Thursday, December 26, 2024
Homeസ്പെഷ്യൽപെസഹായുടെ അപ്പം മുറിക്കൽ ശുശ്രൂഷ (ഓർമ്മകുറിപ്പ്) സി. ഐ. ഇയ്യപ്പൻ, തൃശൂർ

പെസഹായുടെ അപ്പം മുറിക്കൽ ശുശ്രൂഷ (ഓർമ്മകുറിപ്പ്) സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശൂർ

ഞാനും കുടുംബവും അയ്യന്തോളിൽ താമസിക്കാൻ ഇടയായി. ആ അവസരത്തിലാണ് എന്റെ ഭാര്യയുടെ മൂത്തചേച്ചിയായ ലീലചേച്ചിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകാൻ ഇടവന്നത്. അവിടത്തെ ചേട്ടൻ പി. ഡി. വർഗീസ്, കൃഷിവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്ത ശേഷം വിശ്രമ ജീവിതം ആസ്വദിക്കുന്ന കാലമായിരുന്നു. ഞാൻ അവിടെ ചെന്നത് ഒരു പെസഹാവ്യാഴാഴ്ചയായിരുന്നു. അന്ന് lവൈകുന്നേരം ആയപ്പോൾ വർഗീസ് ചേട്ടന്റെ പെങ്ങന്മാരും, മക്കളും, ചേട്ടന്റെ മക്കളും വരുന്നത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരെയും ഊണ് മേശയുടെ അടുത്തേക്ക് വിളിപ്പിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളായിരുന്നു. ആ തറവാട്ടിലെ മൂത്ത കാരണവർ ആയിരുന്നു വർഗീസ് ചേട്ടൻ. മേശമേൽ ബൈബിൾ വെച്ചിട്ടുണ്ട്. ഒരു മെഴുകുതിരിയും കത്തിച്ചു വച്ചിട്ടുണ്ട്. രണ്ട് പാത്രങ്ങളിലായി എന്തോ മൂടിവച്ചിട്ടുണ്ട്. ചെറിയ പ്ലേറ്റുകളും, സ്പൂണുകളും മേശമേൽ ഉണ്ട്. കൂടെ കുറെ ആപ്പിളും പഴങ്ങളും ഉണ്ട്. എല്ലാവരും മേശക്ക് ചുറ്റും ഇരുന്നു. വർഗീസ് ചേട്ടൻ നടുവിലെ കസേരയിൽ വന്നിരുന്നു .കുരിശ് വരച്ച ശേഷം ബൈബിളിൽ ഒടുക്കത്തെ അത്താഴത്തെക്കുറിച്ച് എഴുതിയ ഭാഗം വായിച്ചു. അതിനുശേഷം മേശമേൽ മൂടിവെച്ച പാത്രങ്ങൾ തുറന്ന് അതിൽ നിന്ന് കറി കുറുക്കിയത് എടുത്ത് ഒരു ചെറിയ പ്ലേറ്റിൽ വിളമ്പി.ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോല, കുരിശ് ആകൃതിയിൽ വെച്ച അപ്പം എടുത്ത് മുറിച്ചു . ആ കഷണം കുറുക്കിയ കറിയിൽ മുക്കി വർഗീസ് ചേട്ടന്റെ പെങ്ങൾക്ക് കൊടുത്തു അതിനുശേഷം കറി കുറുക്കിയത് എല്ലാവരുടേയും പ്ലേറ്റിൽ വിളമ്പി അപ്പം മുറിച്ച് കറിയിൽ മുക്കി എല്ലാവരും ഭക്ഷിച്ചു.

ആദിമ ക്രിസ്ത്യാനികൾ ആചരിച്ചു പോന്ന ഒരു ചടങ്ങാണ് ഇതെന്ന് മനസ്സിലായപ്പോൾ ഇത് തൃശ്ശൂരിൽ നടപ്പിലാക്കാനുള്ള ആഗ്രഹം മനസ്സിൽ ഉദിച്ചു.

സാധാരണ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ കുറച്ചുനേരം എല്ലാവരും വട്ടം കൂടി ഇരുന്ന് സംസാരിക്കുന്ന പതിവുണ്ട്. എന്നാൽ അന്ന് ഉച്ചയ്ക്ക് ഊണ് കഴിച്ച ശേഷം ലീല ചേച്ചിയേയൊ, എന്റെ ഭാര്യ ഫിലോയെയൊ അവിടെ കണ്ടില്ല. വൈകുന്നേരത്തെ പരിപാടി കണ്ടപ്പോഴാണ് അവർ അടുക്കളയിൽ കറികുറുക്കുന്നതിന്റെയും , അപ്പം ഉണ്ടാക്കുന്നതിന്റെയും പൊരിഞ്ഞ പണി തിരക്കിലായിരുന്നുഎന്ന് മനസ്സിലാക്കിയത്.
പിന്നീട് വർഗീസ് ചേട്ടനോട് ചോദിച്ചപ്പോൾ ഈ ചടങ്ങ് മുണ്ടക്കയത്ത് ഇല്ല എന്നും ജോലിയുമായി പലയിടത്തും താമസിച്ചപ്പോൾ ഏതോ നാട്ടിൽ ആചരിച്ചുപോകുന്ന ചടങ്ങ് , താൻ ആചരിച്ചു പോരുന്നു എന്നേയുള്ളൂ എന്നും പറഞ്ഞു.

അയ്യന്തോൾ സെന്റ് മേരീസ് പള്ളി ഇടവകയിലെ ഓരോ പ്രദേശത്തും താമസിക്കുന്നവരെ ഓരോ കുടുംബ സമ്മേളന യൂണിറ്റുകളായി തിരിച്ചിട്ടുള്ളതിൽ, ഞാൻ താമസിച്ചിരുന്ന പ്രദേശത്തെ വീട്ടുകാരെ ഉൾപ്പെടുത്തി സ്ഥാപിച്ചിരുന്നത് ഹോളി ഫാമിലി കുടുംബ സമ്മേളന യൂണിറ്റായിരുന്നു. ആ യൂണിറ്റിന്റെ പ്രസിഡണ്ടായി സേവനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു.ഞാൻ വികാരിയച്ചന്റെ അനുവാദത്തോടെ ആദ്യം നടപ്പിലാക്കിയത്, ഞായറാഴ്ചകളിൽ ഉച്ചതിരിഞ്ഞ് നാലുമണിയോടെ കുരിശിന്റെ വഴി ആ പ്രദേശത്തെ കുറച്ചു വീടുകൾ തെരഞ്ഞെടുത്ത് ഓരോ ഞായറാഴ്ചകളിലും നടത്താനായിരുന്നു .14 സ്ഥലങ്ങൾ ഉള്ളതിൽ ഓരോ വീട്ടിലും ഒന്നോ രണ്ടോ സ്ഥലങ്ങളിലെ പ്രാർത്ഥനകൾ ചെല്ലിയ ശേഷം അടുത്ത വീടുകളിലേക്ക് ആ വീട്ടുകാരുമായി പോയി കുരിശിന്റെ വഴി നടത്തുമ്പോൾ ആ പ്രദേശമാകെ നോയമ്പിന്റെ ഭക്തി നിറയുന്നതായി അനുഭവപ്പെട്ടു.
ചില ഞായറാഴ്ചകളിൽ വികാരി അച്ചനും കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കെടുക്കാൻ വന്നിരുന്നത് കൊണ്ട് ആ യൂണിറ്റിലെ എല്ലാ കുടുംബാംഗങ്ങളും ആ പരിപാടിയിൽ താല്പര്യപൂർവ്വം പങ്കെടുത്തിരുന്നു.

നോയമ്പ് കാലം ആരംഭിച്ചത് മുതൽ എന്റെ മനസ്സിൽ സൂക്ഷിച്ചിട്ടുള്ള മുണ്ടക്കയത്തെ പെസഹാ വ്യാഴാഴ്ച പരിപാടി എങ്ങനെ ഇവിടെ നടത്തുമെന്ന ചിന്തയിലായിരുന്നു. ഞാൻ വികാരി അച്ചനെ കണ്ട് സംസാരിച്ചു. ഇയ്യപ്പൻ ചേട്ടൻ പരിപാടികൾ സംഘടിപ്പിച്ചോളൂ എന്റെ എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് അച്ചൻ എനിക്ക് ഉറപ്പു തന്നു. ഞാൻ ഉടനെ ഹോളി ഫാമിലി കുടുംബ സമ്മേളന യൂണിറ്റിന്റെ ഒരു യോഗം വിളിച്ചുകൂട്ടി. പെസഹാ വ്യാഴാഴ്ച നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ച് അവിടെ ചർച്ച ചെയ്തു. എല്ലാവരും വളരെ സന്തോഷത്തോടെ അവരുടെ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നൽകി. എന്നാൽ കലത്തപ്പം എന്ന പുളിയില്ലാത്ത അപ്പം ഉണ്ടാക്കാൻ അവർക്ക് പലർക്കും അറിയില്ല എന്ന് എന്നെ അറിയിച്ചു. ഞാൻ മെയിൻ റോഡിൽ പള്ളിക്ക് സമീപമുള്ള ടി . ഐ. ജോണി ചേട്ടൻറെ വീട്ടിൽ പോയി സംസാരിച്ചു. വീടിന്റെ മുന്നിലെ കാർപോർച്ച് ഉപയോഗിക്കാൻ തീരുമാനിച്ചു.

ക്രിസ്തു ഒടുക്കത്തെ അത്താഴ വിരുന്ന് നടത്തിയ സെഹിയോൻ ഊട്ടുശാല എപ്രകാരമാണ് സജീകരിച്ചിരുന്നത് എന്ന് ആർക്കും ഒരു അറിവും ഇല്ല . ചില ചിത്രകലാകാരന്മാരുടെ ഭാവനയിൽ ഉണ്ടായ ചിത്രങ്ങളാണ് നാം കണ്ടിട്ടുള്ളത്.
അർണ്ണോസ് പാതിരി രചിച്ച പുത്തൻ പാന ആലപിച്ച് റെക്കോർഡ് ചെയ്യാൻ ഒരാളെ ഏൽപ്പിച്ചു. പെസഹ വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് ഞാൻ തന്നെ എഴുതിയ അറിയിപ്പ് എല്ലാ വീടുകളിലും കൊണ്ടുപോയി കൊടുത്തു. അതിൽ തന്നെ പുളി ഇല്ലാത്ത കലത്തപ്പം ഉണ്ടാക്കുന്ന വിധവും അതോടൊപ്പം പുത്തൻ പാനയുടെ ഭാഗങ്ങളും ഉണ്ടായിരുന്നു. പെസഹ വ്യാഴാഴ്ച കറി കുറുക്കുന്നതിന് ആറോളം അമ്മമാർ സന്നദ്ധരായി വരുക മാത്രമല്ല കുറുക്കുന്നതിന് ആവശ്യമായ അരിപ്പൊടിയും, തേങ്ങയും അവർ തന്നെ കൊണ്ടുവരാം എന്ന് പറഞ്ഞു.

ആ വർഷം നോയമ്പിന്റെ അവസാന ആഴ്ചയിൽ ഒരു ദിവസം പള്ളിയിൽ അഖണ്ഡ കുമ്പസാര യജ്ഞം സംഘടിപ്പിച്ചു. അടുത്ത പള്ളികളിലെ അച്ചന്മാരെ ക്ഷണിച്ചു കൊണ്ടുവന്ന് പള്ളിയുടെ ഓരോ ഭാഗത്തും കുമ്പസാരിപ്പിയ്ക്കാൻ കൊണ്ടിരുത്തി. അന്ന് കാലത്ത് തൊട്ടെ കുമ്പസാരിപ്പിക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. ഉച്ചതിരിഞ്ഞ് ആറുമണിവരെ മാത്രമേ സ്ത്രീകൾക്ക് കുമ്പസാരിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു. കാലത്തു തൊട്ട് എപ്പോഴും സ്ത്രീകളുടെ വരി കൂടി വരികയല്ലാതെ കുറയുന്ന ലക്ഷണമില്ല. ചില അമ്മായിയമ്മമാർ കുമ്പസാരിച്ച് വീട്ടിൽ പോയി മരുമകളുമായി വഴക്കിട്ട് വീണ്ടും വന്ന് കുമ്പസാരിക്കുകണോ എന്നാണ് സംശയം.

