മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ എട്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം 🙏🙏
മലയാള സാഹിത്യ രംഗത്ത് ശക്തമായ സ്ത്രീ സാന്നിധ്യം നമുക്കു പരിചിതമാണല്ലോ . ആ പാതയിൽ ആദ്യകാലത്ത് സഞ്ചരിച്ചവരിൽ പ്രമുഖയായ കെ. സരസ്വതിയമ്മ യെയാണ് മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയിലൂടെ ഇന്നു പരിചയപ്പെടുത്തുന്ന നക്ഷത്രപ്പൂവ് !
കെ .സരസ്വതിയമ്മ (8️⃣) (1919 – 1975)
തിരുവനന്തപുരം നഗരത്തിലെ കുന്നപ്പുഴ എന്ന ഗ്രാമത്തിലെ കിഴക്കേ വീട്ടിൽ പത്മനാഭൻപിള്ള യുടെയും കാർത്യായനി അമ്മയുടെയും മൂന്ന് പെൺമക്കളിൽ ഇളയ മകളായി ആയിരത്തി തൊള്ളായിരത്തി പത്തൊമ്പത് ഏപ്രിൽ പതിന്നാലാം തീയതി ജനിച്ചു . 1928 ൽ അവർ ഉയർന്ന ജാതി പ്രദേശമായ പാൽക്കുളങ്ങരയിലേയ്ക്ക് താമസം മാറ്റി . നഗരത്തിലെ പല സ്ക്കൂളുകളിലും സ്ക്കൂൾ വിദ്യാഭ്യാസം ചെയ്ത സരസ്വതിയമ്മ 1936 ൽ പാളയം ഗേൾസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ നിന്ന് S.S.L.C. പരീക്ഷയിൽ ഒന്നാം ക്ലാസ്സോടെ പാസ്സായി ! തിരുവന്തപുരം ഗവ. വിമൻസ് കോളേജിൽ ഇൻ്റർമീഡിയറ്റ് പഠനത്തിനു ശേഷം ആർട്ട്സ് കോളേജിൽ മലയാളം ഐച്ഛികമായെടുത്ത് ബി . എ . ക്കു പഠിച്ചു . ഇക്കാലത്ത് ചങ്ങമ്പുഴയും എസ് . ഗുപ്തൻ നായരും അവരുടെ സഹപാഠികളായിരുന്നു . 1942 ൽ ബി.എ .പാസ്സായി തുടർന്നു് രണ്ടു വർഷം അധ്യാപികയായി ജോലി ചെയ്തു .
1945 ജനുവരി അഞ്ചിന് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൽ ഉദ്യോഗസ്ഥയായി. എഴുത്തുകാരിയെന്ന നിലയിൽ വായനക്കാരുടെ സജീവചർച്ചകളിലേയ്ക്ക് കെ. സരസ്വതിയമ്മ കടന്നു വന്നത് അവരുടെ മരണശേഷമാണ് . കേരളത്തിലെ ഫെമിനിസ്റ്റ് ചിന്തയുടെ മുൻനിരക്കാരിയായി അവരെ തിരിച്ചറിയുന്നത് സമീപകാലത്ത് മാത്രമാണ് .
ഹൈസ്ക്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ സരസ്വതിയമ്മ സാഹിത്യ രചന ആരംഭിച്ചു. ഇൻ്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമി വാരികയിൽ ‘സീതാഭവനം ‘ എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു . ശാരി , രാജലക്ഷ്മി എന്നീ സ്നേഹിതകളായിരുന്നു എഴുതാൻ പ്രേരണ നല്കിയത് . ചങ്ങമ്പുഴ ‘വാഴക്കുല ‘ എഴുതുന്നതിനു മുമ്പ് സരസ്വതിയമ്മ അവശന്മാരുടെയും ആർത്തന്മാരുടെ യും കഥകൾ എഴുതി !
ഇരുപതാം വയസ്സിൽ ആണും പെണ്ണും എന്താണെന്നും എന്താകണമെന്നും അവർ എഴുതിത്തുടങ്ങി. അത് ആയിരത്തി തൊള്ളായിരത്തി നാലപതുകളിലായിരുന്നു . കേട്ടു പരിചയമില്ലാത്ത പെണ്ണൊച്ചയിൽ കേരളം നടുങ്ങി . ജീവിച്ചിരിക്കെ അവർ മറവിയിലാണ്ടു പോയി. പിന്നീട് വാഴ്ത്തി !
പെണ്ണെഴുത്തെന്നും ആണെഴുത്തെന്നുമുള്ള വേർതിരിവിന് മുമ്പേ സ്വത്വബോധം തെളിഞ്ഞ കഥകളെഴുതിയ വനിതയാണ് കെ. സരസ്വതിയമ്മ .
1938 ആണ് സീതാഭവനം എന്ന കഥ മാതൃഭൂമി ആഴ്ചപതിപ്പിൽ അച്ചടിച്ചു വന്നു .കേശവദേവും തകഴിയും ബഷീറും പൊൻകുന്നം വർക്കിയുമൊക്കെ നിറഞ്ഞു നിന്ന സാഹിത്യലോകത്താണ് സരസ്വതിയമ്മ സ്വന്തം കസേര വലിച്ചിട്ടിരുന്നത് !
അക്കാലത്തും പിന്നീടും മലയാളത്തിലെ പ്രധാന കൃതിയെന്ന് വാഴ്ത്തിയ ചങ്ങമ്പുഴയുടെ രമണൻ ‘ രമണി ‘ എന്ന പേരിൽ പ്രതികഥയെഴുതി അവർ . ദിവ്യമായ പ്രേമമല്ല ഭവ്യമായ കാമമായിരുന്നു അത് . മലയാള സാഹിത്യത്തെ പിടിച്ചു കുലുക്കാൻ അത് മതിയായിരുന്നു .
ലോക സാഹിത്യത്തിലെ ബഹഭൂരിപക്ഷം രചനകളും പുരുഷന്മാരുടേതാണ് . പുരുഷ വീക്ഷണത്തിലുള്ള ജീവിതാവിഷ്ക്കാരങ്ങളാണവ . സ്ത്രീ വീക്ഷണത്തിലൂടെയുള്ള കൃതികൾ കൂടി ധാരാളമായുണ്ടാകമ്പോഴേ ജീവിതത്തെക്കുറിച്ചുള്ള സമഗ്രചിത്രം സാഹിത്യത്തിന് ലഭിക്കും എന്ന് ഉറപ്പിക്കാനാകൂ . എണ്ണത്തിൽ തീരെ കുറവാണെങ്കിലും തീവ്രവും ഉള്ളുപൊള്ളിക്കുന്നതുമായ അനുഭവങ്ങളാൽ സമ്പന്നമായിരുന്നു സരസ്വതിയമ്മയുടെ രചനകൾ .
1942 മുതൽ 1958 വരെയുള്ള കാലത്താണ് സരസ്വതിയമ്മ സജീവമായി സാഹിത്യരചനയിൽ ഏർപ്പെട്ടത് . കുടുംബ ബന്ധങ്ങളിലെ കാലുഷ്യവും വ്യക്തിപരമായ ദുരന്തങ്ങളും കാരണമാകാം പിന്നീടവർ ഒന്നും
തന്നെ എഴുതിയില്ല .
പെൺബുദ്ധി , കനത്ത മതിൽ (കഥാസമാഹാരങ്ങൾ ) പ്രേമഭാജനം , പൊന്നിൻകുടം, നാടകം, ദേവദൂതി (നോവലുകൾ) തുടങ്ങി പതിനഞ്ചോളം കൃതികൾ ഉണ്ട് . പ്രേമഭാജനം ആണ് ഒന്നാമത് പ്രസിദ്ധീകരിച്ച നോവൽ . പൊന്നിൻ കുടം എന്ന നോവൽ ഏറ്റവും പ്രസിദ്ധമായ നോവലായിരുന്നു . പൊന്നിൻ കുടം സരസ്വതിയമ്മ എന്നറിയപ്പെട്ടിരുന്നു .
സരസ്വതിയമ്മയുടെ കൃതികൾ ഒന്നും ഇന്ന് വിപണിയിൽ ലഭ്യമല്ല . എന്നാൽ അവരുടെ എല്ലാ കൃതികളും സമാഹരിച്ച് ‘കെ. സരസ്വതിയമ്മയുടെ കഥകൾ സമ്പൂർണ്ണം ‘ എന്ന പേരിൽ 2001 ൽ ഡി.സി. ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി .
അവിവാഹിതയായ സരസ്വതിയമ്മ 1973 ൽ സർക്കാർ ജോലിയിൽ നിന്നും നിർബന്ധിത പെൻഷൻ വാങ്ങി വിരമിച്ചു .
തനിച്ചായതിൻ്റെ തിക്തവേദന അവരെ മഥിച്ചു . ദൈവത്തോടു തന്നെ രക്ഷിക്കണേയെന്ന അഭ്യർത്ഥന മാത്രമായി പിന്നീടെഴുതിയ ഡയറിക്കുറിപ്പുകളിൽ മുഴുവൻ . രോഗപീഡകളിലേയ്ക്ക് മൂക്കും കുത്തി വീണ സരസ്വതിയമ്മക്ക് പ്രമേഹവും രക്തസമ്മർദ്ദവും വർധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1975 ഡിസംബർ 26 ന് ഒരു വലിയ നോവലെഴുത്ത് എന്ന സ്വപ്നം പൂർത്തീകരിക്കാതെ ജീവിതത്തിൽ നിന്നും അവർ വിട വാങ്ങി 🙏🌹
അടുത്തലക്കം വീണ്ടും കണ്ടു മുട്ടാം ❤️💕💕💕