Thursday, November 14, 2024
Homeസ്പെഷ്യൽമഴപ്പെയ്ത്ത് (ഓർമ്മക്കുറിപ്പുകൾ- 8) ✍സൂര്യഗായത്രി മാവേലിക്കര

മഴപ്പെയ്ത്ത് (ഓർമ്മക്കുറിപ്പുകൾ- 8) ✍സൂര്യഗായത്രി മാവേലിക്കര

സൂര്യഗായത്രി മാവേലിക്കര

മഴയായാൽ ഞങ്ങളുടെ നാട്ടിലെമ്പാടും വള്ളംകളികളുടെ പൂരമാണ്. പൂരങ്ങളുടെ പൂരം തൃശ്ശൂർ പൂരമെന്നു പറയുന്നതു പോലെ വള്ളംകളികളുടെ മാമാങ്കപ്പെരുമയുടെ നാട്ടിലെ മഹോത്സവമാണ് നെഹ്റുട്രോഫി വള്ളംകളി. അന്ന് കുട്ടനാടും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വീടുകളിലേയ്ക്കും ജാതി മത ഭേദമന്യേ വിവിധ ദേശങ്ങളിൽ നിന്നും വിരുന്നുകാരെ ത്തും. ആരാണ് ഇക്കുറി നെഹ്റുട്രോഫി കരസ്ഥമാക്കുന്നതെന്നുള്ള വാതുവിളികൾ ചിലപ്പോഴൊക്കെ കയ്യാങ്കളിയിലേക്കും എത്താറുണ്ട്. ചമ്പക്കുളം മൂലം വള്ളംകളിയോടു കൂടിയാണ് വള്ളം കളികൾക്ക് തുടക്കം കുറിയ്ക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു അനുഷ്ടാനം കൂടിയാണ് മൂലം വള്ളംകളി.

നിരവധി കായലുകളും തോടുകളും, ചാലുകളും വരമ്പുകളും,ഏക്കറുകണക്കിന് മറുകര കാണാത്തത്ര ദൂരം വിളഞ്ഞു പഴുത്തു കിടക്കുന്ന വയലേലകളും പൊൻകതിർ പൂങ്കുലകൾ പീതവർണ്ണപട്ടുടുത്തു നാണത്താൽ മുഖം കുനിച്ചു നിൽക്കുന്ന നവോഢകളെപ്പോലെ മനോഹരമായ പാടശേഖരങ്ങളും കൊണ്ട് പ്രകൃതി മനോഹരിയാക്കിയ നാട്.

ചെറുതോടുകളിൽ വാലു കുണുക്കി തെന്നി തെന്നി നീങ്ങുന്ന താറാവിൻ പറ്റങ്ങൾ, തോടിനരികിലായി ചെറുവലകളുമായി മീൻപിടിക്കുവാൻ നിൽക്കുന്ന മീൻ പിടുത്തക്കാർ, ഇടയ്ക്കിടയ്ക്കു കടന്നു പോകുന്ന സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടുകൾ. അവയിൽ ട്രൗസറുംബനിയനുമിട്ട് കായൽ കാഴ്ച്ചകളുടെ ഹരിതാഭ കാഴ്ച്ചകൾ തങ്ങളുടെ ക്യാമറക്കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കുന്ന സായിപ്പന്മാരും മദാമ്മമാരും. വള്ളം കളി സമയത്താണ് ഇവരെ അധികവും കാണാറുള്ളത്. (ഇന്നത്തെപ്പോലെ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളുമൊന്നും അന്നില്ല.) ചെറുവള്ളങ്ങളിൽ വള്ളം കളി നടക്കുന്ന കായലിലേക്ക് ചെറുതുഴയെറിഞ്ഞു മെല്ലെപ്പോകുന്ന കളിപ്രേമികൾ. അങ്ങനെ അന്ന് തെരുവുകളും നഗരങ്ങളും ഗ്രാമവഴികളുമൊക്കെ ജനനിബിഡമായിരിയ്ക്കും .

നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് എല്ലാ വർഷത്തെയും ആഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ചയാണ്. അതു കൊണ്ടു തന്നെ അമ്മയ്ക്കും പപ്പയ്ക്കും ഓഫീസ് അവധിയായിരിക്കും. ഉച്ച കഴിഞ്ഞ് നേരത്തെ തന്നെ ഞങ്ങൾ ടൗണിലേക്കു പുറപ്പെടും. ദേശീയപാതയിൽ മാത്രമേ അന്നൊക്കെ ബസ് സൗകര്യമുള്ളു. ഞങ്ങൾ താമസിയ്ക്കുന്നയിടത്തു നിന്നും പത്തുമിനിറ്റോളമെടുക്കും ദേശീയ പാതയിലേക്കെത്തുവാൻ. അവിടെ നിന്നും KSRTC ‘ബസ്സിൽ കയറി നേരെ ടൗണിലേക്ക്. ഏകദേശം ഏഴുകിലോമീറ്ററോളം ഉണ്ട് ടൗണിലേക്ക്. ഏകദേശം പകുതി ദൂരം പിന്നിടുവോൾ തന്നെ ആർപ്പുവിളികളും വള്ളപ്പാട്ടുകളും ഉച്ചത്തിൽ കേട്ടു തുടങ്ങും. ആകാശവാണി ആലപ്പുഴ നിലയം വള്ളംകളിയുടെ തത്സമയ സംപ്രേഷണം നടത്തുന്നതിനാൽ കടകളുടെയൊക്കെ മുന്നിലും തിരക്കുണ്ടാകും.

മുല്ലയ്ക്കൽ ജംഗ്ഷൻ എത്തുമ്പോൾ ഞങ്ങൾ അവിടെയിറങ്ങും. പേരു പോലെ തന്നെയാണ് മുല്ലയ്ക്കൽ തെരുവ്.എവിടെയും മുല്ലപ്പുക്കൾ കച്ചവടത്തിനുണ്ടാകും. കുട്ടകളിൽ ഇലകൾ നിരത്തി അതിൽ നിറച്ചു വെച്ചിരിക്കുന്ന മനോഹരമായ മുല്ലമൊട്ടുകൾ. മുല്ലയ്ക്കൽ ധാരാളം പട്ടന്മാരും തുളു ബ്രാഹ്മിൺസും,ചെട്ടിപ്പിള്ളമാരും തമിഴ് ബ്രാഹ്മിൻസുമൊക്കെ അന്ന്താമസിച്ചിരുന്നു. ‘ഭീമയുടെ സ്വർണ്ണക്കടയും മണിയണ്ണൻ എന്നു ഞങ്ങളൊക്കെ വിളിയ്ക്കുന്ന മണിസാറിൻ്റെ എവിജെ ജ്വല്ലറിയും പിന്നെക്കുറച്ച് ചെറിയ സ്വർണ്ണക്കടകളും ശീമാട്ടി , വി എസ് വി , മഹേശ്വരി, സ്വാമീസ് തുടങ്ങിയ വലിയ തുണിക്കടകളും കുറച്ച് സസ്യഭക്ഷണ ശാലകളും, തെരുവിൻ്റെ ഇരുവശങ്ങളിലായി ഇരുമ്പ്, അലൂമിനിയം , സ്റ്റീൽ തുടങ്ങിയവകൊണ്ടു നിർമ്മിച്ച പാത്രങ്ങൾ കച്ചവടം ചെയ്യുന്നവരും നെല്ലിക്ക, പഴങ്ങൾ തുടങ്ങിയവ വിൽക്കുന്ന കച്ചവടക്കാരും, കളിപ്പാട്ടങ്ങൾ ബലൂണുകൾ ,വളകൾ, പൊട്ടുകൾ തുടങ്ങിയവ വിൽക്കുന്നവരുമൊക്കെയായി തെരുവു സജീവം. പട്ടത്തിമാർ (തമിഴ് ബ്രാഹ്മണ സ്ത്രീകൾ ) പതിനെട്ടു മുഴം ചേലയുടുത്തു മൂക്കിൻ്റെ ഇരുവശത്തും വൈരക്കല്ലു മൂക്കുത്തിയും ധരിച്ച് നീളമുള്ള മുടി മെടഞ്ഞ് അറ്റം റിബൺ കെട്ടി നിറയെ മുല്ലപ്പൂക്കൾ ചൂടി, കഴുത്തിൽ മഞ്ഞൾ ചരടിൻ്റെ മംഗല്യസൂത്രംധരിച്ച് കൈകളിൽ പല വർണ്ണങ്ങളിലെ കുപ്പിവളകൾ അണിഞ്ഞ്, പാദങ്ങൾ നിറഞ്ഞു കിടക്കുന്ന വെള്ളിപ്പാദസരങ്ങൾ അണിഞ്ഞ് കാൽവിരലുകളിൽ വീതിയുള്ള മിഞ്ചികൾ അണിഞ്ഞ്, മുഖത്ത് മഞ്ഞൾ തേച്ചു സൗന്ദര്യം കൂട്ടി തമിഴും തുളുവും ഇടകലർത്തി കലപിലാസംസാരിച്ചു കൊണ്ടു കടന്നു പോകുന്ന കാഴ്ച്ചകൾ ഇന്നും മനസ്സിന് ഉന്മേഷം പകരുന്ന രസക്കാഴ്ച്ചകളുടെ ഓർമ്മ തിമർപ്പുകളാണ്. വി എസ് വി എന്നു പേരുള്ള തമിഴ് ചെട്ടിയാരുമാരുടെ ഹോൾസെയിൽ കടയിൽ നിന്നാണ് അന്ന് പുതിയ തുണിത്തരങ്ങൾ എടുക്കുന്നത്. ഇപ്പോഴത്തെപ്പോലെ റെഡിമെയ്ഡ് ഷോപ്പുകൾ അധികമായി അന്നില്ല. സ്ഥിരം തുണികൾ എടുക്കുന്നതുകൊണ്ടും പപ്പയും അമ്മയും ഉദ്യോഗസ്ഥരായതു കൊണ്ടും, അവർ പുതിയ ഫാഷൻ തുണിത്തരങ്ങളുടെ സ്റ്റോക്കുകൾ നമുക്ക് കാട്ടിത്തരുമായിരുന്നു. പ്രത്യേകിച്ചും അമ്മയ്ക്കുള്ള സാരിത്തരങ്ങൾ പോലുള്ളവ

