കർക്കിടകത്തിൻ്റെ കലിയിളക്കം പതിയെ ശമനതാളത്തിൻ്റെ ചേങ്കില കൊട്ടി ചുവടുമാറ്റിത്തുടങ്ങുകയായി. പ്രകൃതി തൻ്റെ സുഖചികിത്സ കഴിഞ്ഞ് പൊൻചിങ്ങത്തിൻ്റെ പുതിയ ഉടയാടയണിയുവാൻ തിടുക്കം കൂട്ടി തുടങ്ങി. ഓർമ്മകളിലെവിടെയോ ഓണക്കിളിയുടെ ചെറുകുറുങ്ങൽ കേൾക്കുന്നു. ഒരിയ്ക്കലും തിരികെ കിട്ടാത്ത ഓർമ്മകളുടെ ചാറ്റൽ മഴപ്പെയ്ത്ത്.
ഇടയ്ക്കിടക്ക് അമ്മ നാട്ടിലേയ്ക്ക് പോകും. അനുജൻ അമ്മമ്മയുടെയടുത്താണല്ലോ. നാട്ടിൽ പോയി വരുമ്പോൾ അമ്മ അനുജൻ്റെ വിശേഷങ്ങൾ പറയും .വയ്യാത്ത കുഞ്ഞായതുകൊണ്ട് അവനെ നോക്കുവാൻ രണ്ടു പേരു വേണം. തറവാട്ടിൽ പിന്നെ അപ്പൂപ്പനും അമ്മാവന്മാരുമുണ്ട്. തലയുറയ്ക്കുവാൻ താമസിച്ചതിനാൽ ഒരുപാടു ചികിത്സകൾ വേണ്ടി വന്നു അവന്.. അമ്മമ്മ എന്നിൽ നിന്നും ഒരു നിഴലുപോലെ മാഞ്ഞു പോകുന്നത് നെഞ്ചിലെ ഒരിയ്ക്കലും തീരാത്ത വിങ്ങലായി, . പല രാത്രികളിലും ഉറക്കത്തിൽ പേടിച്ച് കരഞ്ഞ് ബഹളം വെച്ചിട്ടുണ്ട്. അമ്മമ്മയുടെ അടുത്ത്, ആ ചുളുങ്ങി മെല്ലിച്ച കൈകളുടെ സംരക്ഷണയിൽ വല്ലാത്തൊരു സുരക്ഷിതത്വബോധമുണ്ടായിരുന്നു. ഇവിടെ ഒറ്റയ്ക്ക് കിടക്കുമ്പോൾ കുറെക്കാലത്തേയ്ക്ക് ഉറങ്ങുവാൻ സാധിക്കില്ലായിരുന്നു. എൻ്റെ പ്രിയപ്പെട്ട ഗ്രാമം. നാട്ടിൻ പുറത്തിൻ്റെ നിഷ്കളങ്കത . ഇവയൊക്കെ എന്നേക്കുമായി പറിച്ചെറിയപ്പെട്ടു. ജനിച്ച നാടു വിട്ടു വേറെ എവിടെയൊക്കെ താമസിച്ചാലും നമ്മൾ വെറും അഭയാർത്ഥികൾ മാത്രമാണ്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതം കരുപ്പിടിപ്പിക്കേണ്ട ആവിശ്യത്തിനായി അഭയം തേടി ചെന്നവർ.
നാട്ടിലെപ്പോലെയല്ല ഇവിടത്തെ മഴക്കാലം. വയലുകളിലൊക്കെ വെള്ളം നിറയും. അപ്പോൾ ധാരാളം കൊറ്റിക്കൂട്ടങ്ങൾ ദേശാടകരായി എത്തും. തോട്ടിലും മറ്റും വെള്ളം നിറഞ്ഞ് അടുത്തുള്ള പറമ്പുകളിലേക്കും ചാലുകളിലേക്കുമൊക്കെ ഒഴുകിത്തുടങ്ങും.എൻ്റെ അയൽവാസികൾ കൂടുതലും കൂലിപ്പണിക്കാരും പാടത്തെ തൊഴിലാളികളുമായിരുന്നു. മഴ കനത്തു തുടങ്ങുമ്പോൾ രാത്രികാലങ്ങളിൽ പെട്രോമാക്സ് വിളക്കുകളുമായി അവർ മീൻ പിടിയ്ക്കുവാൻ ഇറങ്ങും. ഒരു കൂട്ടർ വലിയ ടോർച്ചുകളുമായി തവള പിടുത്തത്തിനും. അന്ന് തവളയെ പിടിക്കുന്നതിന് നിയമവിലക്കുകൾ വന്നിട്ടില്ല എന്നാണ് ഞാനോർക്കുന്നത്.. ചാറ്റൽ മഴപ്പെയ്ത്തിൽ സന്ധ്യ കഴിയുമ്പോൾ തോട്ടിൽ നിന്നും നാടൻ മത്സ്യങ്ങളായ, വരാൽ, കാരി ( കടു), ചെമ്പല്ലി (കല്ലേമുട്ടി ) മുഷി, തൂളി, തുടങ്ങിയ മൽസ്യങ്ങൾ മുട്ടയിട്ടുവാനും പ്രജനനത്തിനുമായി തോട്ടിൽ നിന്നുള്ള വലിയ ഒഴുക്കിൽ നിന്നും പാടത്തേയ്ക്ക് സഞ്ചരിയ്ക്കും പെരുമഴപ്പെയ്ത്തിൽ അവ ഇറങ്ങാറില്ല .ചാറ്റൽ മഴപ്പെയ്ത്തിലാണ് കൂട്ടമായി സഞ്ചരിയ്ക്കുന്നത്. അപ്പോൾ അവിടെയുള്ള ഗ്രാമീണർ മീൻ വെട്ടിപ്പിടിയ്ക്കുന്ന വാളും, മീൻകൂടുകളുമായി പാടത്തേയ്ക്കിറങ്ങും പുലർച്ചെ വരെ ഈ മീൻപിടുത്തം നടത്തും. പിടിച്ച മീനുകൾ , മുറിവ് പറ്റിയത്, മുറിവേൽക്കാത്തവ ഇങ്ങനെ തരം തിരിയ്ക്കും മുറിവേറ്റതിനെ അയൽപക്കക്കാർക്കും , അവർക്കും കറിയ്ക്കും മറ്റുമായി എടുക്കും. മുറിവേൽക്കാത്ത മീനുകളെ വലിയ തടിപ്പെട്ടിയിൽ വെള്ളം നിറച്ച് അയൽ ജില്ലകളിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടു പോകും. എൻ്റെ വീടിൻ്റെ വടക്കേതിൽ താമസിച്ചിരുന്ന കുടുംബം ഞങ്ങൾക്ക് മീനുകളെ കറിവെക്കുവാൻ തരുമായിരുന്നു. ഒരിയ്ക്കൽ വലിയ ഒരു മുഷിയെ അവർ കറിവെക്കുവാൻ കൊണ്ടുത്തന്നു. അമ്മ അതിനെ മുറിച്ചപ്പോൾ അതിനുള്ളിൽ ധാരാളം പരിഞ്ഞിൽ (മൽസ്യമുട്ട) ഉണ്ടായിരുന്നു. അമ്മ അവയെ കഴുകി വൃത്തിയാക്കി ചെറിയുള്ളി, തേങ്ങാ, കാന്താരി, ഇഞ്ചി, കറിവേപ്പില, ഉപ്പ്, മഞ്ഞൾ പൊടി ഇവ ചേർത്ത് നന്നായി ഉടച്ച് വാഴയിലയിൽ വെളിച്ചെണ്ണ തടവി അതിൽ വെച്ച് മുട്ട പൊരിയ്ക്കുന്നതുപോലെ പൊരിച്ചെടുത്തു.. അത് വാഴയിലയിൽ കിടന്നു വെന്തു വരുമ്പോഴുള്ള ഒരു മണമുണ്ട്. എത്ര വിശപ്പില്ലാത്തവൻ്റെയും രസനയ്ക്ക് ലഹരി കൊടുക്കുന്നത് പോലെ ഇത്ര ഹൃദ്യമായ ഗന്ധം പിന്നെ അമ്മ അയല തേങ്ങാപ്പാൽ ചേർത്ത് വാഴയിലയിൽ പൊള്ളിക്കുമ്പോൾ മാത്രമേ എനിക്കനുഭവപ്പെട്ടിട്ടുള്ളു. വളരെ രുചികരമായ ആ മീൻ മുട്ടയുടെ സ്വാദ് പറഞ്ഞറിയിക്കുവാൻ വയ്യാത്ത വിധം സ്വാദിഷ്ടമാണ്. തവള പിടുത്തക്കാരാകട്ടെ തവളകളെപ്പിടിച്ച് ചാക്കുകളിലാക്കി ചാരായഷാപ്പുകളിൽ കൊണ്ടു പോയി വിൽക്കും.തവളയിറച്ചിയ്ക്ക് നല്ലവില കിട്ടും ഷാപ്പുകളിൽ. അന്നൊന്നും ചാരായ നിരോധനം നിലവിൽ വന്നിട്ടില്ല.
മഴ അടച്ചു പിടിയ്ക്കുമ്പോൾ നടവഴികളൊക്കെ വെളളം കൊണ്ടു നിറയും. ഞങ്ങൾ കുട്ടികൾ ഈ വെളളത്തിൽ കാലുകൾ കൂട്ടി ചേർത്ത് പടക്കം പൊട്ടിക്കുന്നതു പോലെ ശബ്ദമുണ്ടാക്കികളിയ്ക്കും. എൻ്റെ വല്യമ്മയുടെ മക്കളുടെയൊക്കെ കാലുകൾ ഈ വെള്ളത്തിലിറങ്ങി വളം കടിച്ചു നാശമാകാറുണ്ട്. അപ്പോൾ വല്യമ്മ മയിലാഞ്ചി ,മഞ്ഞളും കൂടിചേർത്തരച്ച് കാലുകളിൽ പുരട്ടി കൊടുക്കും ഞാനും ഇതു കണ്ട് അവരുടെ കൂടെ ചെന്നിരിയ്ക്കും. എൻ്റെ കാലുകളിലും കൈകളിലും വല്യമ്മയുടെ മക്കൾ മയിലാഞ്ചി ഇട്ടുതരും. ഏറെ സമയം കഴിഞ്ഞ് അവ ഉണങ്ങുമ്പോൾ കൈകളും കാലുകളും കഴുകും. കൈകളും കാലുകളും നൃത്തം പഠിപ്പിക്കുന്ന സ്ത്രീകളെപ്പോലെ ചുവന്ന് നല്ല ഭംഗിയുണ്ടാവും. പിന്നീട് ഞാൻ തനിയെ മയിലാഞ്ചി അരയ്ക്കുകയും മനോഹരമായ ചിത്രങ്ങളായി അവ പലർക്കും ഇട്ടു കൊടുക്കുകയും ചെയ്തിട്ടുണ്ട്. വെറുതെ ഒരു നേരമ്പോക്കിനു പോയി മെഹന്ദി ഡിസൈനിംഗ് പഠിച്ചപ്പോൾ ചെറിയ പ്രായത്തിലെ ഈ പരിചയം എനിയ്ക്ക് ഉപകാരപ്പെട്ടു.
മഴക്കാലമായാൽ മിക്കവാറും വീടുകൾ പട്ടിണിയുടെ പിടിയിലാകും. ഒരു വീട്ടിൽ ഏറ്റവും കുറഞ്ഞത് ഏഴുമക്കളെങ്കിലും ഉണ്ടാകും. കൂലിപ്പണിയെടുക്കുന്നവരായതു കൊണ്ടു തന്നെ അയൽവക്കങ്ങളിലൊക്കെ നിത്യവും ചിലവിന് ബുദ്ധിമുട്ടാണ്. സ്ത്രീകൾ തേങ്ങയുടെ തൊണ്ട് പച്ചയ്ക്ക് ഇരുമ്പു വടി ഉപയോഗിച്ച് തല്ലി ചകരിയാക്കുകയും അത് പിരിച്ച് കനമുള്ള കയറുകൾ ഉണ്ടാക്കുകയും ചെയ്യും. നഗരത്തിലു ള്ള ചെറുകിട കയറുകമ്പനികൾ ‘ചവിട്ടി,യ്ക്കും മറ്റുമായി ‘ പൊച്ചം, എന്നു വിളിയ്ക്കുന്ന ഈ കയറുകൾ വന്നെടുത്തു കൊണ്ടു പോകുകയും വളരെ ചെറിയ ഒരു കൂലി അവർക്കു കൊടുക്കുകയും ചെയ്യും. ആ വലിയവറുതിയുടെ സമയങ്ങളിൽ അവർക്കത് ആശ്വാസമാണ്. കുട്ടികൾ യൂണിഫോമുകളില്ലാതെയാണ് സ്ക്കൂളുകളിൽ പോകുന്നത്. കഴിയ്ക്കാൻ വേണ്ടവിധത്തിലുള്ള പോഷകാഹാരമോ ഭക്ഷണമോ ഇല്ലാതെ രാവിലെ തിളപ്പിക്കുന്ന കട്ടൻ ചായയും പത്തു പൈസയുടെ കപ്പലണ്ടിയുമായിരിയ്ക്കും അവരുടെ ഭക്ഷണം. ഇന്ന് നമ്മൾ ആവിശ്യമില്ലാതെ ധാരാളം ഭക്ഷണ സാധനങ്ങൾ പാഴാക്കിക്കളയുന്നതു കാണുമ്പോൾ ഞാൻ ആ ഗ്രാമത്തിലെ കുറെ ജീവിതങ്ങളുടെ ദൈന്യകാഴ്ച്ചകൾ ഓർക്കാറുണ്ട്. പശുക്കളെ വളർത്തുന്ന വീടുകളാണെങ്കിൽ അധികമായി ഒരു ഗ്ലാസ് പാൽ ചേർത്ത ചായയുണ്ടാകും വെളുത്ത പഞ്ചസാര അധികം പ്രചാരത്തിലെത്തിയിരുന്നില്ല.കരിപ്പെട്ടി (ചക്കര ) ചേർത്തിട്ടാണ് ചായയും മറ്റും ഉണ്ടാക്കിയിരുന്നത്.
ഇന്നത്തെപ്പോലെ കുടകളും മറ്റും അപൂർവ്വം വീടുകളിലേ ഉണ്ടായിരുന്നുള്ളു. ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ പട്ടാളത്തിൽ ജോലിയുണ്ടായിരുന്ന അമ്മാവൻ എനിയ്ക്ക് പോളിസ്റ്റർ തുണികൊണ്ടുണ്ടാക്കിയ നീലപുള്ളികളുള്ള ഒരു കുട കൊണ്ടു തന്നു. പിടിയിൽ ഞെക്കിയാൽ നിവരുന്ന കുട, കുട്ടികൾ വളരെ അത്ഭുതത്തോടൊണ് അത് നോക്കിക്കണ്ടിരുന്നത്. മുറം, കുട്ട, ചേമ്പില, വാഴയില ഇതൊക്കെയായിരുന്നു മഴ നനയാതെയിരിക്കുവാനുള്ള മറ്റ്ഉപാധികൾ. അയൽപക്കങ്ങളിൽ കുടയുള്ളവരുണ്ടെങ്കിൽ അവിടെ ചെന്ന് കുട കടം വാങ്ങി കൊണ്ടുപോകാറാണ് പലരുടെയുംപതിവ്. യാതൊരു ആർഭാടവുമില്ലാതെ, ദാരിദ്ര്യത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും വിലയറിഞ്ഞു ജീവീച്ചിരുന്ന ഒരു വലിയ വിഭാഗം ആളുകൾ.
എവിടെയെങ്കിലും ഒരു കല്യാണമോ, മറ്റ് അടിയന്തിരങ്ങളോ ഉണ്ടായായാൽ കുടുംബസമേതം കുറഞ്ഞത് രണ്ടു ദിവസം മുൻപേ അവർ എത്തുന്നതു തന്നെ തങ്ങളുടെ ഒട്ടിയ വയറിൻ്റെ ക്ഷീണമകറ്റുവാനുള്ള ഇത്തിരി ഭക്ഷണത്തിൻ്റെ ലഭ്യതയ്ക്കു വേണ്ടിയായിരുന്നു.
വിവാഹം, അടിയന്തിരം ഇവയ്ക്കാന്നും ഇന്നത്തെ പോലെ കോൺട്രാക്റ്റ് കൊടുക്കുന്ന സംവിധാനങ്ങളില്ലായിരുന്നു. എല്ലാ ബന്ധുക്കളും (അകന്നതും അടുത്തതും ) ദിവസങ്ങൾക്കു മുൻപേ എത്തി വീടും പുരയിടവും വൃത്തിയാക്കലും, സദ്യയ്ക്കു വേണ്ടുന്ന സാധനങ്ങൾ കഴുകി വെയിലത്തിട്ട് ഉണക്കി വലിയ ഉരലുകളിൽ ഇട്ട് ഇടിച്ചും പൊടിച്ചു തയ്യാറാക്കി വെക്കലും മറ്റുമായി തിരക്കോടു തിരക്ക്. നാളികേരം വെട്ടി വെയിലത്തു വെച്ച് ഉണക്കി മരച്ചക്കുകളിലാക്കി ആട്ടിയെടുക്ക ശുദ്ധമായ വെളിച്ചെണ്ണയായിരുന്നു അന്ന് സദ്യയ്ക്കും മറ്റും ഉപയോഗിച്ചിരുന്നത്. മുളക്, മല്ലി, മഞ്ഞൾ എന്നു വേണ്ട ഒരു മാതിരിപ്പെട്ട എല്ലാ സാധനങ്ങളും കഴുകിയുണക്കി ഉരലിൽ പൊടിച്ചെടുക്കുമായിരുന്നു. യാതൊരുവിധ കലർപ്പുകളില്ലാത്ത മനുഷ്യരും അവരുണ്ടാക്കുന്ന കലർപ്പുകളില്ലാത്ത ഭക്ഷണവും. അതിൽ സ്നേഹത്തിൻ്റെ നിറമുണ്ടായിരുന്നു.
ഇടിയ്ക്കലും പൊടിയ്ക്കലുമൊക്കെ കല്യാണ പ്രായമായ പെൺകുട്ടികളുടെ പണിയാണ്. രണ്ടു പേരുണ്ടാകും ഒരു ഉരലിൽ ഇടിയ്ക്കുവാൻ. ഇന്നത്തെ പോലെ നൈറ്റിയുടെ ഫാഷൻ മേ ളനങ്ങളൊന്നും അന്നില്ല. യുവതികൾ ലുങ്കിയും നീളമുള്ള ഫുൾ ബ്ലൗസുമായിരുന്നു ഇടുന്നത്. ചിലർ നീളൻ പാവാടയും നീളൻ ജാക്കറ്റും.അവർ ഉലക്കയുയർത്തുമ്പോൾ ദുർമേദസ്സുകളില്ലാത്ത ശരീരം പ്രത്യേക താളത്തിൽ ചലിക്കുന്നതു കാണുവാൻ നാട്ടിലെ യൗവ്വനയുക്തന്മാരായ ചെറുപ്പക്കാർ പന്തലിടുവാനും മറ്റുമായി അടുത്തു തന്നെയുണ്ടാകും. പല പ്രണയങ്ങളും മൊട്ടിടുന്നത് ഈ കല്യാണ വീടുകളിലാണ്. കണ്ണുകൾ കഥപറയുന്നത് കാണുന്ന പ്രായമായ വല്യമ്മമാർ അവർക്ക് മുന്നറിയിച്ചു കൊടുക്കും. ശരീരനിബദ്ധമായ കാമപ്രേരണകളല്ലായിരുന്നു അന്നത്തെ പ്രണയകഥകളുടെ അടിസ്ഥാനം. പറഞ്ഞറിയിക്കുവാൻ പറ്റാത്ത സ്നേഹ വിശുദ്ധിയുടെ സൗകുമാര്യം നാട്ടിൻ പുറത്തെ നേർത്തസുഗന്ധമുള്ള ചെമ്പകപ്പൂവുകൾ പോലെ തരളിതമായിരുന്നു. ധനം, വിദ്യാഭ്യാസം ഇവയ്ക്കൊന്നും വലിയ പ്രാമുഖ്യം സാധാരണക്കാരുടെ പ്രണയങ്ങൾക്കില്ലായിരുന്നു. സ്ത്രീധനമെന്ന സമ്പ്രദായക്രമങ്ങൾക്കും പ്രാമുഖ്യമില്ലായിരുന്നു
പെട്രോമാക്സ് വിളക്കുകളും ജനറേറ്റർ ഉപയോഗിച്ചുള്ള താൽക്കാലിക കറൻ്റു സമ്പ്രദായങ്ങളുമായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്. രണ്ട് ദിവസം വെളിച്ചത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും നിറപൂത്തിരി കത്തിക്കൽ. താഴെ ചെറിയ പുല്ലുപായും തഴപ്പായും വിരിച്ച് , സദ്യക്കിരിക്കുന്നത് അങ്ങനെയായിരുന്നു ഡസ്ക്കും ബഞ്ചും കസേരയുമൊന്നുമില്ലായിരുന്നു. താഴെ നിരന്നിരിയ്ക്കുന്ന
ആളുകളുടെ മുന്നിലേയ്ക്ക് തൂശനിലയിൽ നല്ല നാടൻ കുത്തരിയുടെ ചോറും , വറുത്തുകുത്തിയ ചെറുപയർ പരിപ്പുകൊണ്ടുണ്ടാക്കിയ പരിപ്പുകറിയും പപ്പടവും,സാമ്പാറും നല്ല വെളിച്ചെണ്ണയുപയോഗിച്ചുള്ള രുചികരമായ അവിയലും നല്ല ഏത്തപ്പഴ പുളിശ്ശേരിയും , കടുമാങ്ങാ, ഉരുള കിഴങ്ങ് മസാലക്കറി, നാടൻ ഇഞ്ചിക്കറി, വറുത്തുപ്പേരി, ശർക്കര വരട്ടി, പച്ചടി, കിച്ചടി ,നാരങ്ങ അച്ചാർ പിന്നെ ശർക്കരയിൽ തേങ്ങപ്പാൽ ചേർത്ത സ്വാദിഷ്ടമായ അടപ്രഥമൻ, ഇത്രയുമൊക്കെയായിരുന്നു സദ്യവട്ടങ്ങൾ. എന്നാൽ ഇന്ന് കുറഞ്ഞത് പതിനെട്ടു കൂട്ടം കറികളും അഞ്ചുതരം പായസവും പിന്നെ ഐസ്ക്രീമും ഫ്രൂട്ടുസലാഡു മൊക്കെയായി കീശയുടെ വലിപ്പമനുസരിച്ച് വിപുലമായ സദ്യ കാറ്ററിംഗുകാരുടെ കൈകളിൽ ഭദ്രം. കൃത്രിമരുചിക്കൂട്ടുകൾ ചേർത്ത ഭക്ഷണം രസനയുടെ സ്വാദ് തിരിച്ചറിയുവാനുള്ള കഴിവിനെക്കൂടി ഇല്ലാതാക്കുന്നു. അന്നു കഴിച്ച കല്യാണ സദ്യയുടെ സ്വാദോർമ്മകൾ ഇന്നും എന്നും നാവിനെ കോരിത്തരിപ്പിക്കുന്ന, വിശപ്പിൻ്റെ അറുതിയുടെ ധന്യതയാണ്.
വീണ്ടും ഓണപ്പൊട്ടൻ്റെ തകിലു കൊട്ടുകേൾക്കുന്നു വലിയ പേമാരിയും കർക്കിടകത്തിലെ പഞ്ഞവും, ഇടയ്ക്കു കിട്ടുന്ന പത്ത് വെയിലും കഴിഞ്ഞ് പൊന്നിൻ ചിങ്ങത്തിൻ്റെ പൂവിളിയുയരുകയായി വള്ളംകളിയും വഞ്ചിപ്പാട്ടും ഓർമ്മകളുടെ ഓളത്തള്ളലിൽ ഓടം തുഴഞ്ഞെത്തുകയാണ്.