ഇടിഞ്ഞുപൊളിഞ്ഞ ആദർശങ്ങളും ചിലന്തി വലകളും
മാറാല കെട്ടിയ ആദർശങ്ങളുടെ വാക്കൊച്ചകൾ ഉടഞ്ഞു പോയ വഴികളിൽ കാലവും മനുഷ്യരും ഒരുപോലെ പരിതപിക്കുന്നു.
“ആദർശങ്ങൾ പറയാം.. വിളമ്പാം…കാലണക്കുപോലും വിലയില്ലാത്ത പുരോഗമന ആശയങ്ങൾ” എന്ന് എവിടെയോ കേട്ടത് ഓർമ്മവരുന്നു.
കേട്ടിരിക്കാൻ സുഖമുള്ള വാക്കുകൾ ,സിരകളെ ത്രസിപ്പിക്കുന്ന ആശയങ്ങൾ, രോമകൂപങ്ങളെ എഴുന്ന് നിൽക്കാൻ പ്രേരിപ്പിക്കുന്നത്ര കഴിവുള്ളത്ര വാക് ചാതുരി, ചടുലതയിൽ, തികഞ്ഞ ആത്മവിശ്വാസത്തിൽ, നാലു ദിക്കും പിളർക്കുമാറ്, കേട്ടിരിക്കുന്നവന്റെ നെഞ്ചാമൂടി എറിഞ്ഞുടക്കുമാറ് ആയിരങ്ങളുടെ കാതുകളെ തുളച്ചിറങ്ങി, അതു പ്രസംഗിക്കുന്നവനെ ഏറ്റുവാങ്ങി ആരാധനയുടെ കണ്ണുകളോടെ, നിറഞ്ഞ നിർവൃതിയോടെ അവനെ നെഞ്ചിലേറ്റി ആദരിക്കുന്ന അത്രയും ആഴത്തിൽ ചുറ്റുവട്ടമുള്ള അന്തരീക്ഷത്തിൽ കറങ്ങി നടക്കുന്ന തീഷ്ണമായ ആ ആദർശവാക്കുകൾ ആര് വിളമ്പിയാലും! ആ വാക്കുകളെ ജനം ഏറ്റുവാങ്ങുക തന്നെ ചെയ്യും. അവനെ ഒരു സമൂഹം മുഴുവൻ വാഴ്ത്തപ്പെടും.
ആദർശങ്ങൾ പലപ്പോഴും പോരാട്ടങ്ങളുടെ വിളനിലമാണ്. ആദർശങ്ങൾ തങ്ങളിലുള്ള ചേർച്ച ഇല്ലായ്മകൾ, നിലപാടുകൾ സ്വീകരിക്കുന്നതിലുള്ള വ്യത്യസ്ഥതകൾ, അത് ഏറ്റെടുക്കുന്നവന്റെ മാനസികാവസ്ഥ ഇവയൊക്കെ തമ്മിലുള്ള അന്തരം ആദർശവാദികളെ ഏറ്റുമുട്ടുകളിലേക്ക് നയിച്ച് പ്രക്ഷോഭങ്ങൾക്ക് വഴിതെളിക്കുന്നു.
പ്രക്ഷോഭങ്ങളിലൂടെ അശാന്തിയും അസമാധാനവും, പൊട്ടിത്തെറികളും, തച്ചുടയ്ക്കലുകളും ഉടലെടുക്കുന്നു.
ആദർശങ്ങളെ ചേർത്തുപിടിക്കാൻ നമുക്ക് ആവേശം ഉണ്ട് പലപ്പോഴും, പക്ഷേ അത് പ്രായോഗികമായി പ്രാവർത്തികമാക്കാൻ പലർക്കും ജീവിത സാഹചര്യങ്ങൾ മൂലം കഴിയാറില്ല എന്നതാണ് നഗ്നസത്യം.
ഈ ആദർശങ്ങൾ വിളമ്പൽ പ്രമുഖരിൽ നിന്ന്, അല്ലെങ്കിൽ പ്രശസ്തരിൽ നിന്ന് ആകുമ്പോൾ പിന്നെ പറയേണ്ടതുണ്ടോ?.. ഇത് കേട്ട് കേട്ട് കാതുകൾ തഴമ്പിച്ചവർ ഒരു നിശ്ചിത സമയം കഴിയുമ്പോൾ അവരെ തങ്ങളിൽനിന്ന് എടുത്തെറിയുന്നു. വേറെ കുറെ പേർ തങ്ങളിൽ പടർന്നു പന്തലിച്ച അവരുടെ വേരുകളെ തന്നെ പിഴുതെറിയാൻ ശ്രമിക്കുന്നു. ചിലരെങ്കിലും അപ്പാടെ പിഴുതെറിയുന്നു.
ഒന്നാലോചിച്ചാൽ ഈ ആദർശങ്ങൾ ഒരു തരം ആവേശമാണ്. മിന്നലു കളും ഇടിയൊച്ചകളുമാണ്. പെയ്യാൻ മടിച്ച് ഇരണ്ട്മൂടി നിൽക്കുന്ന ആകാശം പോലെ മേഘാ വൃതമാണ്.
പ്രവർത്തിക്കുന്നവന് പ്രസംഗിക്കാനും പ്രസംഗിക്കുന്നവന് പ്രവർത്തിക്കാനും സമയം കിട്ടാറില്ല എന്നത് ഒരു പഴയ ചൊല്ല്. വാക്കല്ല? പ്രവൃർത്തിയാണ് സത്യവും, അനുഭവവും. വാക്കുകൾകൊണ്ട് തത്സമയം ചൊടിപ്പിക്കാം. സുഖിപ്പിക്കാം. വികാരനിർഭരമാക്കാം.വലിച്ചടുപ്പിക്കാം. പക്ഷേ….പ്രവൃത്തിച്ച് അനുഭവവേദ്യമാക്കാൻ ക്ഷമ വേണം. സഹനം വേണം. കാലതാമസം വേണം. അർപ്പണബോധവും, ആത്മാർത്ഥതയുള്ള നിറവുള്ള ഹൃദയത്തിന്റെ ഉടമയുമാകണം. ഇതു തന്നെയാണ് ആദർശം വിളമ്പലിൻ്റെ പൊള്ളയായ
വശങ്ങളും പ്രകടനങ്ങളും വ്യക്തമാക്കുന്നവ.
അതിനോടൊപ്പം തന്നെ ഇന്നും നമ്മൾ ആദരിക്കുന്ന ,പിന്തുടരാൻ ആഗ്രഹിക്കുന്ന മികച്ച ആദർശങ്ങളുടെ വഴികാട്ടി കളായ ശ്രീ മഹാത്മജി, ചെഗുവേര, ഫിഡൽ കാസ്ട്രോ, ശ്രീബുദ്ധൻ , മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയ മഹാരഥന്മാരെ കൂടി സ്മരിച്ചുകൊണ്ട് …
അദ്ധ്വാനിക്കുന്ന കൈകളിലും ചിന്തിക്കുന്ന പ്രതിഭയിലും സ്നേഹിക്കുന്ന ഹൃദയത്തിലും വിശ്വസിക്കുക എന്നുകൂടി ഓർമ്മപ്പെടുത്തി കൊണ്ട്
നിർത്തുന്നു.
അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം.
മലയാളി മനസ്സിലെ എല്ലാ കൂട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാ
ശംസകൾ.