അന്ന് വൈകുന്നേരം 7 മണിയോടുകൂടിയാണ് ഞാൻ കുമ്പസാരിക്കാൻ പള്ളിയിൽ പോയത് അപ്പോഴും സ്ത്രീകളുടെ വരി കൂടിക്കൊണ്ടേയിരുന്നു.
ജോലിക്ക് പോയ പുരുഷന്മാർ വന്നു തുടങ്ങിയിട്ടേയുള്ളൂ. ചില വയസ്സായ ചേട്ടന്മാർ സ്ത്രീകളോട് ഒരു ഭാഗം തങ്ങൾക്ക് കുമ്പസാരിക്കാൻ വിട്ടു തരാൻ പറഞ്ഞിട്ടും, അപേക്ഷിച്ചിട്ടും സ്ത്രീകൾ കൂട്ടാക്കിയില്ല. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ കോവേന്ത അച്ചന്റെ മോട്ടോർ സൈക്കിളി മേലുള്ള രംഗപ്രവേശനം. അദ്ദേഹം അച്ചന്മാർ താമസിക്കുന്ന മുകളിലേക്ക് പോയി. ഞാൻ അച്ചൻ തിരിച്ചു വരുന്നതിനു മുമ്പായി ഒരു കസേര സംഘടിപ്പിച്ചു. കാത്തിരുന്നു. ദേ സ്ത്രീകൾ കൂട്ടമായി വരുന്നു. കസേരയുടെ രണ്ടു ഭാഗത്തും കുമ്പസാരിക്കാൻ നിരന്നു നിന്നു തുടങ്ങി.
ഞാൻ കുറച്ച് ഗൗരവത്തോടെ തന്നെ ആ സ്ത്രീകളോട് പറഞ്ഞു ഇവിടെ പുരുഷന്മാർക്ക് മാത്രമായി ഒരുക്കിയിട്ടുള്ള കുമ്പസാരിക്കാൻ ഉള്ള സ്ഥലമാണ് എന്ന്. എന്റെ ശബ്ദത്തോടുകൂടിയ സംസാരം കേട്ടുകൊണ്ടാണ് ആ ചെറുപ്പക്കാരൻ അച്ചൻ കോണി ഇറങ്ങി വന്നത്. എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ അവസാനം ഒരു ഭാഗം മാത്രം പുരുഷന്മാർക്ക് ഔദാര്യത്തോടെ വിട്ടുതന്നു. ആദ്യം കുമ്പസാരിച്ചത് പള്ളിയിലെ കുടുംബ സമ്മേളനങ്ങളുടെ പ്രസിഡന്റ് ജെയ്ക്കബ് ചേട്ടനായിരുന്നു. രണ്ടാമതായി ഞാൻ ആണ് കുമ്പസാരിച്ചത്. ചെറുപ്പം മുതൽ പറയാറുള്ളത് പോലെ പാപങ്ങളുടെ കെട്ട് ഞാൻ അഴിച്ചുവിട്ടു. ചീത്ത പറഞ്ഞിട്ടുണ്ട്, നുണ പറഞ്ഞിട്ടുണ്ട്, മൂത്തവർ പറയുന്നത് അനുസരിച്ചിട്ടില്ല. കഴിഞ്ഞു. ഈ പാപങ്ങൾക്ക് കൂടിയത് മൂന്ന് സ്വർഗ്ഗസ്ഥനായ പിതാവും, മൂന്നു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുമാണ് അച്ചന്മാർ പ്രാച്ചിത്തമായി തരാറ്. എന്നാൽ ആ സുമുഖനായ അച്ചൻ എനിക്ക് വിധിച്ചത് 14 കുരിശിന്റെ വഴി പ്രാർത്ഥന ഒറ്റയ്ക്ക് നടത്താനാണ്. സ്ത്രീകളെ കുമ്പസാരിപ്പിക്കാൻ കിട്ടിയ അവസരം ഞാനായിട്ട് ഇല്ലാതാക്കിയതിന്റെ പ്രതികാരം ആയിരുന്നു അത്. പെട്ടെന്ന് എനിക്ക് ഇതിനെതിരെ പ്രതികരിക്കാനാണ് തോന്നിയത്. ഞാൻ എന്റെ മുന്നേ കുമ്പസാരിച്ച ജേക്കബ് ചേട്ടനോട് എന്റെ സങ്കടം പറഞ്ഞു. ഞാൻ എന്തെങ്കിലും ബഹളം ഉണ്ടാക്കിയാൽ ഞാൻ പദ്ധതിയിട്ട പെസഹാ വ്യാഴാഴ്ചയിലെ പരിപാടികൾക്ക് ദോഷം ഉണ്ടാകുമെന്ന് മനസ്സിലാക്കി അവിടെനിന്ന് വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് കുരിശിന്റെ വഴി പുസ്തകമെടുത്ത് കുരിശിൻറെ വഴി ഞാൻ തുടങ്ങി. ഞാൻ മുട്ട് കുത്തുകയും , നിൽക്കുകയും ചെയ്യുന്ന പരിപാടി കണ്ട് ഭാര്യ ഫിലൊ ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
പുളിയില്ലാത്ത കലത്തപ്പം ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോല കുരിശു രൂപത്തിൽ ആക്കി, അപ്പത്തിന് മുകളിൽ വച്ച് ചുട്ടെടുത്തത് ഓരോന്ന് വീതമെങ്കിലും ഓരോ വീട്ടുകാരും കൊണ്ടുവരണമെന്ന് നിർദ്ദേശിച്ചിരുന്നു.