ഓണമൊക്കെ വരുമ്പോൾ ഓണക്കോടിയെടുക്കുന്നത് അവിടെ നിന്നാണ്. ഇന്നത്തെപ്പോലെ ആഴ്ച്ചയിൽ ആഴ്ച്ചയിൽ തുണിയെടുക്കുന്ന പതിവൊന്നും അന്നില്ല. വില കൂടിയ പട്ടുസാരികളൊക്കെ രാജു സ്വാമിയുടെ കടയായ ശീമാട്ടിയിൽ നിന്നാണ് എടുക്കുന്നത് എനിയ്ക്കുള്ള പട്ടു പാവാടത്തുണികളും മറ്റും ചിലപ്പോഴൊക്കെ അവിടെ നിന്നുമെടുക്കും.. ഒരു വർഷത്തേയ്ക്കു ആവശ്യമുള്ള ബെഡ്ഷീറ്റുകൾ, കൈലികൾ, തോർത്ത്, വീട്ടിലിടുവാനുള്ള തുണികൾ ഇവയൊക്കെ ഓണത്തിനാണ് വാങ്ങുന്നത്.

അമ്മമ്മയ്ക്കുള്ള മുണ്ടും നേരൃതും അപ്പൂപ്പൻ്റെ പോളിസ്റ്റർ മുണ്ടും ജൂബയ്ക്കുള്ള തുണിയും അമ്മയാണ് എടുക്കുന്നത്. ‘അമ്മമ്മയ്ക്ക് നല്ല ഭംഗിയുള്ള കരയുടെ മുണ്ടും നേരൃതും അമ്മ എടുത്തു കൊടുക്കാറുണ്ട്.. തുണിത്തരങ്ങളൊക്കെ എടുത്തു കഴിഞ്ഞ് ഞാൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സ്ഥലത്തേക്കാണ് പിന്നെ ഞങ്ങൾ പോകുന്നത്. ഇൻഡ്യൻ കോഫിഹൗസിൽ ചായ കുടിയ്ക്കുവാൻ. നല്ല നാടൻ കാപ്പിപ്പൊടിയുടെ നറുമണം പരക്കുന്ന പാൽചായ ചെറിയ ഗ്ലാസ്സിൽ കൊണ്ടുവന്നു വെയ്ക്കുമ്പോഴുള്ള ഒരു ഹൃദ്യമായ സുഗന്ധമുണ്ട്. രസമുകുളങ്ങളെ പൊട്ടിത്തരിപ്പിക്കുന്ന രുചിഗന്ധം.കാപ്പിയുടെ കൂടെ ചൂടോടെ എണ്ണയിൽ പൊരിച്ചെടുത്ത മട്ടൺ കട്ലറ്റും സോസും സലാഡും. കത്തിയും മുള്ളുപയോഗിച്ച് സാവധാനം ചെറിയ കഷണങ്ങളാക്കി മുറിച്ച കട്ലേറ്റ് ,തക്കാളി സോസിൽ മുക്കിക്കഴിക്കുമ്പോഴുള്ള ഒരു സ്വാദ് പറഞ്ഞറിയിക്കുവാനാകാത്തതാണ്. അതുപോലെ നല്ല നെയ്യ് തടവി മൊരിച്ചെടുത്ത മസാല ദോശയും വടയും.സ്പെഷ്യൽ മസാലയാണ് അവർ ദോശയിൽ നിറയ്ക്കുന്നത്.. ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ആവിയിൽ വേവിച്ച് ഇറച്ചി മസാല ചേർത്തുണ്ടാക്കുന്ന രുചിക്കൂട്ട് ഇന്നും എൻ്റെ നാവിൽ ഓർമ്മയുടെ വള്ളം കളിതുള്ളലാണ് ചായ കുടിച്ചു കഴിഞ്ഞ് അത്യാവശ്യം വേണ്ട സാധനങ്ങൾ,( നെല്ലിക്ക,, മാങ്ങ, പേരയ്ക്ക ) തുടങ്ങിയവ വാങ്ങി പിന്നെ തിരികെ പോകുവാൻ ബസ് സ്റ്റോപ്പിലേക്ക്. ചിലപ്പോഴൊക്കെ നഗരമധ്യത്തിലെ സിനിമാ തീയറ്ററിൽ പോയി സിനിമയും കാണാറുണ്ട്. വീരയ്യാ, ശീമാട്ടി പങ്കജ് ഇതൊക്കെയായിരുന്നു നല്ല പടങ്ങൾ ഓടിയ്ക്കുന്ന തീയേറ്ററുകൾ.

