കോട്ടയ്ക്കൽ. കുട ഇല്ലാത്ത മാവേലിത്തമ്പുരാനെ സങ്കൽപിക്കാൻ കഴിയുമോ? മാവേലി എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ തെളിയുന്നതു പ്രൗഢിയുടെ പ്രതീകമായി അദ്ദേഹം ചൂടുന്ന ഓലക്കുടയാണ്.
ഓണാഘോഷങ്ങളിലും മറ്റും പങ്കെടുക്കുന്ന മാവേലി വേഷധാരികൾക്കായി വർഷങ്ങളായി കുട നിർമിക്കുകയാണ് വേങ്ങര കുറ്റാളൂർ പൂക്കോടൻ ശശി.
ഓലക്കുട നിർമാണം അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാൾ.
അച്ഛനിൽ നിന്നാണ് ശശി (42) കുട നിർമാണം പഠിച്ചത്. ഏറെ ശ്രമകരമാണു ജോലിയെന്ന് അദ്ദേഹം പറയുന്നു.
കുടപ്പനയുടെ ഓല ഉപയോഗിച്ചാണു മുകൾഭാഗം ഒരുക്കുന്നത്. ഒറ്റപ്പാലം, ചെർപുളശേരി തുടങ്ങിയ പാലക്കാടൻ ഗ്രാമങ്ങളിൽ നിന്നാണു ഓല കൊണ്ടുവരുന്നത്. ഓല ദിവസങ്ങളോളം ഉണക്കണം. ഓലയുടെ ഈർക്കിൽ പകുതി എടുത്താണു ഉപയോഗിക്കുന്നത്. ഓല കൊണ്ടു മുകൾത്തട്ടു പൊതിയും. നാടൻ പനയുടെ പട്ടയിൽ നിന്നെടുക്കുന്ന നാരുകളാണ് കുട കെട്ടാനുള്ള കയറായി ഉപയോഗിക്കുന്നത്. കുടയുടെ കാലും അലകും മുളയാണ്.
വിവിധയിടങ്ങളിൽ നിന്നുള്ള സന്നദ്ധസംഘടനകൾ ഓണക്കാലമായാൽ ശശിയെ സമീപിക്കും. സ്കൂളുകളിലേക്കും പഞ്ചായത്തുകളിലേക്കും കുട നിർമിച്ചു കൊടുക്കാറുണ്ട്. കൂടാതെ, ഓണപ്പാട്ടുകളും ആൽബങ്ങളും മറ്റും ചിത്രീകരിക്കാനും ഓലക്കുട വേണം. ഒരെണ്ണത്തിന് 5,00 രൂപയോളം നിർമാണച്ചെലവ് വരും.
നാടൻപാട്ടു സംഘങ്ങളും തെയ്യക്കോലങ്ങൾ കെട്ടുന്നവരും ശശിയുടെ കുടകൾ തേടി എത്താറുണ്ട്.