾ അങ്ങ് വിചാരിക്കും” കുറ്റിക്കാട്ടിലെ ഒരു ചെടിയായിരുന്നാൽ മതിയായിരുന്നു എന്ന്. മായാവലയത്തിൽപ്പെട്ട ആധുനികമനുഷ്യന് ഈ സന്ദേശം നൽകുന്ന വിവേകം എത്ര വിലപ്പെട്ടതാണ്.

“മത്സരമാണ് “ ആറാമത്തേത്. അന്യൻ്റെ സമ്പത്തിൽ, ഉയർച്ചയിൽ സഹിക്കാൻ കഴിയായ്ക, അല്ലെങ്കിൽ അസൂയയും അതുകൊണ്ടുണ്ടാകുന്ന വിദ്വേഷവുമാണ് മത്സരബുദ്ധി. പാണ്ഡവരുടെ ജനപ്രീതി, യുദ്ധവീര്യം, ഐശ്വര്യം ഇതൊന്നും തന്നെ ദുര്യോധനനു സഹിക്കാനാൻ കഴിഞ്ഞിരുന്നില്ല. ഈ മത്സരബുദ്ധി തന്നെയാണ് മഹാഭാരത യുദ്ധത്തിൻ്റെ മൂലകാരണവും.

ഇന്നു നാം മാത്സര്യബുദ്ധി പിഞ്ചുമനസ്സുകളിൽപോലും കുത്തിവെയ്ക്കുന്നു. പരീക്ഷയ്ക്ക്, യൂത്ത്ഫെസ്റ്റിവലിന് ഒക്കെ ഒന്നാം റാങ്ക് ലഭിക്കാൻ മാതാപിതാക്കൾ എന്തിനും തയ്യാറാവുന്ന കാലം. സതീർത്ഥ്യനെ ശത്രുവായിക്കാണുവാൻ ഈ ബോധം പ്രേരിപ്പിക്കുന്നു. പ്രൊഫഷണൽ ജലസി വേറേയും. ഹൃദയം ചുരുങ്ങി ചെറുതായ ഈ ബുദ്ധിശാലികൾക്ക് സമൂഹത്തോടുതന്നെ വിദ്വേഷം വളരുന്നു

ഈ ആറു ശത്രുക്കളെയും മനസ്സിൽ കടക്കാനനുവദിക്കാതിരിക്കുക. ഹ്രസ്വമായ ആയുസ്സ് സമൂഹനന്മയ്ക്കായി വിനിയോഗികക. ജഗദീശ്വരൻ കനിഞ്ഞുതന്ന ഈ മനുഷ്യജന്മം നമുക്കും മറ്റുള്ളവർക്കും പ്രയോജനകരമായിത്തീരണേ എന്നു പ്രാർത്ഥിക്കുക.

പി. എം.എൻ.നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments