ദൂരെ മഴയുണ്ടെന്ന് തോന്നുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട് .
സദാനന്ദൻ മാഷ് ആ ദിക്കിലേക്ക് ചെവിയോർത്തു .
പെട്ടെന്ന് കാറ്റ് കനത്തു .
കാറ്റിനൊപ്പം മഴയും പറന്നുവന്നു..
മഴത്തുള്ളികൾക്ക് ശക്തി വളരെ കുറവ്. നൂലു പോലെ അന്തരീക്ഷത്തിൽ നിന്നും മഴത്തുള്ളികൾ ഊർന്നിറങ്ങി…
മൂടൽ മഞ്ഞിൽ കുതിർന്ന് നീലഗിരി മലകൾ കാണാതായി..
‘ഇന്ന് ഉച്ചഭക്ഷണം വിളമ്പി ക്കൊണ്ടിരുന്നപ്പോൾ മാഷിന്റെ കണ്ണ് നിറയുന്നത് കണ്ടല്ലോ?
എന്തുപറ്റി ?
സോമൻ മാഷ് ചോദിച്ചു.
‘ഏയ്, ചുമ്മാ…
കുട്ടികൾ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ദാരിദ്ര്യം നിറഞ്ഞ എൻ്റെ കുട്ടിക്കാലം ഓർത്തുപോയി…!
അതാ കണ്ണ് നിറഞ്ഞത്…’
‘നമ്മുടെയൊക്കെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നല്ലോ?’
‘അതെ , പക്ഷേ എന്റേത് വേറിട്ട അനുഭവം…..
സത്യം പറയാമല്ലോ ..
ഉപ്പുമാവ് കിട്ടാൻ വേണ്ടി മാത്രമാണ് അന്ന് സ്കൂളിലേക്ക് പോയിരുന്നത്.
മിക്ക ദിവസവും രാവിലെ ഒന്നും കഴിക്കാതെയാണ് സ്കൂളിലേക്ക് വന്നിരുന്നത്. കശുമങ്ങയുടെ കാലം ആണെങ്കിൽ കശുമാങ്ങ കഴിക്കും .
നേരം വെളുക്കാൻ നോക്കിയിരിക്കുമായിരുന്നു,
കയ്യാലപ്പുറം ചാടി അടുത്ത പറമ്പിലേക്ക് ഓടാൻ…..!
എന്തിനെന്നോ?
കശുമാങ്ങ വീണിട്ടുണ്ടോ എന്നറിയാൻ ….!
ഉടമസ്ഥന്റെ ചീത്ത എത്ര തവണ കേട്ടിരിക്കുന്നു.. !
വീട്ടിൽ വന്നാൽ അമ്മയുടെ തല്ലു വേറെയും….. !
വൈകിട്ട് സ്കൂൾ വിട്ടു നേരെ പോകുന്നത് ആഞ്ഞിലി മരത്തിന്റെ ചുവട്ടിലേക്കാണ്. ..
കിളികൾ കൊത്തി താഴെ വീഴുന്ന പഴത്തിൻ്റെ കുരു പെറുക്കി, കഴുകിയെടുത്ത് വറുക്കും….
അങ്ങനെവിശപ്പടക്കും…!’
‘ആഞ്ഞിലിക്കുരു പെറുക്കാൻ ഞാനും പോയിട്ടുണ്ട്. പക്ഷേ, അത് വിശപ്പടക്കാൻ വേണ്ടി ആയിരുന്നില്ല..
ചുമ്മാ ഒരു രസം കടിച്ചു തിന്നാൻ.!.
സോമൻ മാഷ് പറഞ്ഞു.
‘സോമൻ മാഷേ…
കുടപ്പന കണ്ടിട്ടുണ്ടോ ?
‘ഇല്ല …,
അതെന്ത് പനയാണ്? ‘
‘നിങ്ങളുടെ നാട്ടിലെ കരിമ്പനയോട് സാമ്യമുള്ള ഒരു പനയാണ് കുടപ്പന. പക്ഷേ, കള്ള് കിട്ടില്ലാട്ടോ.
പുര കെട്ടാനുള്ള ഓലയ്ക്കു വേണ്ടിയാണ് പ്രധാനമായും കുടപ്പന നട്ടു വളർത്തിയിരുന്നത്. കൂടുതൽ സ്ഥലങ്ങളുള്ള വീടുകളിൽ ഒരു പനയെങ്കിലും ഉണ്ടായിരിക്കും. ഇതിൻ്റെ ഓല വളരെ വലുതാണ്. ഏതാണ്ട് പത്ത് മീറ്റർ ചുറ്റളവുണ്ട് ഒരു പനയോലയ്ക്ക്.
അക്കാലത്ത് മിക്ക വീടുകളുടേയും മേൽക്കൂര പനയോല കൊണ്ടായിരുന്നു…’
‘ഇതൊക്കെ എനിക്ക് പുതിയ അറിവാണ്. വീട് മേയാൻ ഞങ്ങളുടെ നാട്ടിൽ തെങ്ങോല ഉപയോഗിച്ചിരുന്നു. ‘
ജോസ് മാഷും അവിടേക്ക് എത്തി.
‘ഒരു കുടപ്പനയുടെ ആയുസ്സ് ഏതാണ്ട് 40 വർഷമാണ് ,
അപ്പോൾ കുടപ്പന പൂക്കും.
പൂത്തു കഴിയുന്നതുവരെയാണ് ഒരു കുടപ്പനയുടെ ആയുസ്സ്.
ഒരിക്കൽ പുഷ്പിച്ചാൽ പിന്നെ കുടപ്പന ജീവിക്കില്ല. പൂക്കൾ നിറയെ കായ്കളായി മാറും .
കുട്ടികൾ കളിക്കുന്ന ഗോട്ടി ഇല്ലേ ..? അതുപോലെ തോന്നും പനയുടെ കായകൾ കണ്ടാൽ..
ഒരു പനയിൽ ധാരാളം കായകൾ ഉണ്ടാകും. ഈ കായ മീൻ പിടിക്കാൻ ഉപയോഗിക്കും.’
‘മീൻ പിടിക്കാനോ..! അതെങ്ങനെ..?’
സോമൻ മാഷിന് ആകാംക്ഷയായി .
‘അതോ..?
മണ്ണിൽ വലിയ കുഴികുത്തി അതിൽ മൂത്ത പനങ്കായും ചാരവും ഇട്ട് ഉലക്ക പോലുള്ള വലിയ തടികൊണ്ട് ഇടിക്കും. ഇടിച്ചിടിച്ച് പേസ്റ്റ് പോലെയായി കഴിയുമ്പോൾ അത് പുഴയിലും തോട്ടിലും കലക്കും. വേനൽക്കാലം ആകുമ്പോൾ പുഴയിൽ വെള്ളം കുറവായിരിക്കുമല്ലോ?
‘നഞ്ച് കലക്കുക’ എന്നാണ് പറയുക.
രാത്രിയിലാണ് പുഴ വെള്ളത്തിൽ നഞ്ച് കലക്കുക . ഇത് കഴിച്ചാൽ മീനുകൾ മയങ്ങി വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കും ..
നേരം വെളുക്കുവോളം മീൻ പിടിച്ച് കഴിഞ്ഞാൽ നഞ്ചു കലക്കിയവർ പോകും . പിന്നെ നാട്ടുകാരുടെ മീൻപിടിത്തം തുടങ്ങും. ഞങ്ങൾ കുട്ടികൾക്ക് ചാകര എന്നു തന്നെ പറയാം.
രണ്ടുദിവസത്തേക്ക് എന്നും പച്ചമീൻ കറി. ബാക്കിയുള്ളവ ഉണക്കിയെടുത്ത് സൂക്ഷിക്കും.
വീടിന്റെ അടുപ്പിന് മുകളിലായി ചേരിൽ ഈർക്കിലിയിൽ മാല പോലെ കോർത്ത് പച്ചമീൻ കെട്ടി തൂക്കും. ഉണങ്ങിക്കഴിഞ്ഞാൽ എന്നും കഴിക്കാമല്ലോ..?
‘ആണോ! ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് ഇതൊക്കെ….’
സോമൻ മാഷ് പറഞ്ഞു.
‘ ഒരു കാലത്ത് സാധാരണക്കാർ വിശപ്പടക്കിയിരുന്നത് കുടപ്പനയുടെ തടിയിൽ നിന്നും എടുക്കുന്ന പൊടി കൊണ്ടായിരുന്നു. സത്യം പറഞ്ഞാൽ
ഇത് പറയുവാനാണ് കുടപ്പനയുടെ കാര്യം ഞാനാദ്യം പറഞ്ഞത്. മീൻപിടുത്തം ഇടയ്ക്ക് കയറി വന്നു എന്ന് മാത്രം….’
‘ കുടപ്പനയുടെ തടിയിൽ നിന്നും പൊടിയോ..?
അതെങ്ങനെ എടുക്കും…?
‘അതോ…
പറയാം…
പൂത്തു കഴിഞ്ഞാൽ പന വെട്ടും.
തടി വെട്ടുകാർ പന പല കഷണങ്ങളാക്കി മുറിക്കും. നമ്മൾ അടുപ്പിൽ വയ്ക്കാൻ വിറക് ഉണ്ടാക്കില്ലേ..?
അതുപോലെ …’
‘എന്നിട്ട്….?’
‘കുടപ്പനയുടെ തടിയുടെ ഉൾഭാഗം തരികൾ നിറഞ്ഞതാണ് . ഇത് ആഹാരമായി ഉപയോഗിച്ചുവരുന്നു. പനയുടെ തടി ചെറിയ കഷണങ്ങൾ ആക്കും. പുറംതൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി ഉണക്കി സൂക്ഷിച്ചുവയ്ക്കും. ഇവ ആവശ്യത്തിന് അനുസരിച്ച് ഉരലിൽ ഇടിച്ച് വെള്ളത്തിൽ പിഴിഞ്ഞ് നൂറ് എടുക്കും. അത് ഉണക്കിയാൽ അരിപ്പൊടി പോലെയുള്ള പൊടി കിട്ടും .
പൊടി വെള്ളം ചേർത്ത് കഞ്ഞി ഉണ്ടാക്കാം, പനങ്കഞ്ഞി. പാവപ്പെട്ടവൻറെ വിശപ്പടക്കാനുള്ള പോഷക സമൃദ്ധമായ ആഹാരം..
ഇവിടുത്തെ കുട്ടികൾ ആർത്തിയോടെ കഞ്ഞിയും പയറും കുടിക്കുന്നത് കണ്ടപ്പോൾ പഴയ കാലം ഓർത്തുപോയി.’
ഇവിടുത്തെ ആദിവാസികളുടെ ഊര് കാണേണ്ടതാണെന്ന് ലത പറഞ്ഞു. നമുക്ക് പോയാലോ ….?
‘ഞങ്ങൾ കണ്ടിട്ടുണ്ട്.
നാളെ അവധി അല്ലേ ?
നമുക്ക് പോകാം..
തീർച്ചയായും മാഷിന് അതൊരു പുതിയ അനുഭവമായിരിക്കും.
(തുടരും….)