ജോണി ചേട്ടൻറെ കാർപോർച്ച് ബെഡ്ഷീറ്റുകൾ മറ്റും ഇട്ട് ഒരു ഊട്ടു ശാലയാക്കി. അത്യാവശ്യം അലങ്കാരങ്ങൾ ഒക്കെ ഉണ്ടായിരുന്നു. നേരത്തെ പറഞ്ഞത് പ്രകാരം പെസഹ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചരയോടെ വീട്ടുകാർ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. പുത്തൻ പാന റെക്കാർഡ് ചെയ്തത് അവിടെ കേൾക്കും വിധം തയ്യാറാക്കി വെച്ചിരുന്നു. ഒരു വലിയ മേശയും നടുവിൽ മൂന്ന് കസേരകളും ഇട്ടിരുന്നു. മേശപ്പുറത്ത് ബൈബിളും, മെഴുകുതിരിയും കത്തിച്ചു വച്ചിരുന്നു. ബഹുമാന വികാരിയച്ചൻ വന്ന് ഞങ്ങളുടെ യൂണിറ്റിൽ ഏറ്റവും പ്രായം കൂടിയ മേലേടത്ത് ഔസേപ്പ് ചേട്ടൻ ദമ്പതികളെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു. വികാരിയച്ചൻ ബൈബിൾ എടുത്ത് ഒടുക്കത്തെ അത്താഴത്തെ കുറിച്ചുള്ള ഭാഗങ്ങൾ വായിച്ചു. മേശപ്പുറത്ത് വച്ചിരുന്ന കറി കുറുക്കിയതും, അപ്പങ്ങളും ആശിർവതിച്ചു. അപ്പം മുറിച്ച് കറിയിൽ മുക്കി ഔസേപ്പേട്ടനും ഭാര്യക്കും കൊടുത്തു. എല്ലാവർക്കും പ്രത്യേകമായ ഒരു അനുഭൂതി ഉണ്ടായതായി പറഞ്ഞു
ഞാൻ അയ്യന്തോൾ നിന്നും കുടുംബസമേതം എന്റെ തറവാട്ടിലേക്ക് താമസിക്കാൻ വന്നു. അയ്യന്തോൾ പള്ളിയിൽ എന്റെ എല്ലാ പരിപാടികൾക്കും സഹായങ്ങൾ ചെയ്തുതന്ന അയ്യന്തോളിലെ സെൻറ് മേരീസ് പള്ളിയിലെ വികാരിയച്ചൻ വെരി റവറന്റ് ഡോക്ടർ ആൻഡ്രൂസ് താഴ്ത്ത് തൃശൂർ രൂപതയുടെ മെത്രാ പൊലീത്തയായി അവരോധിക്കപ്പെട്ടു. അദ്ദേഹം ചെയ്ത ആദ്യത്തെ പരിഷ്കാരങ്ങളിൽ ഒന്ന് രൂപതയുടെ എല്ലാ പള്ളികളിലും പെസഹാ വ്യാഴാഴ്ച അപ്പം മുറിക്കുന്ന ചടങ്ങ് നടത്തണമെന്നായിരുന്നു. ഇതിൽ എനിക്ക് സന്തോഷവും, അതിലേറെ അഭിമാനവും ആണ് അനുഭവപ്പെട്ടത്.
മുണ്ടക്കയത്ത് പോയപ്പോൾ ഒരിക്കലും അനുകരിക്കാൻ എന്നെ സംബന്ധിച്ചിടത്തോളം കഴിയാത്ത ഒന്നായിരുന്നു അവിടുത്തെ ദുഃഖ വെള്ളിയാഴ്ചയിലെ ആചാരങ്ങൾ. കാലത്ത് പള്ളിയിൽ പോയതു തന്നെ ഒരു ഗ്ലാസ് കട്ടൻ ചായ കുടിച്ചിട്ടാണ്. സാധാരണയിൽ കൂടുതൽ സമയമെടുത്തു പള്ളിച്ചടങ്ങുകൾ കഴിയാൻ. വിശന്ന് വീട്ടിൽ വന്നപ്പോളാണ് അറിയുന്നത് അന്ന് ഉപവാസം ആണെന്ന്. മേശമേൽ വച്ചിരുന്നു കട്ടൻചായയിൽ നിന്ന് ഒരു ഗ്ലാസ് ചായ കുടിച്ച് ഇരിക്കുമ്പോഴാണ് വർഗീസ് ചേട്ടൻ പറയുന്നത് പത്തുമണിയോടെ പള്ളിയിലേക്ക് പോകണമെന്ന്. അന്ന് ഞാൻ തീരുമാനിച്ചു ഇനിയൊരിക്കലും നോമ്പ് കാലത്ത് മുണ്ടക്കയത്ത് പോകില്ല എന്ന്. വർഗീസ് ചേട്ടൻ കാറിന്റെ ഹോൺ അടിക്കുന്നത് എന്നെ വിളിക്കാൻ ആണെന്ന് മനസ്സിലായി. രണ്ടുമൂന്ന് കുപ്പി നാരങ്ങാവെള്ളം കാറിൽ കണ്ടു. അന്ന് പള്ളിയിൽ പോയി.ഞാൻ മിക്കവാറും മയക്കത്തിലായിരുന്നു. നാലുമണിയോടെ തിരിച്ചു വീട്ടിലേക്ക് പോന്നു. അപ്പോഴും മേശപ്പുറത്ത് കട്ടൻചായ ഇരിപ്പുണ്ട്. രാത്രി 7 മണിയോടെ കഞ്ഞി കുടിക്കാൻ വിളിച്ചു. അപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ചൂടുള്ള കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോൾ ആകെ ഒന്നു വിയർത്തു. അന്ന് വേഗം തന്നെ ഉറങ്ങാൻ കിടന്നു. നേരം വെളുത്ത് എഴുന്നേറ്റപ്പോൾ എന്തെന്നില്ലാത്ത ഒരു ഉന്മേഷമാണ് അനുഭവപ്പെട്ടത്.

എൻറെ വീട്ടിൽ ആണെങ്കിൽ ദുഃഖ വെള്ളിയാഴ്ച പായസത്തോടു കൂടിയ സദ്യയാണ് ഉണ്ടാവുക. കാലം പരിഷ്കരിച്ചപ്പോൾ വീട്ടിൽ സദ്യ ഒരുക്കുന്നതിനേക്കാൾ കൂടുതൽ താത്പര്യപ്പെട്ടത് ദുഃഖ വെള്ളിയാഴ്ച തൃശ്ശൂരിലെ ഭാരത് ഹോട്ടലിൽ നിന്ന് പായസത്തോടെയുള്ള ഉച്ചയ്ക്കുള്ള ഊണ് വാങ്ങാനാണ്. ദുഃഖ വെള്ളിയാഴ്ച പാഴ്സലായി വാങ്ങാൻ പാത്രങ്ങളുമായി വരിനിൽക്കുന്നവരുടെ കാഴ്ച കാണാം. അന്ന് പ്രത്യേകമായി 500 ഓളം ഊണ് പാഴ്സലായി പോകും.
ഓരോ കൊല്ലം കൂടുന്തോറും ഊണ് കൂടുതൽ ഒരുക്കി വയ്ക്കാറുണ്ട്. പലരും ഊണ് കിട്ടാതെ മടങ്ങി പോകാറുണ്ട് എന്ന് മാനേജർ പറഞ്ഞു.
എൻറെ ചെറുപ്പകാലം തൊട്ട് ദിവസവും പള്ളിയിൽ പോവുക എന്നത് എന്റെ പതിവ് പരിപാടി ആയിരുന്നു. അപ്പനിൽനിന്ന് പകർന്നു കിട്ടിയ ശീലമായിരിക്കാം അത്. അതുപോലെ പള്ളിയിൽ നടക്കുന്ന ചടങ്ങുകളിൽ തുടക്കം മുതലേ പങ്കെടുക്കണമെന്നതും നിർബന്ധമായിരുന്നു. അതുകൊണ്ട് ഉയർപ്പ് ദിന ആഘോഷങ്ങളിൽ തുടക്കം മുതൽ പങ്കെടുക്കാൻ ഞാൻ
പാതിരാക്ക് മൂന്നുമണിക്ക് മുന്നേ കിടക്കയിൽ നിന്ന് തപ്പി തടഞ്ഞ് എഴുന്നേറ്റ് മുഖം കഴുകി പള്ളിയിലേക്ക് ഒരു ഓട്ടമാണ്.

പാതിര കുർബാനയിൽ ഉറങ്ങിയിട്ടും, ഉറങ്ങാണ്ടും സംബന്ധിച്ച ശേഷം പിന്നത്തെ ഓട്ടം വീട്ടിലേക്കാണ് . വീടെത്തുന്നതിനുമുമ്പേതന്നെ പോത്തിറച്ചി വരട്ടിയതിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറും. വീട്ടിലെത്തിയാൽ ആഴ്ചകളോളം പട്ടിണി കിടന്നവന്റെ ആർത്തിയോടാണ് തീറ്റ. അപ്പനും ,അമ്മയും മറ്റുള്ളവരും വരുന്നതിനു മുന്നേ ഞാൻ വട്ടേയപ്പവും , പോത്തിറച്ചിയും വയറുനിറച്ച് കഴിച്ച് ഒന്നും അറിയാത്തവനെ പോലെ ചുരുണ്ടു കൂടി കിടന്നുറങ്ങും. നേരം വെളുത്താൽ അമ്മയുടെ വിളി വരും. പല്ലു തേച്ച് വേഗം വാ നോയമ്പ് വീടാനുള്ള അമ്മയുടെ ക്ഷണമാണ് അത്. ഉച്ചയ്ക്ക് കോഴി, പോർക്ക് മീൻ എന്നിവ അടങ്ങിയ വിഭവസമൃദ്ധമായ ഊണ് ഉണ്ടാകും.

സി. ഐ. ഇയ്യപ്പൻ, തൃശൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments