Friday, October 18, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 32) അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 32) അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയമുള്ള കുഞ്ഞുങ്ങളേ എല്ലാവർക്കും സുഖമെന്നു കരുതുന്നു.
നക്ഷത്രക്കൂടാരത്തിൻ്റെ ഓരോ ലക്കവും നിങ്ങൾ മനസ്സിരുത്തി വായിക്കുന്നുണ്ട് എന്നാണ് മാഷ് കരുതുന്നത്.

ഈ ആഴ്ച മുതൽ മലയാളത്തിൽ നാം ഉപയോഗിക്കാറുന്ന ചില ശൈലികളെക്കുറിച്ച് പറയാമെന്നു കരുതുകയാണ്. പുരാണ കഥകളും സംഭവങ്ങളും വസ്തുക്കളും പതിവു രീതികളുമൊക്കെയാണ് ശൈലിയുടെ ഉത്ഭവത്തിന് കാരണമെന്നു പൊതുവായി പറയാം. എല്ലാ ഭാഷകളും ശൈലീസമ്പന്നമാണ്. പരസ്പരം അവ കൈമാറുന്ന രീതിയും ഭാഷകൾക്കുണ്ട്. ഭാഷാപ്രയാേഗത്തിന്ന് കൂടുതൽ അർത്ഥവ്യാപ്തി നല്കാൻ ശൈലികൾ സഹായിക്കുന്നു.

ഇപ്രാവശ്യം ഒന്നു രണ്ടു ശൈലികളെക്കുറിച്ചു പറയാം.
കടലും കടലാടിയും പോലെ. ബന്ധമില്ലാത്ത അവസ്ഥ, അകൽച ഇവ സൂചിപ്പിക്കുവാനാണ് ഇതുപയോഗിക്കുന്നത്. കേൾക്കുമ്പോൾ യോജിപ്പു തോന്നും. സത്യത്തിൽ അതുണ്ടാവില്ല. ഒരു ഔഷധ സസ്യമായ കടലാടിക്ക് കടലുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെതന്നെ.
ഉദാ: സുന്ദരനും അവൻ്റെ പേരും തമ്മിൽ കടലും കടലാടിയും പോലുള്ള ബന്ധമാണ്.

കൈയും കലാശവും കാട്ടുക: ആംഗ്യങ്ങളിലൂടെ ആശയവിനിമയം.
കഥകളിയിൽ നിന്നു വന്ന ഒരു ശൈലിയാണിത്. കഥകളിമുദ്രകൾ കൈയും നൃത്തം അഭിനയം അംഗചലനം എന്നിവ കലാശവുമാണ്. കൈയും കലാശവും കാട്ടിയാണല്ലോ നടന്മാർ അർത്ഥം പകർന്നുതരുന്നത്!

ഉദാ: അയാൾ എന്തൊക്കെയോ കൈയും കലാശവും കാണിക്കുന്നുണ്ട്. എനിക്കൊന്നും മനസ്സിലായില്ല.

ഇനി മാഷ് എഴുതിയ ഒരു കവിത :

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പന്നിയും ചെന്നായും
+++++++++++

“പന്നീ പന്നീ നിന്നുടെ കൂട്ടിൽ
ഒന്നു കിടന്നോട്ടെ ?”
വന്നു കരഞ്ഞാെരു ഗർഭിണിയായ
ചെന്നായപ്പെണ്ണ്.
കരുണയൊടന്നു വരാഹം ചൊല്ലി
” വരു സോദരിയുള്ളിൽ,
ചെറുതെങ്കിലുമീ മടയിലുറങ്ങാ –
മൊരുനാളൊരുമയൊടെ .”
അന്നാക്കൂട്ടിൽ പ്രസവിച്ചമ്മ
ആറു കുരുന്നുകളെ.
തിരിയാനിടമില്ലാതായ് പന്നി
ഞെരുങ്ങീ വല്ലാതെ .
എങ്കിലുമുള്ളിൽക്കനിവോടവള –
ന്നോതീ,” കുഞ്ഞുങ്ങൾ
കണ്ണുംമൂക്കും തെളിയുംവരെയും
കഴിയാമൊപ്പം നാം”.

നാളുകൾപോകെ കൂട്ടിൽക്കാറ്റും –
കോളും പെരുകുന്നു.
പന്നി കുഴഞ്ഞുവലഞ്ഞൊരു ദിവസം
മന്ദം ചോദിച്ചു.
” ചെന്നായമ്മേ മക്കളുമൊന്നി-
ച്ചെന്നാ പോകുന്നേ?”

ഭാവം മാറീ , ചെന്നായലറീ
” ഈ വീടെന്റേതാ . .
നിന്നെക്കടിച്ചു കീറും, പൊയ്ക്കോ
ചെന്നായ്ക്കൾ ഞങ്ങൾ”

കരുണപകർന്ന കരങ്ങൾ കടിക്കും
കഠിന മനസ്സുള്ളോർ.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കില്ല എന്നു മാത്രമല്ല ഈ ചെന്നായയും കുടുംബവും പന്നിയോട് ചെയ്തതു പോലെ ക്രൂരമായി പെരുമാറുന്നവർ നമ്മുടെ ഇടയിലുണ്ട്. അതിനാൽ നല്ല കൂട്ടുകാരെ മാത്രം തെരഞ്ഞെടുക്കാൻ ശ്രമിക്കണം
.
☔☔☔☔☔☔☔☔☔☔☔☔☔☔

ഇനി കഥ പറയാൻ ഒരു മാമനെത്തുന്നുണ്ട്. പി.ഐ. ശങ്കരനാരായണൻ സാർ

1974 -ൽ എറണാകുളത്ത് കേന്ദ്രഗവണ്മെന്റ്റ് (സ്പൈസസ് ) ബോർഡിൽ ഉദ്യോഗസ്ഥനായി ഏലം, സ്പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു.

നൂറിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടു ണ്ട്. മുതിർന്നവർക്കു വേണ്ടി പത്തു പുസ്തകങ്ങൾ വേറെയും . ‘ ശങ്കരനാരാ ‘എന്ന തൂലികാ നാമത്തിൽ ഹാസ്യകവിതകൾ, ലേഖങ്ങൾ എന്നിവയും എഴുതാറുണ്ട്.

ആകാശവാണി കൊച്ചി നിലയത്തിലൂടെ കുട്ടികൾക്കായി മധുരമീ മലയാളം ‘,’ പര്യായമഞ്ജരി’ എന്നീ പരിപാടികൾ അവതരിപ്പിച്ചു. നിരവധി സാഹിത്യ-സാംസ്കാരിക സംഘടനകളിൽ അംഗമാണ്. ധാരാളം റേഡിയോ നാടകങ്ങളിലും ടി. വി. പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

കേന്ദ്രഗവണ്മെന്റിന്റെ ത്രിവത്സര ഗവേഷണ ഫെല്ലോഷിപ്പ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കവിതാസമ്മാനം, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ ജൂബിലി പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013), അൽബരിയോണ പുരസ്കാരം (2014), കോഴിക്കോട് സർവകലാശാല ഗാന്ധി ചെയർ പുരസ്കാരം (2014) ശ്രീരാമകൃഷ്ണസേവാ പുരസ്കാരം (2019 ),ഗാന്ധി ചിത്രകലാ ദേശീയ പുരസ്കാരം (2023) തുടങ്ങി നിരവധി അംഗീകാരങ്ങൾഎന്നിവ ലഭിച്ചിട്ടുണ്ട്..

കുട്ടികളിലും മുതിർന്നവരിലും നന്മകൾ വളർത്താൻ നവമന ബാലവികാസകേന്ദ്രം, നവമന വികാസ കേന്ദ്രം എന്നിവ സ്ഥാപിച്ചു. ജീവി തമൂല്യങ്ങൾക്ക് ഊന്നൽ നല്കുന്ന കവിത – കഥ ക്ലാസ്സുകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തി വരുന്നു.
ജനിച്ചത് കണ്ണൂരിലെങ്കിലും ഇപ്പോൾ എറണാകുളത്താണ് ശ്രീ പി.ഐ. ശങ്കര നാരായണൻ സാർ താമസിക്കുന്നത്

പി.ഐ. ശങ്കരനാരായണൻ സാറിൻ്റെ കഥയാണ് താഴെ കൊടുക്കുന്നത്.

തോണിയും മരക്കുറ്റിയും.

🛶🛶🛶🛶🛶🛶🛶🛶🛶🛶🛶🛶🛶🛶

🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵🪵

ശാന്തമായ നീലജലപ്പരപ്പ്. അതിൽ ചെറിയ ഓളങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഒരു തോണി മുന്നോട്ടുനീങ്ങി . തോണിയിൽ ഒരാൾ മാത്രം. തുഴയുന്നത് അയാൾ തന്നെ. ബന്ധു വീട്ടിലേക്കാണ് യാത്ര .

ലക്ഷ്യസ്ഥാനം അടുത്തു. അയാൾ തോണി കരയ്ക്കടുപ്പിച്ചു.പിന്നെ തോണിയെ ബന്ധിച്ച കയറുമായി ചുറ്റിലുംനോ ക്കി .അതാ …അവിടെ ഒരു കുറ്റിയുണ്ട്. തോണി ഒഴുകിപ്പോകാതി രിക്കാൻ അയാൾ ആ കയർ മരക്കുറ്റിയിൽ ചുറ്റിവരിഞ്ഞുകെട്ടി .

തോണിക്കാരൻ ബന്ധുവീട്ടിലേക്കു പോയപ്പോൾ മരക്കുറ്റി തോണിയോട് അഹങ്കാരത്തോടെ പറഞ്ഞു.

” അവിടെ കിട തോണീ ! നിൻ്റെ സ്വതന്ത്രമായ ഉല്ലാസയാത്ര ഞാനിതാ തളച്ചുനിർത്തിയിരിക്കുന്നു !”

തോണി മിണ്ടിയില്ല. പക്ഷേ, അതു ചിറ്റോളങ്ങളിൽ ഇളകിക്കൊണ്ടിരുന്നു. അതുകണ്ടു മരക്കുറ്റി വീണ്ടും കളിയാക്കിപ്പറഞ്ഞു.

” നീ എന്തിനാണു തോണീ കിടന്നു പിടയ്ക്കുന്നത് ? നല്ല രസമുണ്ടിപ്പോൾ നിന്നെക്കാണാൻ. കുറവൻ്റെ കൈയിലെ കുരങ്ങിനെപ്പോലെ.”

“തൽകാലം നീ പറഞ്ഞതെല്ലാം സത്യം തന്നെ.” തോണി പറഞ്ഞു.
“പക്ഷേ, ഒരു വശത്ത് എന്നെ ബന്ധിച്ചകയർ. മറുവശത്തു നിന്റെ ശരീരത്തിലും ബന്ധനത്തിന്റെ പാടുകൾ അസ്വസ്ഥത സൃഷ്ടി ക്കുന്നുണ്ടെന്ന കാര്യം മറക്കരുത്.”

” ഓ ! അത് ഞാൻ സഹിച്ചോളാം … എന്നാലും നിന്റെ യാത്രാസന്തോഷം ഞാൻ ഇല്ലാതാക്കിയില്ലേ ! ” മരക്കുറ്റി പൊട്ടിച്ചിരിച്ചു.
”ഹും എന്തൊരസൂയ! യജമാനൻ തിരിച്ചുവന്നാൽ ഞാൻ
ബന്ധനമുക്തനായി യാത്രതുടരുക തന്നെചെയ്യും. നീയോ ഇവിടെയിരുന്ന് മുരടിക്കുകയേ ഉള്ളൂ? മാത്രമല്ല നീ ചില വഴിയാത്രക്കാർക്ക് അപകടമുണ്ടാക്കിയെന്നും വരില്ലേ?”

തോണിയുടെ ആ ചോദ്യങ്ങൾക്കു മരക്കുറ്റിയിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ല. തോണി പിന്നെയും പറഞ്ഞു . ” അസൂയപ്പെട്ടും അഹങ്കരിച്ചും അന്യർക്കു ഉപദ്രവം ചെയ്തും കഴിയുന്നതിനെക്കാൾ നല്ലതല്ലേ അന്യരെ സഹായിച്ചുകൊണ്ടുള്ള ജീവിതം? ആളുകളെ മറുകരയെത്താനും ഉല്ലാസയാത്രയ്ക്കും ഞാൻ സഹായി ക്കുന്നു .മാത്രമല്ല, മീൻപിടിച്ചു ഉപജീവനം നടത്താനും. അതുപോലെ എന്തെങ്കിലുമൊന്നു ചെയ്യാൻ നിനക്കും ഇടയാകട്ടെ എന്നാണെന്റെ പ്രാർത്ഥന ”

അപ്പോഴേക്കും തോണിക്കാരൻ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു.
🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

നല്ല കഥ. അഹങ്കരിച്ച് മറ്റുള്ളവരെ കളിയാക്കിയും കുറ്റം പറഞ്ഞും കഴിയുന്ന അല്പന്മാർ ധാരാളമുണ്ട്. ഈ കഥയിലെ കുറ്റി അങ്ങനെ ഒന്നാണ്. നമ്മളൊരിക്കലും തിന്മയിലൂടെ പോവുകയില്ല എന്നു തീരുമാനിക്കണം..

———————————-

ഇനിയൊരു കവിതയാവാം കവിതയും ചൊല്ലി വരുന്നുണ്ടൊരാൾ.
ശ്രീ സി.വി.ഹരീന്ദ്രൻ.
നമുക്ക് ഹരീന്ദ്രൻമാമനെ പരിചയപ്പെട്ടാലോ. കുട്ടികൾക്കുവേണ്ടി ധാരാളം രചനകൾ നല്കിയ വ്യക്തിയാണ്.

1988 മുതൽ സിനിമാരംഗത്ത് കലാസംവിധായകൻ, സഹസംവിധായകൻ, പരസ്യകലാകാരൻ, മൊഴിമാറ്റ ചിത്രങ്ങളിൽ സംഭാഷണ – ഗാന രചയിതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ശ്രീ.സി.വി. ഹരീന്ദ്രൻ സാർ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാരിച്ചാലുകാരനാണ്. ആനുകാലികങ്ങളിലും മറ്റും കഥകളും കവിതകളും എഴുതുന്നുണ്ട്. രണ്ടു കഥാസമാഹാരങ്ങളും 12 സ്വതന്ത്ര വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ പ്രശസ്തരായ 54 എഴുത്തുകാരുടെ പെൻസിൽ ഛായാചിത്രങ്ങൾ വരച്ച്, 2017 ജൂലായിൽ എറണാകുളത്ത് ദർബാർഹാളിൽ പ്രദർശിപ്പിച്ചു.

വായനശാല എന്ന യൂട്യൂബ് ചാനലിലൂടെ ആഴ്ചതോറും (ഞായറാഴ്ച) മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ കഥകൾ വായിച്ചു പ്രസിദ്ധീകരിക്കുന്നു.

ഇപ്പോൾ എറണാകുളം ജില്ലയിൽ കാക്കനാട് വാഴക്കാലയിൽ താമസിക്കുന്നു.

ശ്രീ. സി.വി. ഹരീന്ദ്രൻ കുട്ടികൾക്കൂ വേണ്ടി എഴുതിയ കവിത.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄

പ്രായോഗിക ബുദ്ധി

വേനൽക്കാലം വന്നപ്പോൾ,
പുഴകൾ വറ്റിവരണ്ടപ്പോൾ
ദാഹമകറ്റാനൊരു കാകൻ,
ഗ്രാമാതിർത്തി കടന്നെത്തി.
ഏറെയലഞ്ഞു പറന്നപ്പോൾ,
ഏതോ വീടിൻ മുറ്റത്ത്
മൺകലമൊന്നിൽ കണ്ടെത്തി,
ഇത്തിരിവെള്ളം നിധിപോലെ!
വക്കിലിരുന്നു ശ്രമിച്ചിട്ടും,
ചുണ്ടു നനയ്ക്കാൻ കഴിയാതെ
ആശ നശിച്ചൊരു നേരത്ത്,
പുതിയൊരുപായം കണ്ടെത്തി.
മുറ്റത്തങ്ങിങ്ങായ് കണ്ട,
കല്ലു, കലത്തിൽ നിറച്ചപ്പോൾ
ഉയർന്നുവന്ന ജലം ചുണ്ടാൽ,
കുടിച്ചു ദാഹമകറ്റിയവൻ.

ദാഹിച്ചു വലഞ്ഞ കാക്കയുടെ കഥ കവിതയായി ഈണത്തിലായപ്പോൾ എന്താെരു മനോഹരം! ചൊല്ലി നടക്കാം. നമുക്ക് ഈ കവിത.

——————————————-
കഥാകവിതയ്ക്കു ശേഷം ഇതാ കഥയുമായി എത്തിയിട്ടുണ്ട് ,
ശ്രീ.എ.അബ്ദുൽ കരീം സാർ .

തൃശ്ശൂർ ജില്ലയിലെ ചേലക്കരക്കാരനാണ്. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദവും തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.. കോഴിക്കോട് സർവകലാശാലയിൽ നിന്നാണ് ബി.എഡ്. സമ്പാദിച്ചത്

മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപകനായിരുന്നു. മൂക്കുതല ഗവ: ഹയർ സെക്കന്ററി വിദ്യാലയത്തിൽ നിന്ന് 2021 ൽ വിരമിച്ചു.

ഖത്തറിലെ എം.ഇ.എസ്.ഇന്ത്യൻ സ്കൂളിലും അധ്യാപകനായിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ” കാട്ടിലെ കൂട്ടു കൃഷി ” എന്ന കഥാപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗൾഫിലായിരുന്നപ്പോൾ പത്രത്തിൽ “ഗൃഹപാഠം” എന്ന ഒരു പംക്തി ചെയ്തിരുന്നു. ആനുകാലികങ്ങളിൽ കഥയും കവിതയും ഫീച്ചറുകളും എഴുതാറുണ്ട്. മലയാളത്തിലെ മുൻനിര ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകളും കവിതകളും എഴുതാറുണ്ട്. ഇപ്പോൾ കുടുംബസമേതം എറണാകുളം ജില്ലയിലെ
ആലുവയിൽ താമസിക്കുന്നു.. .

ശ്രീ. പി.എ. അബ്ദുൾ കരീം സാർ എഴുതിയ കഥയാണ് താഴെ –

നല്ല അയൽക്കാർ

🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

കാടിനടുത്ത വലിയൊരു പേരാൽമരത്തിലായിരുന്നു കാക്കകൾ പാർത്തിരുന്നത്. അതിന്റെ ഉയർന്ന ഒരു കൊമ്പിലെ പൊത്തിലായിരുന്നു കിങ്ങിണിത്തത്തയും കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. അതിരാവിലെത്തന്നെ കാക്കകൾ “കാ കാ ” എന്ന് ഒച്ചയുണ്ടാക്കി ഇരതേടിപ്പോകും. അതു കഴിഞ്ഞാണ് കിങ്ങിണിത്തത്തമ്മ ഉണരുക. ഇളംവെയിലിന്റെ ചൂടേറ്റ് അവൾ തത്തിത്തത്തി അതിരാണിപ്പാടത്തേക്കു പറക്കും. തിരിച്ചു വരുമ്പോൾ അവളുടെ ചുവന്നചുണ്ടിൽ പൊൻനിറമാർന്ന പുന്നെൽക്കതിരുണ്ടായിരിക്കും. തത്തക്കുഞ്ഞുങ്ങൾക്ക് അതു കൊടുക്കും.

എന്നും പുറത്തേക്ക് പോകുംമുമ്പ് കിങ്ങിണിത്തത്ത അവരെ ലാളിച്ചുപറയും: “മക്കളേ, പുറത്തേക്കൊന്നും പോകല്ലേ. ആ കല പില കാക്കക്കൂട്ടങ്ങളോട് കൂട്ടുവേണ്ട. വൈകാതെ നമുക്കിവിടെനിന്നു മാറണം.”

ഒരു ദിവസം അവൾ വഴിക്കുവച്ച് മരംകൊത്തിയമ്മാവനെ കണ്ടു. അവൾ അമ്മാവനോടു ചോദിച്ചു:

“കാടായ കാടൊക്കെ കൊത്തി
നടക്കണ
മുത്താരം കാട്ടിലെ മുത്തമ്മാവാ,
അതിരാണിപ്പാടത്തെ
തെങ്ങേലെനിക്കൊരു
അഴകുള്ള പൊത്തൊന്നു
തീർത്തിടാമോ?

“ആപത്തിൽ സഹായിക്കുന്നവരാണ് അയൽക്കാർ. അവരെ വിട്ട് ഒറ്റയ്ക്കു പാർക്കുന്നത് നല്ലതല്ല.” മരംകൊത്തിയമ്മാവൻ പറഞ്ഞു. പക്ഷേ, കിങ്ങിണിത്തത്തമ്മ അതൊന്നും കേട്ടില്ല. കിങ്ങിണിയുടെ നിർബന്ധം കാരണം അവർ പാടത്തെ തെങ്ങിനടുത്തെത്തി. പാടത്തേക്കുള്ള ഭാഗത്ത് മരംകൊത്തിയമ്മാവൻ കൊത്തിക്കൊത്തി അഴകുള്ള കൂടുണ്ടാക്കി. അന്നുതന്നെ ആലിൻ പൊത്തിലുളള കുഞ്ഞുങ്ങളുമായി അവൾ പുതിയകൂട്ടിലേക്കു താമസംമാറ്റി.
അന്നൊരുനാൾ കിങ്ങിണി കായ്കനികൾ തേടി പറന്നുപോയസമയം. . അപ്പോഴാണ് മലവേലൻവേടൻ ആവഴി വന്നത്.പക്ഷികളെ ഇടാനുള്ള കൂടും തോളിലിട്ടാണ് വേലൻ്റെ വരവ്.

അയ്യോ! അവൻ തത്തക്കുഞ്ഞുങ്ങളെ കണ്ടുകഴിഞ്ഞു! പിന്നെ ഒരു കള്ളച്ചിരിയോടെ കൂടുതാഴെയിട്ട് തെങ്ങിലേക്ക് വേഗത്തിൽ കയറിത്തുടങ്ങി. കുഞ്ഞുങ്ങൾ പേടിച്ചുകരഞ്ഞു.

ആ സമയത്താണ് കിങ്ങിണിയുടെ വരവ്. അവൾ നടുങ്ങിപ്പോയി! പരിഭ്രമത്തോടെ തൻ്റെ കൂർത്ത കുഞ്ഞിക്കൊക്കു കൊണ്ട് അവൾ വേടനെ കൊത്തിക്കൊണ്ട് വട്ടമിട്ടു പറന്നു. ഒരു കൂസലുമില്ലാതെ അയാൾ കൂടിനടുത്തേക്കു നീങ്ങുകയാണ്.

ഭാഗ്യം! ഇരതേടിപ്പോകുകയായിരുന്ന കാക്കകൾ കിങ്ങിണിയുടെ കരച്ചിൽ കേട്ടു . അവ “കാ കാ ” എന്ന് ഒച്ചയിട്ട് മറ്റു കാക്കകളെ യെല്ലാം വിളിച്ചുവരുത്തി. ഞൊടിയിടകൊണ്ട്, കൂട്ടിനടുത്തെത്താറായ വേടൻ്റെ മണ്ടയിലും മുതുകത്തും ആഞ്ഞാഞ്ഞുകൊത്തി.

“ന്റമ്മോ” എന്നു കരഞ്ഞുകൊണ്ട് വേടൻ തെങ്ങിൽ നിന്ന് ഊർന്നിറങ്ങി. കൂടുമെടുത്ത് അവൻ ഓടെടാ ഓട്ടം!

കുറ്റബോധത്തോടെ കിങ്ങിണി കാക്കകളോടു പറഞ്ഞു:

“അടുത്തു പാർക്കും കൂട്ടരെവിട്ടു എടുത്തു ചാടിപ്പോയാലോ, തടുത്തിടാനാവില്ല നമുക്ക് കടുത്തൊരാപത്തെത്തുമ്പോൾ. “

അവൾ കാക്കകളോട് മാപ്പുചോദിച്ചു. അവരോടൊന്നിച്ച് സന്തോഷത്തോടെ ആൽമരത്തിലേക്കു പറന്നു.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

നല്ല കഥ. ചങ്ങാത്തത്തിൻ്റെ മേന്മയും മഹത്വവുമാണ് കഥയിലൂടെ തെളിഞ്ഞു വരുന്നത്.

———————————-
ദാ, ഒരു കുഞ്ഞിക്കവിതയും പാടി വരുന്നതാരെന്ന് നോക്കൂ. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽപ്പെട്ട പാലപ്പെട്ടി ഗ്രാമത്തിൽ പിറന്ന ശ്രീ.ടി.കെ. ഉണ്ണി എന്ന കവിയാണ്.

അദ്ദേഹത്തിന് കവിതയിലും ബ്ലോഗിങ്ങിലുമാണ് താല്പര്യം ‘പുലരിപ്പൂങ്കനൽ ”, “ഉന്മാദകേളികൾ” എന്നീ രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.കെ.ബുക്സ്, മേഴത്തൂർ പ്രസിദ്ധീകരിച്ച കാവ്യസദ്യ, കുട്ടികളുടെ കാവ്യസദ്യ കാവ്യോത്സവം, കവിതാവർഷം എന്നിവയിൽ 10 വീതം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഴുത്തുപുര പബ്ലിക്കേഷൻസിന്റെ “കുരുന്നോല”യിലും . തീമരത്തണൽ കൂട്ടായ്മയുടെ “പകൽമഴ നനഞ്ഞ കവിതക”ളിലും കെ.എൽ.44 സർഗ്ഗവേദിയുടെ “കിളുർപ്പി”ലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കൃതി സാഹിത്യക്കൂട്ടായ്മയുടെ “കനവെരിയും കനലുകൾ” എന്ന കവിതാസമാഹാരം എഡിറ്റ് ചെയ്തിട്ടുണ്ട്.

1984 മുതൽ 2022 വരെ പ്രവാസിയായിരുന്നു.

മകൻ ലെനിൻ രാജ്. ദുബൈയിൽ ഐ.ടി. എൻജിനീയറാണ്. ഇപ്പോൾ ഭാര്യ ശോഭന യോടൊപ്പം എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലുള്ള കീഴില്ലം ഗ്രാമത്തിലാണ് സ്ഥിരവാസം.

ശ്രീ.ടി.കെ. ഉണ്ണി എഴുതിയ കവിതയാണ് താഴെ
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

🪻🌻🌼💐🌹🥀🌺🌷🪷🌸💮🏵️💐🌹

പൂമ്പാറ്റ

പൂക്കാലം വന്നല്ലോ,പൂമാരി
പെയ്തല്ലോ
പൂന്തേനുണ്ണാൻ വാ പൂമ്പാറ്റേ! പൂമണമ
റിയാഞ്ഞോ,പൂമ്പൊടിയില്ലാഞ്ഞോ
പൂക്കൾ പറിക്കേണം പൂമ്പാറ്റേ!
പൂപ്പൊലി ഒന്നായി പാടീടുമ്പോൾ
പാറിപ്പറക്കാത്തതെന്താണ് നീയും?

ഓണപ്പൂമ്പാറ്റയാണ് കവിതയിൽ പാറിക്കളിക്കുന്നത്. പാടാൻ നല്ല രസകമായ കവിതയല്ലേ, ഓണക്കാലത്ത് ആടിപ്പാടിക്കളിക്കാം.
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ഇത്തവണത്തെ വിഭവങ്ങളൊക്കെ ഇഷ്ടമായോ? വായിക്കുന്ന കൂട്ടുകാർ ഇത് മറ്റു ചങ്ങാതിമാർക്കു കൂടെ ഷെയർ ചെയ്തു കൊടുക്കണേ . അങ്ങനെ അവരും സന്തോഷിക്കട്ടെ .

പ്രിയമുള്ള പുതിയ വിഭവങ്ങളുമായി നമുക്കിനി നക്ഷത്രക്കൂടാരത്തിന്റെ പുതിയവാതിൽ തുറക്കാനെത്തുമ്പോൾ കാണാം കുട്ടുകാരേ……!!.

സ്നേഹത്താേടെ,
നിങ്ങളുടെ.. സ്വന്തം

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments