മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ പന്ത്രണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
‘കേരളത്തിലെ ശാകുന്തളം’ എന്നറിയപ്പെടുന്ന ശ്രീ. ഉണ്ണായി വാര്യർ ആണ് മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയിലൂടെ ഇന്നു പരിചയപ്പെടുത്തുന്ന നക്ഷത്രപ്പൂവ്!
ഉണ്ണായി വാര്യർ (1️⃣2️⃣ (AD 1682 – AD 1759)
കേരളത്തിലെ ശാകുന്തളം എന്നു വിശേഷിപ്പിക്കപ്പെടുന്ന നളചരിതം ആട്ടകഥയുടെ കർത്താവാണ് ഉണ്ണായി വാര്യർ. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള അകത്തൂട്ട് വാര്യത്താണ് ഇദ്ദേഹം ജനിച്ചത്.
ജീവിതകാലത്തെക്കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ട്. A .D. 1682 നും 1759 നും ഇടയിലാണെന്ന് കരുതപ്പെടുന്നു. ഏതായാലും പതിനേഴാം ശതകത്തിൻ്റെ അവസാനത്തിലോ പതിനെട്ടാം ശതകത്തിൻ്റെ ആദ്യഘട്ടത്തിലോ അദ്ദേഹം ജീവിച്ചിരുന്നതായി കണക്കാക്കാം. യഥാർത്ഥ പേര് ‘ഉണ്ണി രാമൻ’ എന്നായിരുന്നു എന്നും അതു പിന്നീട് ലോപിച്ച് ഉണ്ണായി ആയതാണെന്നും ചിലർ പറയുന്നുണ്ട്. സംസ്കൃതത്തിലും, തർക്കശാസ്ത്രത്തിലും,വ്യാകരണത്തിലും,ജ്യോതിഷ്യത്തിലും പാണ്ഡിത്യം നേടി. കുംഭകോണം, തഞ്ചാവൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ സഞ്ചരിച്ച് സംഗീതം പഠിച്ചു. അങ്ങനെ പ്രശസ്തനായ കവി,ആട്ടക്കഥാകൃത്ത് എന്നിങ്ങനെ തിളങ്ങിയ വ്യക്തിത്വമാണ് അദ്ദേഹം.
കഥകളിയുടെ സാഹിത്യരൂപമാണല്ലോ ആട്ടക്കഥ. മഹാഭാരതം ആരണ്യപർവ്വത്തിലുള്ളതാണ് നളചരിതം കഥ. നിഷധയിലെ രാജകുമാരനായിരുന്ന നളനും വിദർഭയിലെ രാജാവായിരുന്ന ഭീമസേനൻ്റെ മകൾ ദമയന്തിയും തമുള്ള പ്രണയവും അതിനു വന്നി ചേരുന്ന തടസ്സങ്ങളും അവർ അനുഭവിക്കേണ്ടി വന്ന യാതനകളും വേദനകളും മറ്റും നാലു ദിവസത്തെ കഥകളിയായി വേദിയിൽ അവതരിപ്പിക്കത്തക്കവിധേയമാണ് ഉണ്ണായി വാര്യർ നളചരിതം ആട്ടക്കഥ രചിച്ചിരിക്കുന്നത്.
അപ്രതീക്ഷതമായി മനുഷ്യന് ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളും അസൂയാലുക്കളായ ബന്ധുക്കളിൽ നിന്നും നേരിടേണ്ടി വരുന്ന പ്രയാസങ്ങളും മറ്റും ഒരു നാകത്തിലെന്നപോലെ ഈ ആട്ടക്കഥയിൽ അവതരിപ്പിച്ചിരിക്കുന്നു!
ആട്ടക്കഥാ രചനയുടെ രീതിയിൽ തനിക്കു ഉചിതമെന്നു തോന്നിയ മാറ്റങ്ങൾ അദ്ദേഹം വരുത്തിയിട്ടുണ്ട്. രസാഭിനയത്തിനുള്ള സാദ്ധ്യതകൾ നളചരിതത്തിൽ പരമാവധി ഉൾപ്പെടുത്തിയിട്ടുണ്ട്.
നാടകീയത നിറഞ്ഞ മൂഹൂർത്തങ്ങൾ, ധീരോദാത്തനായ നായകൻ, ലക്ഷണയുക്തമായ ഇതിവൃത്തം രസങ്ങളുടെ ഉചിത മായ സന്നിവേശം തുടങ്ങിയവ നളചരിതത്തെ മറ്റു ആട്ടകഥകളിൽ നിന്നു വ്യത്യസ്തമാക്കുന്നു. വളരെ ചുരുങ്ങിയ പദങ്ങൾക്കൊണ്ട് പരമാവധി ആശയങ്ങളും വികാരങ്ങളും ആവിഷ്ക്കരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് നളചരിതത്തിൻ്റെ ഒരു പ്രത്യേകതയാണ്. നളൻ, ദമയന്തി, ഹംസം, പുപ്പക്കരൻ,കലി, കാട്ടാളൻ തുടങ്ങി ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ തനതായ വ്യക്തിത്വം ഉള്ളവരാണ്!
ഉദ്യാനത്തിൽ തോഴിമാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന ദമയന്തിയുടെ ചില രീതികൾ കണ്ടിട്ട് ‘യൗവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം ‘ എന്ന് ഹംസം പരിഹസിക്കുന്നുണ്ട്. പല യുവജനങ്ങൾക്കും ഒരു പോലെ യോജിക്കുന്ന ഒരു പ്രയോഗമാണിത്.
നളചരിതം ആട്ടക്കഥയിലുടെ കേരള ഭാഷാ സാഹിത്യത്തിൽ അനശ്വര പ്രത്ഷ്ഠ നേടിയ ഉണ്ണായി വാര്യർ ഇരിങ്ങാലക്കുട കൂടൽമാണിക്യ സ്വാമിയുടെ ഭക്തനായിരുന്നു. ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരത്തിന് സമീപമുള്ള അകത്തൂട്ട് വാര്യത്താണ് അദ്ദേഹം ജനിച്ചത്.
കൂടൽമാണിക്യ സ്വാമിയ്ക്ക് മാലകെട്ടലാകുന്ന കഴകം, അകത്തൂട്ട് വാര്യക്കാർക്കായി രുന്നു. അതിനാൽ ബാല്യകാലം മുതൽക്ക് തന്നെ കൂടൽമാണിക്യ സ്വാമിയേ സേവിക്കാനും, ഭഗവാനിൽ ദാസ്യഭക്തിയെ വളർത്താനും ഉണ്ണായി വാര്യർക്കു സാധിച്ചു. തൻ്റെ കുലത്തൊഴിലായ മാല കെട്ടലിലൂടെ ദിവസേനെ സംഗമേശ്വരനെ ആരാധിച്ചിരുന്ന ഒരു ഭക്തനായിരുന്നു ഉണ്ണായി വാര്യർ.
അദ്ദേഹത്തിൻ്റെ ഭക്തിനിർഭരമായ ഒരു സ്തോത്രകാവ്യമാണ് ‘ശ്രീരാമപഞ്ചശതി’ ദിവസേനെ താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങൾക്കൊണ്ട് മാല കെട്ടി സംഗമേശ്വരന് സമർപ്പിച്ചിരുന്ന അദ്ദേഹത്തിന് സ്തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാന് അർപ്പിക്കണമെന്ന ഒരാഗ്രഹം തോന്നി. അതിൻ്റെ ഫലമാണ് മനോഹരമായ ഈ സ്തോത്രഹാരം!
ഗിരിജാ കല്യാണം, ഗീതാ പ്രബന്ധം എന്നിവയും ഉണ്ണായിവാര്യരുടെ പ്രധാന കൃതികളാണെന്നു കരുതപ്പെടുന്നു.
കൃതികളെക്കുറിച്ച് തർക്കമുണ്ട്. എത്ര കൃതികൾ രചിച്ചു വെന്നോ, അവയേതെന്നോ ഉള്ള കാര്യത്തിലൊന്നും തിട്ടവുമില്ല. എന്നാൽ നളചരിതം ആട്ടക്കഥ ഉണ്ണായി വാര്യരുടേതാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ എല്ലാവരും ഏകാഭിപ്രായക്കാരാണ്.
ഈ ഒരൊറ്റ കൃതി മതി അദ്ദേഹത്തിൻ്റെ കവിത്വസിദ്ധിക്കു നിദർശനമായി ചൂണ്ടിക്കാട്ടാൻ!
അടുത്തലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕❣️