ഏറെ തുറന്ന ചർച്ചകൾക്കും , സംവാദങ്ങൾക്കും തിരഞ്ഞെടുക്കേണ്ടുന്ന ഒരു വിഷയം തന്നെയാണ് ഏത് തരത്തിലുള്ള അക്രമങ്ങളോടും അതിക്രമങ്ങളോടും ചൂഷണങ്ങളോടും ഉള്ള ഇന്നത്തെ പൊതുജനങ്ങളുടെ പ്രതികരണം. കണ്ടു നിൽക്കുന്ന പൊതുജനം കാട്ടുന്ന അവഗണന അല്ലെങ്കിൽ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു അവസ്ഥ. നിശ്ശബ്ദരായി കണ്ണുമടച്ച് കയ്യുംകെട്ടി എന്തും നോക്കി നിന്ന് അവനവനിലേക്ക് മാത്രമായി ചുരുങ്ങുന്ന പ്രവണത.
ഈ പ്രതികരണശേഷി എന്നത് സത്യത്തിൽ നമുക്ക് ലഭിച്ചിട്ടുള്ള അമൂല്യമായ ഒരു വരദാനമാണ്. ദൈനംദിന ജീവിതത്തിൽ നമുക്ക് ചുറ്റും നടക്കുന്ന പല തെറ്റുകളോടും നാം അറിഞ്ഞും അറിയാതെയും കണ്ടും കേട്ടും അനുഭവിച്ചുമൊ ക്കെ ഒളിഞ്ഞും തെളിഞ്ഞും നമ്മുടേതായ ചില വാദങ്ങൾ ഉയർത്തി സ്വയം തൃപ്തിപ്പെടുത്തി ഒന്ന് പ്രതികരിച്ചു പോകാറുണ്ട് എന്നത് വാസ്തവം. പക്ഷേ പരസ്യവും നഗ്നവുമായ തെറ്റുകൾക്കെതിരെ നേർക്കുനേർ നിന്ന് പ്രതികരിക്കുന്നവർ സമൂഹത്തിൽ ഇന്നെത്ര പേർ ഉണ്ട് ?.
എന്തിനാണ് ഇല്ലാത്ത പൊല്ലാപ്പുകൾ വലിച്ച് തലയിൽ വയ്ക്കുന്നത്.നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ? പോരാത്തതിന് ഇന്നത്തെ കാലവും! സ്വസ്ഥമായി കിടന്നു ഉറങ്ങാൻ പറ്റില്ല. അവിടെ എന്തും നടക്കട്ടെ!
തല്ലുകയോ ,കൊല്ലുകയോ വസ്ത്രാക്ഷേപം നടത്തുകയോ, പീഡിപ്പിക്കുകയോ, തോക്കെടുക്കയോ… എന്തും ? !! “ആരാൻ്റമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ എന്ത് ചേലാ അല്ലേ?
മാനാഭിമാനത്തിന് വില പറഞ്ഞ വെള്ളക്കാരുടെ ബൂട്ടടികൾക്കും നിറതോക്കുകൾക്കും മുമ്പിൽ അടിയറവ് പറയാതെ നെഞ്ച് വിരിച്ചു നിന്ന്
കാർക്കിച്ചു തുപ്പിയും മാറരിഞ്ഞുവീഴ്ത്തിയും മരണം വരെ പോരാടി
മണ്ണിൽ ചോര വീഴ്ത്തി നമ്മുടെയൊക്കെ പൂർവ്വികർ നേടിയെടുത്തതാണ് ഇന്ന് നാം കൊണ്ടാടുന്ന ഈ സ്വാതന്ത്ര്യം എന്ന് ഒന്ന് ഓർത്താൽ ഒറ്റ വാക്കിൽ തന്നെ ആ പ്രതികരണ ശേഷിയുടെ വീറും വാശിയും കരുത്തും ആവേശവും, പ്രചോദനവും ഊർജ്ജവും, ഉന്മേഷവും ഉത്തേജനവും ഒക്കെ കൂടി ഒരുമിച്ചു കത്തി ജ്വലിച്ചു നമ്മുടെ സിരകളിൽ പടരേണ്ടതല്ലേ?
മറന്നു പോയിരിക്കുന്നു മനുഷ്യരതൊക്കെ. അല്ലെങ്കിൽ അങ്ങനെ നടിക്കുന്നു. ഏറ്റവും സുരക്ഷിതവും എളുപ്പവും ഉള്ള വഴിയിൽ അവൻ സ്വന്തം പാത തീർത്ത് അതിലൂടെ മാത്രം സഞ്ചരിക്കുന്നു. ലക്ഷ്യം തടി കേടാകാതെ മനോസുഖം നഷ്ടപ്പെടാതെ ഞാൻ, എൻ്റെ വീട്, എൻ്റെ വഴി എത്രമാത്രം സുരക്ഷിതം അതു മാത്രം.
ഇന്ന് സമൂഹം നേരിടുന്ന വിപത്തുകളിൽ ഏറ്റവും വലിയ ഒന്നായി തന്നെ തെറ്റുകൾക്കെതിരെ പ്രതികരിക്കാൻ ആരും മുന്നോട്ടു വരാത്ത ഈയൊരു സാഹചര്യത്തെ നമുക്ക് ചൂണ്ടിക്കാട്ടാം. അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണതയും വാസനയും ക്രമാതീതമായി വർദ്ധിക്കുകയും കുറ്റവാളികൾ ഏറ്റവും എളുപ്പത്തിൽ തന്നെ രക്ഷപ്പെടുകയും, വലിയവരായി തന്നെ നമുക്ക് മുന്നിലൂടെ സമൂഹത്തിൽ ഞെളിഞ്ഞു നടക്കുകയും ചെയ്യുന്നു.
പിന്നെ… ഒരു കാര്യം പരവതാനി വിരിച്ച പട്ടു മെത്തയിൽ ഈ പ്രതികരണശേഷിയുള്ള ഒരാൾക്കും സുഖമായി ഒരിക്കലും കിടന്നുറങ്ങാൻ കഴിയില്ല. കലങ്ങി മറിഞ്ഞ അവരുടെ മസ്തിഷ്‌ക്കങ്ങളിൽ പുകയുന്ന ചിന്തകൾക്ക് ചോദ്യോത്തരങ്ങൾ നൽകി അവർ സമൂഹത്തോട് സംവദിച്ചു കൊണ്ടേയിരിക്കും. ഒരു “നീ” കഴിഞ്ഞേയുള്ളൂ അവർക്ക് ഞാൻ.
ഇന്നത്തെ യുവ തലമുറയുടെ പ്രതികരണശേഷിയാണ് ഏറ്റവും ദയനീയം. തെറ്റുകളെ തിരിച്ചറിയുമ്പോഴും അതിന്റെ കാഠിന്യവും പരിണിത ഫലവും അനുഭവിക്കുമ്പോഴും കൂട്ടത്തിലുള്ളവരെ ചൂണ്ടിക്കാട്ടാതെ അവരോട് ചേർന്ന് നിന്ന് തെറ്റിനെ അനുകൂലിച്ച് അവരെ വ്രണപ്പെടുത്താതെ “പറ്റിയതു പറ്റി. “പോയവർ പോയി” ഇനി തടിയൂരാൻ കൂട്ടുനിൽക്കുന്നതല്ലേ നല്ലത്! വെറുതെ ഇവരെ കൂടി കൊലക്കു കൊടുത്തിട്ടെന്തിന്? എന്തോ? ആ സാഹചര്യത്തിൽ അങ്ങനെ അങ്ങ് സംഭവിച്ചു പോയി എന്ന് കരുതി അയവിറക്കി അവരെ മനസ്സിൽ മാപ്പു സാക്ഷികളായി സൂക്ഷിക്കുന്നവരാണ് കൂടൂതലും.
ഈ പ്രതികരണശേഷിയും അതു പ്രാവർത്തികമാക്കാൻ ഉള്ള കഴിവും ധൈര്യവും നെഞ്ചു വിരിക്കലും നിവർന്ന് നിൽക്കലും എല്ലാം ജനിതക പരമായി കൈവരുന്ന ഒരു സ്വഭാവവിശേഷം കൂടിയാണ് എന്ന് ഞാൻ പറയുമ്പോൾ ആരും പരിഭവിച്ചിട്ട് കാര്യമില്ല. ഈ കാറ്റഗറിയിലെ വകഭേദങ്ങളിൽ പയ്യെപതുങ്ങികൾ ഉണ്ട്. പേടി തൊണ്ടന്മാർ ഉണ്ട്. എടുത്തു ചാട്ടക്കാർ ഉണ്ട്. സംയമനം പാലിച്ചു സമയോചിതമായി ബുദ്ധിപൂർവ്വം പ്രവൃത്തിക്കുന്നവർ ഉണ്ട്. ആകാശം ഇടിഞ്ഞു വീണാലും! അനങ്ങാത്തവർ ഉണ്ട്. ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന് കൈമലർത്തി നടന്നു നീങ്ങുന്നവർ ഉണ്ട്.
എന്റെ അമ്മയെപ്പോലെ, അച്ഛനെപ്പോലെ ,സഹോദരങ്ങളെ പോലെ ,മകനെ,മകളെ പോലെ എന്നത് എടുത്തു മാറ്റപ്പെട്ടു കഴിഞ്ഞു. കൺമുന്നിൽ ഇരയാകേണ്ടിവരുന്നവർ ഏതു രീതിയിലുള്ള അക്രമത്തിലൂടെയായാലും അവർക്ക് തികച്ചും അന്യർ.
ഞരമ്പുകളിലൂടെ ഒഴുകുന്ന ചോരക്ക് ഒരേ നിറമാണെന്നത് വെറും മിഥ്യാബോധമുള്ള ചിന്ത മാത്രം.
ഇതൊക്കെ ആയാലും സമയം വൈകിയിട്ടില്ല. ഇനിയും നമുക്ക് ഒറ്റക്കെട്ടായി ഒത്തുചേർന്ന് പത്തി വിടർത്താം.ആഞ്ഞ് കൊത്താം. വിഷമൊളിപ്പിച്ച
മനുഷ്യ സർപ്പങ്ങളെ തിരിച്ചറിയാം. പ്രതികരണ ശേഷിയുള്ള ഒരു ജനതയെ വാർത്തെടുക്കാം. സംഘടിച്ച് സംഘടിച്ച് ശക്തരാകാം.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം