” മലയാളി മനസ്സ് ” ൻ്റെ എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തി യുടെ രണ്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
മലയാള സാഹിത്യ മേഖലയെക്കുറിച്ച് പറയുമ്പോൾ വിവിധ സാഹിത്യ ശാഖകളിൽ ധാരാളം തിളങ്ങി നിന്ന സാഹിത്യ നക്ഷത്രപ്പൂക്കൾ ഉണ്ടെന്ന കാര്യം നമുക്കെല്ലാം അറിയാം. നോവൽ പ്രസ്ഥാനത്തിലെ ആദ്യകാലത്തെ പ്രതിഭ എന്നറിയപ്പെട്ട ശ്രീ.ഒയ്യാരത്ത് ചന്തുമേനോൻ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലാണ് ‘ഇന്ദുലേഖ’. നോവലിസ്റ്റ് ‘ഒയ്യാരത്ത് ചന്തുമേനോൻ’ നെ കുറിച്ചാണ് ഇന്നത്തെ പംക്തിയിലൂടെ പരിചയപ്പെടുത്തുന്നത് 🙏
ഒയ്യാരത്ത് ചന്തുമേനോൻ
(നോവലിസ്റ്റ് ) (2️⃣)
ഉത്തരകേരളത്തിലെ കോട്ടയം താലൂക്കിൽ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂർ ദേശത്ത് എടപ്പാടി ചന്തുനായരുടെയും, കൊടുങ്ങല്ലുർ ചിറ്റെഴുത്ത് വീട്ടിൽ പാർവതി അമ്മയുടെയും മകനായി 1847 ജനുവരി ഒമ്പതിന് ചന്തുമേനോൻ ജനിച്ചു. പിതാവ് ചന്തുനായർ ആദ്യം പോലീസ് വിഭാഗത്തിലും, പിന്നീട് പലയിടങ്ങളിലായി തഹസീൽദാർ ആയിട്ടാണ് ജോലി നോക്കിയിരുന്നു. ചന്തുനായർ കറുമ്പ്രനാട് താലൂക്കിൽ തഹസീൽദാരായി ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആറാമത്തെതും ഏറ്റവും ഇളയ മകനായിട്ടുമാണ് ചന്തുമേനോൻ ജനിച്ചത്. അക്കാലത്ത് വളരെ പ്രമാണിത്യമുളള കുടുംബമായിരുന്നു ചന്തുമേനോന്റെത്. അദ്ദേഹത്തിന് രണ്ട് സഹോദരിമാരും, മൂന്ന് സഹോദരന്മാരും ഉണ്ടായിരുന്നു. തലശ്ശേരിയിലുള്ള ചന്തുനായരുടെ തറവാട്ട് പേരാണ് ഒയ്യാരത്ത്. അങ്ങനെയാണ് ‘ഒയ്യാരത്ത് ചന്തുമേനോൻ’എന്ന പേര് സംജാതമായത്.
വിദ്യാംരംഭത്തിന് ശേഷം ചന്തുമേനോൻ, കോരൻകരിക്കൾ എന്ന നാട്ടെഴുത്തച്ഛന്റെ കീഴിൽ പഴയ സമ്പ്രദായത്തിൽ പഠനം ആരംഭിച്ചു. പിന്നീട് തലശ്ശേരി ഒയ്യാരത്ത് തറവാട്ടിൽ താമസം തുടങ്ങിയപ്പോൾ കുഞ്ഞമ്പു നമ്പ്യാർ, എന്ന വിദ്വാന്റെ കീഴിൽ കാവ്യലങ്കാരാദികൾ പഠിച്ച് സംസ്കൃതത്തിൽ സാമാന്യപാണ്ഡിത്യം നേടി. കവിയായിരുന്ന നാരങ്ങോളി ചിറക്കൽ കുഞ്ഞിശങ്കരൻ നമ്പൂതിരിയുമായുള്ള ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി.
പിന്നീട് അച്ഛന്റെ സ്ഥലമാറ്റത്തെ തുടർന്ന് അവിടത്തെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ ചേർത്തു. ഇതിനിടയിൽ അദ്ദേഹത്തിന്റെ പിതാവായ ചന്തുനായർക്ക് പെട്ടെന്നുണ്ടായ ഹൃദ്രോഗം മൂലം സംഭവിച്ച മരണത്തെ തുടർന്ന് വീണ്ടും കുടുംബം തലശ്ശേരിയിലേക്ക് മടങ്ങുകയും ചെയ്തു. അതിനുശേഷം തലശ്ശേരി പാർസി സ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കെ സ്വന്തം നിലയിൽ ഇംഗ്ലീഷിലും സംസ്കൃതത്തിലും ചന്തുമേനോൻ പ്രാവീണ്യം നേടി. അതോടൊപ്പം മെട്രിക്കുലേഷൻ നല്ല മാർക്കോടെ പാസ്സാകുകയും ചെയ്തു. തുടർന്ന് തലശ്ശേരിയിൽ ഉള്ള ചെറിയ കോടതിയിൽ ഗുമസ്തനായി സർക്കാർ നിയമനം ലഭിച്ചു.
1882 ൽ ചന്തുമേനോൻ കാത്തോളി വീട്ടിൽ ലക്ഷ്മിയമ്മയെ വിവാഹം ചെയ്തു. അദ്ദേഹത്തിന് ചേർന്ന സഹധർമ്മിണി ആയിരുന്നു അവർ. ‘ഇന്ദുലേഖ’ യുടെ സൃഷ്ടിക്ക് പിന്നിൽ തന്റെ പത്നിയാണെന്ന് അദ്ദേഹം പലപ്പോഴും അഭിമാനപൂർവം സൂചിപ്പിച്ചിട്ടുണ്ട്. ദമ്പതികൾക്ക് അഞ്ച് പുത്രന്മാരും,രണ്ട് പുത്രിമാരുമാണ് മക്കൾ ആയി ജനിച്ചത്.അതിൽ ഒരു പുത്രി ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി.
‘ഇന്ദുലേഖ’ എന്ന കൃതിയ്ക്ക് മുമ്പ് മലയാളസാഹിത്യവുമായി ബന്ധപ്പെട്ട നിലയിൽ ചന്തുമേനോനെ കുറിച്ച് അറിയപ്പെട്ടിരുന്നില്ല.ഇന്ദുലേഖ എന്ന നോവൽ കൂടാതെ അപൂർണ്ണമായ ‘ശാരദ’ എന്ന നോവലും, വിദ്യാ വിനോദിനിയിൽ വന്ന ‘മയൂരസന്ദേശത്തിന്റെ മണ്ഡനവും’ ‘ചാത്തുക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തെ’ കുറിച്ച് എഴുതിയ ഒരു കത്ത് എന്ന ദീർഘലേഖനവും, നവീകരിച്ചെഴുതിയ മുഖവുരയുമാണ് സാഹിത്യ സംബന്ധിയായ അദ്ദേഹത്തിന്റെ മറ്റ് രചനകൾ.
1899 സെപ്റ്റംബർ 7 ന് പതിവുപോലെ കോടതി ഉദ്യോഗം കഴിഞ്ഞ് വീട്ടിലെത്തിയ ചന്തുമേനോൻ വളരെ ആഹ്ലാദചിത്തനായിരുന്നു. പെട്ടൊന്നൊരു ക്ഷീണം തോന്നുകയും ഡോക്ടർ എത്തി ചികിത്സകൾ ചെയ്തുവെങ്കിലും പിറ്റേന്നത്തെ സൂര്യോദയത്തോടെ അദ്ദേഹം അന്ത്യശ്വാസം വലിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വേർപാട് മലയാളസാഹിത്യത്തിലെ എക്കാലത്തേയും തീരാനഷ്ടമായി മാറി😔
അടുത്തലക്കം വീണ്ടും കണ്ടുമുട്ടാം പ്രിയരെ❣️