ജീവിതത്തിൻ്റെയിടർച്ചകളേറ്റുവാങ്ങി മഴപ്പെയ്ത്ത് പിന്നെയും തുടരുകയാണ്. പടരുകയാണ്. ഓർമ്മകളുടെ തോരാമഴപ്പെയ്ത്തിൽ വീണ്ടും ബാല്യകാലസ്മരണകളുടെ കളിവഞ്ചി മെല്ല മുന്നോട്ട്.
എനിയ്ക്ക് ഏതാണ്ട് ആറു വയസ്സുള്ളപ്പോൾ ഗ്രാമക്കാഴ്ച്ചകളുടെ നിറമേളങ്ങളൊരുക്കിയ യവനികയിലേക്ക്, നഗരദൃശ്യങ്ങളുടെ കപട വർണ്ണങ്ങളുടെ കൃത്രിമത്വത്തിലേക്ക് എൻ്റെ ജീവിതം വലിച്ചെറിയപ്പെട്ടു. അക്ഷരാർത്ഥത്തിൽ അതൊരു വലിച്ചെറിയൽ തന്നെയായിരുന്നു. അമ്മയ്ക്കും പപ്പയ്ക്കും നഗരത്തിലേക്ക് സ്ഥലം മാറ്റമായി. ബന്ധുക്കളധികമൊന്നും അവിടെയില്ല. ഉള്ളത് അമ്മയുടെ ജ്യേഷ്യത്തിയാണ്. ഞാൻ അക്കാമ്മച്ചി എന്നു വിളിയ്ക്കുന്ന അമ്മയുടെ നേരെ മൂത്ത ചേച്ചി. ഒരു ദിവസം രാത്രിയിൽ അമ്മമ്മ പറയുന്നതു കേട്ടു. നാളെ ൻ്റെ കുട്ടി അമ്മമ്മയുടെ അടുത്തുനിന്നും ദൂരേയ്ക്കു പോവാണു കേട്ടോ. യാത്രകൾ വളരെയിഷ്ടമായതു കൊണ്ടു തന്നെ ഇനിയൊരു തിരിച്ചുവരവില്ലാത്ത പറിച്ചു നടലായിരിക്കും അതെന്ന് ഓർത്തു വയ്ക്കുവാൻ മാത്രം അന്നത്തെ ആറു വയസ്സുകാരിയുടെ ബുദ്ധിവികസിച്ചിരുന്നില്ല .
നഗരത്തിലേക്കു പോകുന്ന ബസ്സിൽ രാവിലെ അച്ഛൻ്റെ ഒരു ട്രങ്കു പെട്ടിയിൽ കുറച്ച് തുണികളും മറ്റത്യാവശ്യ സാധനങ്ങളുമായി അമ്മയോടൊപ്പം മറ്റൊരു നാട്ടിലേയ്ക്ക് . കൂടെ പപ്പയും നാലു മാസം പ്രായമായ അനുജനും കുഞ്ഞമ്മാവനുമുണ്ട്. ബസ്സു ഗ്രാമഹൃദയത്തെ പകുത്തുമാറ്റി മെല്ലെ മുന്നോട്ടു പോയപ്പോൾ പിടഞ്ഞ ഹൃദയത്തിലെ മുറിഞ്ഞ സിരകളിൽ നിന്നും ബന്ധങ്ങളറ്റു പോകുന്ന ഒരു വലിയ മുറിവുണ്ടായി. ഇന്നും അത് നിലയ്ക്കാതെയൊഴുകുന്നു.
എന്നും തൊഴുതു പ്രാർത്ഥിയ്ക്കുന്ന ശിവൻ്റെ അമ്പലവും ക്ഷേത്രത്തിലെ സ്വർണ്ണനിറമുള്ള മണൽത്തരികളുററങ്ങുന്ന വിശാലമായ മൈതാനവും സന്ധ്യാസമയങ്ങളിൽ ഗ്രാമവാസികൾ സൊറ പറയുവാനെത്തുന്ന ആൽമരത്തിനു താഴെയുള്ള കളിത്തട്ടും അച്ചാച്ചൻ (മൂത്ത വല്യമ്മയുടെ ഭർത്താവ്) ഉണ്ണിയപ്പം വാങ്ങിത്തരുന്ന ചായക്കടയും ഗ്രാമ യുവത അക്ഷരജ്ഞാനം നേടുവാൻ എത്തുന്ന വായനശാലയും ഞാൻ പഠിച്ചിരുന്ന പ്രൈമറി സ്ക്കൂളും ,വെളുപ്പിനേയുണർന്നു പോയി ബദാം കായ്കൾ പെറുക്കുന്ന ബദാംമരവും നിലയ്ക്കാത്ത സംഗീതമായി എന്നെ സാന്ത്വനിപ്പിച്ചിരുന്ന കടലും, സന്ധ്യാനാമങ്ങൾ മടിയിലിരുത്തി ചൊല്ലിപ്പഠിപ്പിച്ച ,ചിരിച്ചു മാത്രം കണ്ടിരുന്ന അപ്പൂപ്പനും, നെഞ്ചിലെ ചൂടിൽ അമ്മയടുത്തില്ലാത്ത ദുഃഖമറിക്കാതെ, ഗ്രാമവും ഇടവഴികളും ബന്ധുഗൃഹങ്ങളും എഴുത്തിനിരുത്തിയ കളരിപ്പുരയിലേയ്ക്ക് കൈ പിടിച്ചു നടത്തിയ അമ്മമ്മയെന്ന വലിയ നേർവഴിയും പ്രിയപ്പെട്ട അധ്യാപകരും എൻ്റെ ആദ്യാക്ഷരങ്ങളുടെ സ്ളേറ്റൊരുക്കിയ പ്രൈമറി സ്ക്കൂളും പ്രിയപ്പെട്ട സൗഹൃദങ്ങളുമെല്ലാമുപേക്ഷിച്ച്, ഞാൻ കയറിയ ബസ്സ് എന്നെയും കൊണ്ട് യാത്ര തുടർന്നുകൊണ്ടേയിരിന്നു. എൻ്റെ ജീവിതത്തിലെ ആദ്യത്തെ പലായനം. അന്ന് അതിൻ്റെ നഷ്ടമെത്രെയെന്ന് അറിയുവാൻ കഴിഞ്ഞില്ലയെങ്കിലും ഇന്നും തുടരുന്ന പലായനത്തിൻ്റെ ഗതിവിഗതികളിൽ അതിൻ്റെ വ്യാപ്തിയുടെ ഭീകരത ഒരു പേടിസ്വപ്നം പോലെ എന്നെ പിന്തുടരുന്നു.
വിപ്ളവപ്രസ്ഥാനത്തിൻ്റെ കൊടിയുയർത്തി പണക്കാരനെയും പാവപ്പെട്ടവനെയും വിഭജന സമവാക്യങ്ങളിൽ ചുവപ്പു രേഖ പോലെ കൊളുത്തിയിട്ട നാട്. അവിടേക്കായിരുന്നു ജീവിതം രണ്ടാമത് പറിച്ചു നട്ടത്. ബസ്സിറങ്ങിയത് ദേശീയപാതയിലെ അത്ര അറിയപ്പെടാത്ത ഒരു സ്റ്റോപ്പിലാണ്. ആ സ്റ്റോപ്പിറങ്ങി പടിഞ്ഞാറോട്ടു കിടക്കുന്ന മണൽ വഴിയാണ് പാത. പിന്നെയും നാലഞ്ചുവർഷങ്ങൾ കഴിഞ്ഞാണ് അവിടെയൊരു ചെമ്മൺപാതയുടെ റോഡ് ഉണ്ടായത്. ജംഗ്ഷനിലെ ഒരു പ്രധാനപ്പെട്ട കട അമ്മയുടെ ഒരു അകന്ന ബന്ധുവിൻ്റേതാണ്. അവിടെ നിന്നാണ് ഓരോ മാസത്തെയ്ക്കും ആവിശ്യമുള്ള പലചരക്കു സാധനങ്ങൾ വാങ്ങിയിരുന്നത്. പാതയുടെ ഇരുവശത്തുമായി കുറച്ചു വീടുകൾ. അവിടം കടന്നാൽ പിന്നെയും ഒരു പലചരക്കു കട. അതു കഴിഞ്ഞാൽ ഒരു ചെറിയ കാവാണ്. കാവുകളെയൊക്കെ അന്ന് ഭയമാണ്. കാവുകളിൽ ഗന്ധർവ്വന്മാരും യക്ഷിണികളുമുണ്ടെന്ന് അമ്മമ്മ പറഞ്ഞിട്ടുണ്ട്. അസമയങ്ങളിൽ കാവിനുള്ളിൽ കയറിക്കൂടത്രേ. അമ്മമ്മയുടെ വിശദീകരണത്തിൻ്റെ ദൃശ്യവൽക്കരണം മൂലം ഏതു കാവുകണ്ടാലും പിന്നെയങ്ങോട്ട് നോക്കാതെയായി. അപ്പോൾ മാത്രമാണ് ഓടിച്ചെന്ന് പപ്പയുടെ കൈയിൽ പിടിച്ചത്. കാവുകഴിഞ്ഞാൽ പിന്നെ പാതയുടെ ഇരുവശങ്ങളിലും പച്ച സാരിയുടുത്ത് സുസ്മിത വദനകളായി നിൽക്കുന്ന പാശേഖരങ്ങളാണ്. നാടൻ നെൽവിത്തുകളായ, മുണ്ടകനും, ചെന്നെല്ലും നവരയുമൊക്കെ കൃഷി ചെയ്യുന്ന പാടങ്ങൾ. പാടത്തിനുമപ്പുറം തെക്കുവടക്കായി ഒഴുകുന്ന ഒരു തോടുണ്ട്. തോടിനു കുറുകെ രണ്ട് തെങ്ങിൻ തടിചേർത്തുവെച്ച ഒരു തടിപ്പാല മുണ്ട്. ആ പാലം കടന്നുപോയത് പപ്പയെ വട്ടം പിടിച്ചു കൊണ്ടാണ്. മഴക്കാലങ്ങളിൽ തടിപ്പാലവും കടന്നു വെളളമെത്തും ആ തോട് ഒഴുകി പൊഴിമുഖത്താണ് ചെന്നു ചേരുന്നത്. തോടുകടന്നാൽ വീണ്ടും രണ്ടു വശങ്ങളിലും പാടമാണ്. പിന്നെ കുറെ ഭാഗം വിശാലമായ മൈതാനമാണ്. പഞ്ചസാര തരി പോലുളള മണൽ. എൻ്റെ ഗ്രാമത്തിലെ മണ്ണ് ചെളി കലർന്ന കറുപ്പുനിറത്തിലുള്ളതാണ്. വഴിയുടെ ഇരുവശങ്ങളിലും ധാരാളം പറങ്കിമാവുകൾ ഉണ്ടായിരുന്നു. മഞ്ഞയും ചുവപ്പും നിറത്തിലുള്ള പറങ്കിമാങ്ങകൾ നിറയെ തൂങ്ങിക്കിടക്കുന്ന കാഴ്ച്ച ഒരു പ്രത്യേകഭംഗിയാണ്. എല്ലാ ഫലവൃക്ഷങ്ങൾക്കും അകത്തു വിത്തിനെ കൊടുത്തിട്ട് പറങ്കിമാവിനു മാത്രം പഴത്തിനു പുറത്തേയ്ക്ക് വിത്തു കൊടുത്തത് എന്തു കൊണ്ടാണ്? പ്രകൃതിയുടെ ഒരു കുസൃതി അല്ലാതെയെന്തു പറയാൻ.
പാതയുടെ വശങ്ങളിലുള്ള വീടുകൾ ചിലതൊക്കെ കമുകിൻ വാരി കൊണ്ട് വേലി കെട്ടി തിരിച്ചിട്ടുണ്ടായിരുന്നു ചില വീടുകളിൽ വേലിയ്ക്കു പകരം പൈനാപ്പിൾ എന്നു വിളിയ്ക്കുന്ന കടച്ചക്കയും ഗന്ധരാജൻ പൂവിൻ്റെ കുറ്റിച്ചെടികളും സമൃദ്ധമായി നിന്നിരുന്നു. ഗന്ധരാജൻ പൂവിൻ്റെ ഹൃദ്യമായ സുഗന്ധം മൂക്കിലേക്ക കയറിയപ്പോൾ അമ്മമ്മ പറഞ്ഞത് വീണ്ടുമോർത്തു. “സന്ധ്യ കഴിഞ്ഞാൽ ഗന്ധരാജൻ ചെടിയുടെ ചുവട്ടിൽ നിൽക്കരുത് മോളേ ! ഗന്ധർവ്വൻ ഇറങ്ങണ സമയമാണ് നല്ല ഭംഗിയുള്ള പെങ്കുട്ട്യോളെക്കണ്ടാൽ അവൻ അവരെ വശപ്പെടുത്തിയെടുക്കും. ” ഗന്ധർവ്വൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്നും ഗന്ധരാജൻ പൂക്കളുടെ സുഗന്ധം എനിയ്ക്കു വളരെയിഷ്ടമാണ്. ചില കാൽപ്പനീകമായ ഭ്രമങ്ങളെയൊക്കെ എത്ര കാലം കഴിഞ്ഞാലും സുഗന്ധം നഷ്ടപ്പെടാതെ നമ്മളൊരു ചെപ്പിനുള്ളിൽ അടച്ചു വെയ്ക്കും. പിന്നെയും നടത്തം മുന്നോട്ടേയ്ക്ക്. എൻ്റെ കാലുകൾ രണ്ടും വേദനിച്ചു തുടങ്ങിയിരുന്നു. ഞങ്ങളെ കൂടെ കൂട്ടാൻ വല്യച്ഛനെത്തിയിരുന്നു. എൻ്റെ കാലുകൾ വേദനിച്ചത് വല്യച്ഛന് മനസ്സിലായിട്ടുണ്ടാകും. ദാ എത്തി മോളേ എന്നു പറഞ്ഞ് വല്യച്ഛൻ എന്നെ സമാധാനിപ്പിച്ചു. ആ മൈതാനവും കടന്നു മുന്നോട്ട് .വലതുവശത്തായി നിറയെ മരങ്ങളും ഫലവൃക്ഷതൈകളുമുള്ള ഒരു പുരയിടത്തിലേക്കാണ് വല്യച്ഛൻ ഞങ്ങളെ കൊണ്ടുപോയത്. അവിടെ അധികം വലുതല്ലാത്ത ഓല മേഞ്ഞു , തറയൊക്കെ ചാണകം മെഴുകി വെടിപ്പാക്കിയ ഒരു വീട്ടിലേക്കാണ് ഞങ്ങൾ കടന്നുചെന്നത്.. വല്യമ്മയും രണ്ടു പെൺമക്കളും അവിടെ ഞങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു. വല്യച്ഛൻ്റെ അമ്മയും. അമ്മച്ചി എന്നു ഞങ്ങൾ വിളിയ്ക്കുന്ന അമ്മൂമ്മയ്ക്ക് എന്നോടു വലിയ സ്നേഹമായിരുന്നു. മെല്ലെ സാധനങ്ങളൊക്കെ അവിടെ വെച്ചിട്ട് മുറ്റത്തു കിടന്ന കയർ വരിഞ്ഞുണ്ടാക്കിയ കയറ്റു കട്ടിലേക്ക് എല്ലാവരും ഇരുന്നു. അമ്മയുടെ മുഖം കാർമേഘങ്ങൾ പടകൂട്ടി മാരിപ്പെയ്ത്തിനു തയ്യാറെടുക്കുന്നതുപോലെ പ്രക്ഷുബ്ധമായിരുന്നു.