കുറച്ച് നടക്കുവാനുണ്ട് ബസ് നിറുത്തുന്നയിടത്തേയ്ക്ക്. പൊതുവേ അന്നും ഇന്നും നടക്കുന്ന കാര്യത്തിൽ ഞാൻ അൽപ്പം പിന്നോട്ടാണ്.. എന്നാലും അമ്മയുടെ വഴക്കു പേടിച്ച് നടക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല. സന്ധ്യ മയങ്ങി തുടങ്ങുമ്പോൾ തിരികെ ബസ്സിൽ കയറി വീട്ടിലേയ്ക്ക്.ബസ്സിൽ കയറിയിരിക്കുമ്പോൾ സന്ധ്യയുടെ ചുവന്ന ആകാശത്തിനുമുകളിലായി രാവ്തൻ്റെ കരിമ്പടമെടുത്തു പുതയ്ക്കുവാൻ തുടങ്ങുമ്പോൾ കടവാവലുകൾ ഉറക്കമുണർന്നു തങ്ങളുടെ വീതിയുള്ള ചിറകുകൾ വിടർത്തി മന്ത്രവാദിനികളെപ്പോലെ പറന്നു പൊങ്ങുന്ന കാഴ്ച്ചകൾകാണാം. അന്നും ഇന്നും വാവലുകളെക്കാണുമ്പോൾ എന്തോ ഭീതിപ്പെടുത്തുന്ന ചില ഓർമ്മക്കാഴ്ച്ചകൾ എന്നെ അലോസരപ്പെടുത്താറുണ്ട്.

ഞങ്ങളുടെ സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ എട്ടുമണിയൊക്കെയാകും. എനിയ്ക്ക് അപ്പോഴേയ്ക്കും ഉറക്കം വന്നു തൂങ്ങി തുടങ്ങിയിട്ടുണ്ടാകും. ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്ററുണ്ടാകും വീട്ടിലേയ്ക്ക്. വഴിവിളക്കുകളൊന്നുമില്ല. കറൻ്റുള്ള വീടുകൾ തന്നെ വളരെക്കുറവാണ്. പപ്പയുടെ കൈയിൽ ബാറ്ററിയിൽ പ്രവർത്തിയ്ക്കുന്ന വലിയ ടോർച്ചുണ്ടാകും. അത് തെളിച്ചു കൊണ്ട് പപ്പ മുൻപേനടക്കും. ഞാൻ അമ്മയുടെ സാരിത്തുമ്പ് പിടിച്ച് ഉറക്കം തൂങ്ങി മെല്ലെപ്പോകും. വീടെത്തിയാൽ പിന്നെ നേരെ ഉറങ്ങുവാൻ പോകും.

