മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ അഞ്ചാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം 🙏🙏
ആധുനിക കവിത്രയങ്ങളിൽ പ്രഥമകവിയും,മലയാള കവിതകളിൽ കാല്പനിക വസന്തത്തിനു തുടക്കം കുറിക്കുകയും ചെയ്ത കവിയാണ്. ശ്രീ . എൻ.കുമാരാനാശാൻ.
എൻ.കുമാരനാശാൻ
(12/04/1873 – 16/01/1924) (5️⃣)
ഈ പംക്തിയിലൂടെ ഇന്ന് എഴുതുന്നത് മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ ശ്രീ. എൻ. കുമാരാനാശാൻ എന്ന നക്ഷത്രപ്പൂവ് നെ കുറിച്ചാണ് 🙏
പുത്തൻ കടവത്ത് ശ്രീ. നാരായണന്റെയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടെയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12 ന് തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിലാണ് കുമാരാനാശാന്റെ ജനനം.
“സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവന സംഗമങ്ങതിൽ,
സ്നേഹമൂലമമലേ, വെടിഞ്ഞു ഞാൻ”
അദ്ദേഹത്തിന്റെ കാവ്യമായ ‘നളിനി’യിലെ പ്രശസ്തമായ ഈ വരികൾ പഠിക്കുന്ന കാലം മുതൽ നാം ശ്രവിക്കുന്നതും നമ്മുടെ നാവിൽ തത്തിക്കളിക്കുന്നതുമാണ്. വിശ്വപ്രേമത്തിന്റെ അത്യുദാത്തമായ സങ്കൽപ്പത്തെയാണ് അദ്ദേഹം ഈ വരികളിലൂടെ കുറിച്ചിടുന്നത്.
നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് ആണ് അദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് ഉടയാൻ കുഴിയിൽ കൊച്ചുരാമൻ വൈദ്യരുടെ ശിക്ഷണത്തിൽ സംസ്കൃതപഠനം തുടങ്ങിയെങ്കിലും, അധികകാലം തുടരാനായില്ല. കായിക്കരയിൽ ചക്കൻവിളകം പ്രൈമറി സ്ക്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അവിടെ രണ്ടാം ക്ലാസ്സിൽ ചേർന്ന് പഠനം തുടർന്നു. സ്കൂളിന്റെ പ്രധാന അധ്യാപകൻ വിരമിച്ചപ്പോൾ യാത്രയയപ്പ് ചടങ്ങിൽ ചൊല്ലാൻ എഴുതിയ കവിതയിലൂടെയാണ് കുമാരൻ കവിതയെഴുത്തിലുള്ള പ്രാവീണ്യം പ്രകടമാക്കിയത്.
1887 ൽ പതിനാലാം വയസ്സിൽ നാലാം ക്ലാസ്സ് വിജയിച്ച കുമാരന് അതേ സ്ക്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. എന്നാൽ അധികകാലം അവിടെ തുടരാനായില്ല പ്രായം കുറവായതിനാൽ.
പിന്നീട് അദ്ദേഹം വ്യാപാരശാലയിൽ കണക്കെഴുത്തുകാരനായും ജോലി നോക്കി. എഴുതുന്നവ പത്രങ്ങൾക്ക് അയച്ചു കൊടുക്കുകയും അതിൽ പലതും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. കെ.എൻ. കുമാരൻ, കുമാരു, കായിക്കര കെ.എൻ. കുമാരൻ തുടങ്ങി വിവിധ തൂലികാനാമങ്ങളിലായിരുന്നു രചനകൾ വന്നത്. അങ്ങനെ പതിയെ പതിയെ കുമാരൻ എന്ന കവി മുള പൊട്ടി വളർന്ന് പന്തലിക്കാൻ തുടങ്ങി.
‘കോട്ടറാൻ കസവിട്ട മുണ്ട്’ എന്ന് തുടങ്ങുന്ന ഓണവർണ്ണനയാണ് കുമാരനാശാന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കവിത. നാട്ടിലെ ഓണാഘോഷത്തെ കുറിച്ച് ‘ഉഷ കല്യാണം’ എന്നൊരു നാടകവും അക്കാലത്ത് എഴുതിയിരുന്നു.
സംസ്കൃത പണ്ഡിതനായ മണമ്പൂർ വാഴാംകോട്ട് ഗോവിന്ദനശാൻ നെടുങ്കണ്ടയിൽ എത്തുകയും വിജ്ഞാന സന്ദായിനി എന്ന പേരിൽ പാഠശാല ആരംഭിക്കുകയും ചെയ്തപ്പോൾ കുമാരാനാശാൻ അവിടെ വിദ്യാർത്ഥിയായി. വള്ളി വിവാഹം( അമ്മാനപ്പാട്ട്), സുബ്രമണ്യ ശതകം( സ്തോത്രം), എന്നിവ ഇക്കാലത്താണ് രചിച്ചത്. ഏകദേശം 20 വയസ്സായപ്പോൾ കുമാരൻ വക്കം സുബ്രമണ്യ ക്ഷേത്രത്തിൽ അന്തേവാസിയാവുകയും, മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും, ധ്യാനത്തിലും മുഴുകുകയും ചെയ്തു. അക്കാലത്ത് അദ്ദേഹം ക്ഷേത്ര പരി സരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ച് സംസ്കൃതം. പഠിപ്പിച്ചു തുടങ്ങിയതോടെയാണ് കുമാരൻ, ‘കുമാരനാശാൻ’ ആയത്.
1891 ൽ കുമാരനാശാനും, ശ്രീ നാരായണ ഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്ച ആശാന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. കുമാരനിലെ പ്രതിഭയെ മനസ്സിലാക്കിയ ഗുരു അദ്ദേഹത്തെ അരുവിപ്പുറത്തേയ്ക്ക് ക്ഷണിച്ചു. അങ്ങനെ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ ശിക്ഷ്യനായി. അങ്ങനെയിരിക്കെ ഉപരിപഠനത്തിനായി ഗുരു ബാഗ്ലൂരിലേക്ക് അയച്ച കുമാരനാശാൻ ഡോ. പൽപ്പുവിനെ പരിചയപ്പെട്ടു .
അബ്രാഹ്മണർക്ക് പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നിട്ടു കൂടി ഡോ.പൽപ്പുവിന്റെ സ്വാധീനത്തിൽ ബാംഗ്ലൂർ ശ്രീരാമരാജേന്ദ്ര സംസ്കൃത കോളേജിൽ പഠിക്കാനുള്ള അവസരം കുമാരനാശാന് ലഭിച്ചു. ന്യായശാസ്ത്രമായിരുന്നു ഇവിടെ അദ്ദേഹത്തിന്റെ ഐച്ഛികവിഷയം. ആശാൻ പിന്നീട് ബംഗാളി ഭാഷയിലും, ഇംഗ്ലീഷിലും അവഗാഹം നേടി. അരുവിപ്പുറത്ത് തിരിച്ചെത്തിയ ആശാൻ പിന്നീട് ഗുരുവിന്റെ പ്രവർത്തനങ്ങളിൽ സഹായിയായി. ശ്രീനാരായണഗുരുവിന്റെ സ്വാധീനം ആശാനെ വേദാന്തിയാക്കി. മൃത്യുഞ്ജയവും,വിചിത്ര വിജയവും ആശാൻ അക്കാലത്ത് എഴുതിയ രണ്ട് നാടകങ്ങൾ ആണ്.
1903 ൽ S.N.D.P സ്ഥാപിതമായി . കുമാരനാശാനായിരുന്നു സംഘടനയുടെ ജനറൽ സെക്രട്ടറി. ശ്രീനാരായണ ഗുരു അധ്യക്ഷനും, ഡോ. പൽപ്പു ഉപാധ്യക്ഷനുമായി. സംഘടനാ യോഗത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതം.
1918ൽ അദ്ദേഹത്തിന്റെ നാൽപത്തഞ്ചാം വയസ്സിലാണ് വിവാഹിതനായത്. തിരുവനന്തപുരം കുന്നുകുഴി കമലാലയം ബംഗ്ലാവിൽ കെ.ഭാനുമതിയമ്മയായിരുന്നു സഹധർമ്മിണി. ആറു വർഷമേ അവർ ഒരുമിച്ചു ജീവിച്ചുള്ളു. രണ്ട് പുത്രൻമാർ. സുധാകരൻ, പ്രഭാകരൻ.
“ഹാ പുഷ്പമേ,
അധിക തുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ!! ശ്രീ ഭുവിസ്ഥിര – അസംശയം – ഇന്നു നിന്റെ – യാഭൂതിയെങ്ങു
പുനരിങ്ങു കിടപ്പിതോർത്താൽ”
ആശാന്റെ “വീണ പൂവ്” എന്ന ഖണ്ഡകാവ്യത്തിലെ വരികളാണിത്. ഒരു പൂവ് വിരിയുന്നതു മുതൽ കൊഴിഞ്ഞു പോകുന്നത് വരെയുള്ള സമയത്തെ കുറിച്ചു കൊണ്ട് മനുഷ്യ ജീവിതത്തിന്റെ നേർചിത്രമാണ് അദ്ദേഹം ‘വീണപൂവ് ‘ലൂടെ പകർന്ന് തരുന്നത്….
ജാതിവ്യവസ്ഥയ്ക്കെതിരെയും ആശാന്റെ തൂലിക പട വെട്ടിയിട്ടുണ്ട്. ജാതീയത കൊടുമ്പിരി കൊണ്ട കാലഘട്ടത്തിൽ അതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും, താക്കീത് നൽകുകയുമാണ് ‘ദുരവസ്ഥ’ എന്ന കവിതയിലൂടെ.
സാമൂഹിക പരിഷ്കർത്താവായ കവിയായിരുന്നു കുമാരാനാശാൻ. അനാചാരങ്ങൾക്കെതിരെ അദ്ദേഹം എഴുതിയ ‘മാറ്റുവിൻ ചട്ടങ്ങളെ’ പോലുള്ള വരികൾ ഇന്നും പല കാര്യങ്ങളിലും പ്രസക്തമാണെന്ന് പറയാം.
‘സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയെക്കാൾ ഭയാനകം’ മണിമാല എന്ന കവിതാ സമാഹാരത്തിലെ ‘ഒരു ഉദ്ബോധനം’ എന്ന കവിതയിലെ വരികൾ ആണിത്.
1922 ൽ കേരളത്തിലെ മഹാകവി എന്ന നിലയിൽ അദ്ദേഹം ഇംഗ്ലണ്ടിലെ വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും സമ്മാനമായി സ്വീകരിച്ചു.
പ്രധാകൃതികൾ വീണപൂവ്, ഒരു സിംഹപ്രസവം, നളിനി, ബാലരാമായണം, ഗ്രാമവൃക്ഷത്തിലെ കുയിൽ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നിവയാണ്.
1924 ൽ ജനുവരി 16 ന് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രക്കിടയിൽ അദ്ദേഹം സഞ്ചരിച്ച റെഡിമർ എന്ന ബോട്ട് പല്ലനയാറ്റിൽ മുങ്ങി അമ്പത്തിയൊന്നാം വയസ്സിൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു🙏
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕❣️