വിവിധ ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച അതുല്യ ഗായിക സ്വർണലത.വ്യത്യസ്ഥമായ ആലാപന ശൈലിയും ശബ്ദവുമായിരുന്നു അന്നും ഇന്നും അവരെ വേറിട്ടു നിറുത്തുന്നത്.
ആ ശബ്ദം കേട്ടാൽ ആരായാലും അറിയാതെ ചുവട്‌വച്ചു പോകും.എ.ആർ. റഹ്മാന്റെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളായി സ്വർണലത അറിയപ്പെടാനുള്ള കാരണവും അതാണ്. ശ്രോതാക്കളെ ആകർഷിക്കാനുള്ള കാന്തിക ശക്തി സ്വർണലതയുടെ ശബ്ദത്തിനുണ്ടായിരുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത പിന്നണിഗായികയായിരുന്ന സ്വര്‍ണ്ണലത തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ചിറ്റൂലിലെ അതിക്കോട് പ്രശസ്ത ഹാര്‍മോണിസ്റ്റായ കെ.സി ചെറൂക്കുട്ടിയുടെ മകളായാണ് സ്വര്‍ണ്ണലത ജനിച്ചത്. ചലച്ചിത്ര പിന്നണി ഗായികയാകണമെന്ന ലക്ഷ്യത്തോടെ മദ്രാസിലെത്തിയ സ്വർണ്ണലതയുടെ പ്രതിഭ തിരിച്ചറിഞ്ഞ് ആദ്യ അവസരം നൽകിയത് പ്രശസ്ത സംഗീതസംവിധായകൻ എം.എസ് വിശ്വനാഥനായിരുന്നു.
ഇളയരാജയുടെയും എ.ആര്‍ റഹ്മാന്റെയും ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചിട്ടുണ്ട്.ഏകദേശം ഏഴായിരത്തോളം ഗാനങ്ങള്‍ വിവിധ ഭാഷകളിലായി സ്വര്‍ണ്ണലത ആലപിച്ചിട്ടുണ്ട്. അലൈപായുതേ, ബോംബെ, ജന്റില്‍മാന്‍, ഇന്ത്യന്‍, കാതലന്‍, രംഗീല, ദളപതി എന്നീ ചിത്രങ്ങളില്‍ സ്വര്‍ണ്ണലത പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ആയിരം ചിറകുള്ള മോഹം എന്ന ചിത്രത്തിലൂടെ കണ്ണൂർ രാജനാണ് സ്വർണ്ണലതയെ മലയാളത്തിലെത്തിച്ചത്.
മലയാളത്തില്‍ പാടിയത് വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രമേയുള്ളുവെങ്കിലും ഈ മലയാളി ഗായികയുടെ ശബ്ദം മലയാളം – തമിഴ് ഗാനങ്ങളിലൂടെ എന്നും ഈ ലോകത്തിന്റെ എല്ലാ കോണുകളിലും മുഴങ്ങി നില്‍ക്കുന്നു ‘,മലയാളചിത്രങ്ങളായ തെങ്കാശിപ്പട്ടണത്തിലെ `കടമിഴിയില്‍ കമലദളം’, വര്‍ണപ്പകിട്ടിലെ `മാണിക്യക്കല്ലായി മേഞ്ഞുമെനഞ്ഞു’, പഞ്ചാബി ഹൗസിലെ `ബല്ലാ ബല്ലാ ബല്ലാ ഹേ’, രാവണപ്രഭുവിലെ `പൊട്ടുകുത്തെടീ പുടവചുറ്റടീ’, നമ്മളിലെ `കാത്തുകാത്തൊരു മഴയത്ത്’ അതു പോലെ തമിഴില്‍ കാതലനിലെ ‘മുക്കാല മുക്കാബല‘, ബോംബെയിലെ ‘കുച്ച് കുച്ച് രാക്കമ്മ പൊണ്ണുവേണം‘, ജന്റില്‍മാനിലെ ‘ഉസ്ലാംപട്ടി പെണ്‍കുട്ടി‘ എന്നീ ഗാനങ്ങള്‍ ഒരിക്കലും ആര്‍ക്കും മറക്കുവാന്‍ കഴിയില്ല.
.1994-ല്‍ കറുത്തമ്മ എന്ന തമിഴ് ചിത്രത്തിലെ പോരാലേ പൊന്നുത്തായേ എന്ന ഗാനത്തിലൂടെ സ്വര്‍ണ്ണലതയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010 സെപ്റ്റംബര്‍ 12ന് ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു സ്വര്‍ണ്ണലതയുടെ അന്ത്യം. അകാലത്തിൽ നമ്മെ വിട്ടു പോയ നക്ഷത്രത്തിന് ഓർമ്മപ്പൂക്കൾ🙏