മേരി ടീച്ചർ.
എവിടെനിന്നോ ഓടി വന്ന കാറ്റിൽ അടുക്കള ജനലിന്റെ പാളികൾ അടഞ്ഞു. സദാനന്ദൻ മാഷ് കസേരയിൽ നിന്നും എഴുന്നേറ്റ് ജനൽപാളികൾ മലർക്കെ തുറന്നു. പുറത്ത് നല്ല കാറ്റ് വീശുന്നുണ്ട്. മല്ലീശ്വരൻ മുടിയെ കോടമഞ്ഞ് വിഴുങ്ങി. വെള്ളി മേഘങ്ങൾ തിക്കി തിരക്കി എവിടെക്കോ വേഗത്തിൽ പായുന്നു..
കണ്ണിലേക്ക് താഴ്ന്നിറങ്ങിയ മുടിയുടെ ഭാഗം സദാനന്ദൻ മാഷ് വലതു കൈകൊണ്ട് ഒതുക്കി വെച്ചു.
സാർ, കഥയുടെ ബാക്കി പറഞ്ഞില്ലല്ലോ?’
മൗനം ഭഞ്ജിച്ചു കൊണ്ട് ലത കൊണ്ട് ചോദിച്ചു..
അമ്മ വീട്ടിലെ കാര്യങ്ങൾ പറയുവാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് . അത് പിന്നീട് ഒരിക്കൽ ആവാം.
‘ഞാൻ ഇന്ന് ഈ നിലയിൽ എത്തപ്പെടാൻ കാരണക്കാർ ആരാണെന്ന് അറിയാമോ?’
‘ഇല്ല സർ…’
‘ എന്റെ പ്രിയപ്പെട്ട അധ്യാപകർ … പ്രത്യേകിച്ച് അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള അധ്യാപകർ…’
‘അത് എല്ലാവരുടെയും കാര്യത്തിൽ ഏറെക്കുറെ ശരിയല്ലേ.? സാർ?’
‘കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വലുതാണ് , പക്ഷേ എന്നെ സംബന്ധിച്ച് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഒരു സപ്പോർട്ട് കിട്ടിയില്ല. അമ്മ വീട്ടിൽ നിന്നും കിട്ടിയ അനുഭവങ്ങൾ ആവട്ടെ, വേദനാജനകമായതും…
‘കുട്ടിക്കാലത്ത് മനസ്സിൽ പതിഞ്ഞ അനുഭവങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മായില്ല.. അല്ലേ സാർ ?’
തീർച്ചയായും …
നല്ല ഓർമ്മകൾ മനസ്സിന്റെ അടിത്തട്ടിൽ ആഴ്ന്നു കിടക്കും. എൻ്റെ മനസ്സിലെ നല്ല ഓർമ്മകൾ മുഴുവൻ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. പത്താം ക്ലാസ് പരീക്ഷ നല്ല വിജയം നേടാൻ തന്നെ കാരണം ക്ലാസ് ടീച്ചറായ മേരി ടീച്ചറാണ്…
‘പണ്ടത്തെ അധ്യാപകരും ഇന്നത്തെ അധ്യാപകരും തമ്മിൽ വ്യത്യാസമുണ്ട് സാർ..’
അതെ, ശരിക്കും പറഞ്ഞാൽ ആരായിരിക്കണം അധ്യാപകർ?
അറിവിന്റെയും വിജ്ഞാനത്തിന്റെയും പ്രകാശ രശ്മികൾ കൊണ്ട് അജ്ഞതയുടെ അന്ധകാരം തുടച്ചുനീക്കുന്നവരാ കണം അധ്യാപകർ.
കുട്ടിയുടെ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹാരം നിർദ്ദേശിക്കുകയും അവനെ നേർവഴിക്ക് നയിക്കുകയും ചെയ്യുകയാണ് അധ്യാപകൻ ചെയ്യേണ്ടത്.
‘പക്ഷേ, ചില അധ്യാപകർക്ക് കുട്ടികളോട് തീർത്താൽ തീരാത്ത ദേഷ്യം ഉണ്ട്, എന്ന് കേട്ടിട്ടുണ്ട് സാർ’
‘അങ്ങനെ പറയുന്നത് ശരിയല്ല…
ഒരു അധ്യാപകനും കുട്ടികളോട് മനസ്സിൽ വിദ്വേഷം സൂക്ഷിക്കാൻ കഴിയില്ല..
പക്ഷേ, കുട്ടികൾ തെറ്റിദ്ധരിക്കും. ചില അധ്യാപകർ പഠിപ്പിക്കുമ്പോൾ ദേഷ്യം പ്രകടിപ്പിക്കും .
പിൽക്കാലത്താണ് മനസ്സിലാവുക അത് നമ്മുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു എന്ന്.
അത്തരത്തിൽ ഒരു അനുഭവം എനിക്കുമുണ്ട്.
ആറാം ക്ലാസിലെ ഗണിതം പീരിയഡ്.
ആഗസ്റ്റിൻ സാർ ആയിരുന്നു ഗണിതം പഠിപ്പിച്ചിരുന്നത്.
ഹോം വർക്ക് ചെയ്യാതെ വരുന്നതുകൊണ്ട് ദിവസവും നോട്ടപ്പുള്ളിയായിരുന്നു ഞാൻ.
ഒരു ദിവസം ‘ വൃത്തം ‘ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം..
കുട്ടികൾ കോമ്പസ് ഉപയോഗിച്ച് നിശ്ചിത ‘ആര’ത്തിലുള്ള വൃത്തം വരയ്ക്കുകയായിരുന്നു. അഗസ്റ്റിൻ സാർ ക്ലാസിലെ ഓരോ കുട്ടികളേയും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
സാർ എൻ്റെ അടുത്തെത്തി.
എന്റെ കോമ്പസ് വാങ്ങി നോട്ടുബുക്കിൽ എങ്ങനെയാണ് വരയ്ക്കുന്നത് എന്ന് സാർ കാണിച്ചു തരാൻ തുടങ്ങുകയായിരുന്നു.
കോമ്പസ് കൊണ്ട് വരയ്ക്കാൻ ശ്രമിച്ചതും കോമ്പസ് ആടി അകന്നു പോയി. നാലഞ്ചുവർഷം
പഴയ ഇൻസ്ട്രുമെന്റ് ബോക്സിലെ കോമ്പസ് എങ്ങനെ അകന്നു പോകാതിരിക്കും..!
സാറിന്റെ മുഖം ചുവന്നു.
കോമ്പസ് എടുത്ത് ഒറ്റയേറ്…
ആകാശത്തിലൂടെ പറന്നു പോകുന്ന കോമ്പസിനെ നോക്കി ഞാൻ കരഞ്ഞു…..
‘ ചില അധ്യാപകരെ നമുക്ക് ഒരുപാട് ഇഷ്ടമാണ്..
അല്ലേ സാർ?’
‘അതെ…
ചില അധ്യാപകരോട് മനസ്സുകൊണ്ട് വലിയ അടുപ്പം തോന്നും. അങ്ങനെയുള്ളവർ എൻ്റെ ജീവിതത്തിൽ കുറെ പേരുണ്ട്.
യു. പി ക്ലാസുകളിൽ ഹിന്ദി പഠിപ്പിച്ചിരുന്ന സരോജിനി സാർ, ആറാം ക്ലാസിലെ സാമൂഹ്യപാഠം പഠിപ്പിച്ച ജേക്കബ് സാർ , ഒമ്പതാം ക്ലാസിൽ സോഷ്യൽ സയൻസ് പഠിപ്പിച്ച ഒരു ഫാദർ. പിന്നെ ഏറ്റവും പ്രിയപ്പെട്ട എൻ്റെ മേരി ടീച്ചർ.
അഞ്ചിലും, ആറിലും, ഏഴിലും എനിക്ക് ഹിന്ദിക്ക് ഫുൾ മാർക്ക് ആയിരുന്നു .
പക്ഷേ, എട്ടാം ക്ലാസ് എത്തിയപ്പോൾ പുതിയ സാർ ആയിരുന്നു ഹിന്ദി പഠിപ്പിച്ചത്. ആ സാറിനോട് മാനസികമായ ഒരു അടുപ്പം ഉണ്ടായില്ല ഫലമോ ?
കഷ്ടിച്ച് ജയിച്ചു, അത്രമാത്രം.
ചില അധ്യാപകർ പഠിപ്പിക്കുമ്പോൾ പാഠഭാഗങ്ങൾ മനസ്സിൽ പെട്ടെന്ന് പതിയും…
അത് അധ്യാപകരോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണ്..
ആറാം ക്ലാസിലെ ജേക്കബ് സാറാണ് എന്നിലെ നടനെ കണ്ടെത്തിയത്. സാഹിത്യ സമാജത്തിൽ അവതരിപ്പിച്ച നാടകത്തിൽ എനിക്കും ഒരു റോൾ തന്നു. കഥാപാത്രത്തിന്റെ പേര് വിളിച്ച് കുട്ടികൾ കളിയാക്കിയെങ്കിലും പിന്നീട് ഉയർന്ന ക്ലാസുകളിൽ നാടകങ്ങളിൽ അഭിനയിക്കാൻ ഉള്ള ധൈര്യം പകർന്ന് കിട്ടിയത് ആറാം ക്ലാസിൽ അവതരിപ്പിച്ച ആ നാടകത്തിൽ നിന്നായിരുന്നു..
എല്ലാ ആഴ്ചയിലും ഉള്ള സാഹിത്യ സമാജത്തിലേക്ക് ഓരോ കലാപരിപാടികളും കുട്ടികളെക്കൊണ്ട് അവതരിപ്പിക്കുന്നതിന് ജേക്കബ് സാർ കാണിക്കുന്ന ശ്രദ്ധ വളരെ വലുതായിരുന്നു.
ഒമ്പതാം ക്ലാസിലെ സോഷ്യൽ സ്റ്റഡീസ് പഠിപ്പിച്ചിരുന്നത് ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ഒരു ഫാദർ ആയിരുന്നു. ഒരിക്കൽ ഫാദർ പറഞ്ഞു, അമേരിക്കയിലൊക്കെ ഒരുതരം പേനയുണ്ട് മഷി തീർന്നാൽ പിന്നെ വലിച്ചെറിയുന്ന പേന, ബാൾപെൻ എന്നാണത്രേ പേര്. ഫാദറിന്റെ അനുഭവ വിവരണം വളരെ അദ്ഭുതത്തോടെയും, താല്പര്യത്തോടും കൂടിയായിരുന്നു കുട്ടികൾ ശ്രദ്ധിച്ചിരുന്നത്.
പത്താം ക്ലാസിലെ ക്ലാസ് ടീച്ചർ ആയ മേരി ടീച്ചർ ഞങ്ങളുടെ അയൽപക്കക്കാരി കൂടിയായിരുന്നു. എന്റെ സാഹചര്യം മനസ്സിലാക്കിയ ടീച്ചർ പത്താം ക്ലാസ് പരീക്ഷയോടടുപ്പിച്ച് രണ്ടു മാസക്കാലം രാത്രി 7 മണി മുതൽ 10 മണി വരെ ടീച്ചറുടെ വീട്ടിലിരുത്തി എന്നെ പഠിപ്പിച്ചു. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ തന്ന് എന്നെക്കൊണ്ട് ഉത്തരം എഴുതിപ്പിച്ചു.
ഇല്ലെങ്കിൽ ഞാൻ പത്താം ക്ലാസ് പോലും പാസാവുകയില്ലായിരുന്നു.
സ്നേഹത്തിന്റെ പ്രതീകമായിരുന്നു മേരി ടീച്ചർ.
എല്ലാ അധ്യാപകരും മേരി ടീച്ചറിനെപ്പോലെയായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്…
‘നമ്മുടെ മുന്നിൽ ഇരിക്കുന്ന കുട്ടികൾ സ്വന്തം കുട്ടികളാണ് എന്ന് കരുതുന്ന എത്ര അധ്യാപകരുണ്ട്..,?
‘ അങ്ങനെ ആവണം അധ്യാപകർ….’
ഇഷ്ടമുള്ളവരോട് മനസ്സ് തുറന്ന് സംസാരിച്ചാൽ സമയം പോകുന്നത് അറിയില്ല. കഥ കേൾക്കുന്ന കൊച്ചുകുട്ടിയുടെ നിഷ്കളങ്കത ലതയുടെ മുഖത്ത് നിന്നും വായിച്ചെടുക്കുവാൻ കഴിഞ്ഞു.