വിത്തു വിതച്ച പാടങ്ങളൊക്കെ ചിങ്ങമാസമാകുമ്പോൾ പാകമെത്തും
വയലുകളിൽ നെല്ലുവിളഞ്ഞു തുടങ്ങുമ്പോൾ സ്ത്രീകളൊക്കെ കൊയ്യുവാൻ പോകും.. വീടിൻ്റെ അടുത്തുള്ള കരപ്പാടങ്ങളും വിളഞ്ഞു തൂങ്ങിയ കതിർക്കുലകളുടെ ഭാരത്തിനാൽ ശിരസ്സു കുനിച്ച് നിൽക്കുന്നുണ്ടാകും. ഓണമടുക്കുമ്പോൾ അവയൊക്കെ കൊയ്തു കൊണ്ടു വന്ന് മെതിക്കളങ്ങളിൽ കെട്ടിവെച്ച് കറ്റമെതിച്ച് നെല്ല് വേറെ വയ്ക്കോൽ വേറെയായി തരം തിരിച്ചു വെയ്ക്കും .കാറ്റിൻ്റെ ഗതിയനുസരിച്ച് നെല്ല് ചെറുകുട്ടകളിലാക്കി സ്ത്രീകൾ നിന്ന് തൂവി കൊടുക്കും. അപ്പോൾ വിളഞ്ഞ നെൻമണികളും വിളയാത്ത പതിരും വേറെ കിട്ടും. ഈ നെല്ല് ഉണക്കി വലിയ നെൽപ്പെട്ടികളിൽ സൂക്ഷിയ്ക്കും. എൻ്റെ വല്യമ്മയുടെ വീട്ടിലുമുണ്ടായിരുന്നു നെല്ലു സൂക്ഷിയ്ക്കുന്ന ഒരു തടിപ്പെട്ടി. കൊയ്ത്ത് കഴിഞ്ഞ് ഉതിർന്നു വീഴുന്ന കതിർമണികൾ പെറുക്കുവാൻ ദളിതരും പിന്നോക്ക വിഭാഗത്തിലുള്ളതുമായസ്ത്രീകളും പടിഞ്ഞാറു നിന്നും മുക്കുവ വിഭാഗത്തിൽപെട്ട കൃസ്ത്യൻ സ്ത്രീകളുമെത്തും രണ്ടും മൂന്നു ചാക്ക് നെല്ലുവരെ ഓരോരുത്തരും പെറുക്കിയെടുക്കും. ഞാനും വല്യമ്മയുടെ മക്കളും കൂടി പാടത്തിറങ്ങി ഇവർക്കൊക്കെ നെല്ല് പെറുക്കി കൊടുക്കുവാൻ സഹായിക്കാറുണ്ട്. പച്ചനെല്ല് വെയിലത്തുണക്കി ഉരലിൽ കുത്തിയെടുത്ത് അവർ ഓണത്തിനുള്ള പലഹാരങ്ങളും മറ്റുമുണ്ടാക്കും . ചിലർ മില്ലിൽ കൊണ്ടുപ്പോയി അരി പൊടിപ്പിച്ച് പൊടിയാക്കി സൂക്ഷിയ്ക്കും. വിൽപ്പനയ്ക്കായി. ഓണത്തിന് ഞങ്ങളുടെ അടുത്തുള്ള വീട്ടിൽ നിന്നാണ് അമ്മ അരിപ്പൊടി വാങ്ങുന്നത്. ‘ഇളം തവിട്ടുനിറത്തിലുള്ള പൊടി ,പലഹാരങ്ങളും മറ്റുമുണ്ടാക്കുന്നതിനായി ഉപയോഗിക്കും. വളരെ സ്വാദിഷ്ടമായ നാടൻ രുചിയുടെ കലർപ്പില്ലാത്ത ഓർമ്മകൾ.ഓണം, പൂരം, വിഷു തുടങ്ങിയ ആഘോഷ ദിവസങ്ങളിലാണ് അവർ പട്ടിണി മാറ്റി വിശപ്പു തീർത്തു ഭക്ഷണം കഴിയ്ക്കുന്നത്.

പൂവിളിയുടെ പൂപ്പടത്തുള്ളലിനായി കുഞ്ഞുങ്ങൾ ഇറങ്ങിത്തുടങ്ങുന്നു. പൊന്നിൻ തിരുവോണമെത്തുകയാണ്. ഓർമ്മ നിനവിൻ്റെ പാൽപ്പായസ മധുരവുമായി .എഴുതിയാലും തീരാത്ത മധുരമൂറുന്നഓർമ്മകൾ വിരുന്നെത്തിത്തുടങ്ങുന്നു..

സൂര്യഗായത്രി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments