2016ൽ ദുബായിൽ നിന്നും കുവൈറ്റിൽ വരുമ്പോൾ ഒരു പാട് ആശങ്കകൾ നിറഞ്ഞിരുന്നു മനസ്സിൽ. ദുബായിൽ വെച്ച് പലരിൽ നിന്നും കേട്ടറിഞ്ഞ കുവൈറ്റ് കഥകൾ അത്ര സുഖകരമായിരുന്നില്ല. അന്ന് രണ്ട് അവസരങ്ങൾ ആയിരുന്നു മുന്നിൽ ഒന്ന് മസ്കറ്റിൽ മറ്റൊന്ന് കുവൈറ്റിൽ.
കുവൈറ്റ് ഒരു പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം അല്ലാത്തതിനാൽ അവിടെയ്ക്ക് ഒരു കാഴ്ച കാണാനായുള്ള ട്രിപ്പ് ഉണ്ടാവുകയില്ല. അത് കൊണ്ട് തന്നെ അവിടെയ്ക്ക് ബാബുവിന്റെ ജോലി ശരിയാവണേ എന്നായിരുന്നു എന്റെ ഉള്ളിലെ പ്രാർത്ഥന.
കുവൈറ്റിലാണ് ജോലി ശരിയായത് എന്നറിഞ്ഞ പലരും നെറ്റി ചുളിച്ചു സഹതപിച്ചവരും ഉണ്ടായിരുന്നു അതിൽ. ഏകദേശം 16 വർഷത്തോളം ജീവിതം ഒരു പോരാട്ടം തന്നെയായി ജീവിച്ചവർക്ക് അതൊന്നും അത്ര പ്രശ്നം ആയിരുന്നില്ല. തീരെ പറ്റിയില്ലെങ്കിൽ 2 വർഷത്തിന് ശേഷം തിരിച്ച് വരാം. അല്ലെങ്കിൽ 5 വർഷം നിൽക്കാം എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ എല്ലാ ആശങ്കകളും കാറ്റിൽ പറത്തി ഞാൻ കുവൈറ്റിനെ ഇഷ്ടപ്പെട്ടു. ബാബുവിനും മക്കൾക്കും എന്റെ അത്ര ഇല്ലെങ്കിലും അവർക്കും ഇവിടം ഇഷ്ടം.
ഞങ്ങൾ ഇവിടെ ഇഷ്ടപ്പെടാൻ കാരണങ്ങളിൽ ഒന്നാണ് ഞങ്ങളുടെ ഇടവകയായ സാൽമിയ പള്ളി.
നാട്ടിലെ പള്ളിയെ പോലെയോ അതിലേറെയോ നമ്മളെ കെയർ ചെയ്യുന്ന ഒരിടം. പ്രത്യേകിച്ച് മലയാളികളെ നയിക്കുന്ന ജോൺസൺ നെടുമ്പുറത്തച്ഛൻ.
എല്ലാവർക്കും സൗമ്യമായ ഒരു പുഞ്ചിരി നൽകും കുട്ടികളെ മിട്ടായി കൊടുത്ത് കയ്യിലെടുക്കും കുടുംബങ്ങളെ ചേർത്ത് പിടിയ്ക്കും. സ്വയം ഡോമിനേറ്റ് ചെയ്യാതെ മറ്റുള്ളവരെ ലീഡ് ചെയ്യാൻ എല്ലാവർക്കും കഴിയില്ല. എന്നാൽ ജോൺസൺ അച്ചന് അത് കഴിഞ്ഞിട്ടുണ്ട്. ഒൻപതു വർഷം ഒരു ഇടവകയിൽ തുടരുക നിസ്സാര കാര്യമല്ല.
Maranatha എന്ന പള്ളിയോട് ചേർന്നുള്ള സ്പെഷ്യൽ സ്കൂൾ രക്ഷാധികാരി ആയിട്ടാണ് ഞാനും കുടുംബവും അച്ചനെ കൂടുതൽ അറിയുന്നത്. ഞങ്ങൾക്ക് എല്ലായ്‌പോഴും അച്ചന്റെ സ്നേഹവും കരുതലും ലഭിച്ചിരുന്നു. ഞങ്ങളുടെ ആത്മീയ ഗുരു ആയിരുന്ന അച്ചൻ കുവൈറ്റിൽ നിന്നും നാട്ടിൽ പോവുകയാണ് സത്യത്തിൽ ഞങ്ങൾക്ക് അതൊരു വിഷമം തന്നെയാണ്. എങ്കിൽ പോലും അനിവാര്യമായ ഈ യാത്രയിൽ അച്ചന് എല്ലാ ആശംസകളും നേരുന്നു അച്ചനോടൊപ്പം ജോർടാൻ, ഈജിപ്‌ത്, ഹോളി ലാൻഡ് എന്നിവിടങ്ങളിൽ യാത്ര ചെയ്യാൻ സാധിച്ചതും എന്റെ പുസ്തകത്തിൽ അച്ചൻ അനുഗ്രഹാശംസ എഴുതിയതും എല്ലാം ഭാഗ്യമായി കരുതുന്നു. ❤