Wednesday, November 20, 2024
Homeസ്പെഷ്യൽജനകീയനായ കവി എ. അയ്യപ്പൻ (ലേഖനം) ✍ ജയകുമാരി കൊല്ലം

ജനകീയനായ കവി എ. അയ്യപ്പൻ (ലേഖനം) ✍ ജയകുമാരി കൊല്ലം

ജയകുമാരി കൊല്ലം

“കവിതകളെ ഭ്രാന്തമായ ആവേശമാക്കിയ കവി” എന്ന വിശേഷണത്തോടൊപ്പം “ആഹ്ലാദങ്ങളൊഴിഞ്ഞ ഉന്മാദിയായകവി “എന്നുകൂടെ ചേർത്തുവായിക്കപ്പെട്ട കവി. ജീവിതം ഒറ്റയ്ക്കാഘോഷമാക്കിയ കവിയാണ് താനെന്ന്, ലാഘവത്തോടെ പറഞ്ഞകവി, തുടങ്ങിയ വിശേഷണങ്ങളോടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു, പതിനാലുവർഷങ്ങൾക്കിപ്പുറവും ജനകീയമാക്കപ്പെട്ട വരികളിലെ നിലപാടുകളിലൂടെ മലയാളത്തിന്റെ സഹൃദയമനസ്സുകളിൽ ജീവിക്കുന്ന കവി ശ്രീ. എ അയ്യപ്പൻ. ജനകീയനായകവി.

1949ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ, ബാലരാമപുരത്തെ ഒരു സമ്പന്നവിശ്വകർമ്മ -വിശ്വജ്ഞ(സ്വർണ്ണപ്പണിക്കാർ) കുടുംബാംഗമായ അറുമുഖം ആചാരിയുടെയും മുത്തമ്മാളിന്റെയും മകനായി ജനനം. വിദ്യാർത്ഥിയായിരിക്കേതന്നെ കവിതകളെഴുതിയിരുന്ന അയ്യപ്പൻ, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ സജീവമാകുകയും പാർട്ടി പത്രമായ ജനയുഗത്തിലെ സ്റ്റാഫായി പ്രവർത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനുശേഷം അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. കമ്മ്യൂണിസ്റ്റ്സിദ്ധാന്തങ്ങളെ മുറുകെപ്പിടിച്ചിരുന്ന ശ്രീ അയ്യപ്പന്റെ കവിതകളിലധികവും നിരാലംബരുടെ വേദനകളായിരുന്നു. അത്തരം വരികളിലൂടെ പൊതുസമൂഹത്തോട് സന്ധിയില്ലാതെ നിരന്തരം കലഹിച്ചുകൊണ്ടിരുന്നു അദ്ദേഹം.

കാവ്യലോകം പിന്തുടർന്നിരുന്ന വ്യവസ്ഥകളെയപ്പാടെ നിഷേധിച്ചുകൊണ്ട് അയ്യപ്പൻ എന്നകവി പിറന്നത്, അനാഥത്വത്തിന്റെ അരക്ഷിതമായബാല്യത്തിൽനിന്നാണ്. ഒരുവയസ്സിൽ അച്ഛനും പതിനഞ്ചാംവയസ്സിൽ അമ്മയും ആത്മഹത്യ ചെയ്തപ്പോൾ, ജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ട കവിയ്‌ക്ക് തന്റെ ജീവിതദുരിതങ്ങൾ വരികളിലൂടെ തുറന്നുപറയുവാൻ മടിയുണ്ടായിരുന്നില്ല. തന്നെ അരാജകത്വത്തിന്റെ കവിയെന്ന് വിളിച്ച സമൂഹത്തോട് “എന്റെ ആഘോഷങ്ങളിൽ ഞാൻതന്നെ കോമാളിയും ബലിമൃഗവും “എന്ന് പറയാൻ മാറ്റാർക്കാണ് സാധിക്കുക.

കാല്പനികതയിൽ ഭ്രമിക്കാത്ത കവിയായിരുന്നു അയ്യപ്പൻ. അനാഥത്വത്തിന്റെയും പട്ടിണിയുടെയും കഷ്ടതകളും പ്രണയത്തിന്റെയും, സ്വപ്നങ്ങളുടെയും വിരഹത്തിന്റെയും ചൂടും ചൂരും അക്ഷരങ്ങളിലേക്കാവാഹിച്ച്, അവയെ ജീവൻതുടിയ്ക്കുന്നവരികളാക്കി മാറ്റുവാൻ അദ്ദേഹത്തിന് അനായാസം സാധിച്ചു.
ജീവിതം മൊട്ടിടുംമുൻപേ ആഹ്ലാദാരവങ്ങൾ നഷ്ടമായ ഒരുവന്റെ വരികൾക്ക് പച്ചയായജീവിതങ്ങളോടടുപ്പമുണ്ടാവുകയെന്നത് സ്വാഭാവികം. അയ്യപ്പൻ എന്നകവിയുടെ വരികൾ പിറന്നത്, തെരുവുകളിലും, കടലോരങ്ങളിലും, പീടികതിണ്ണയിലുമാണ്. മണിമാളികകളിൽപ്പിറക്കുന്ന വരികൾക്ക് ജീവിതസത്യങ്ങളുറങ്ങുന്ന ഈയിടങ്ങളൊക്കെ അപരിചിതവും. അതുകൊണ്ടാവാം തീക്ഷണഭാവമാർന്ന അദ്ദേഹത്തിന്റെ വരികളെ ചിത്തരോഗിയുടെ വരികളെന്ന് വിളിക്കപ്പെട്ടത്. സാഹിത്യലോകത്തെ വരേണ്ണ്യപാരമ്പര്യവ്യവസ്ഥകളെ തെല്ലും വകവെക്കാതെ കളങ്കരഹിതമായവരികളാൽ തന്റെതുമാത്രമായൊരു പുത്തൻ കാവ്യലോകം സൃഷ്ടിച്ചകവിയാണ് അയ്യപ്പൻ. അദ്ദേഹത്തിന്റെ വരികളേ പിന്തുടരുവാൻ പ്രയാസമേറിയതിനാലാവണം കവി അയ്യപ്പൻ തുറന്നിട്ട വീഥിയിലൂടെ സഞ്ചരിയ്ക്കുവാൻ അധികമാരും ധൈര്യപ്പെടാതിരുന്നത് . സദാചാരത്തിന്റെ മൂടുപടമണിഞ്ഞവർക്കുമുന്നിൽ “കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ,
പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ എന്നു പാടിക്കൊണ്ട് താനൊരു മദ്യപാനിയായ കവിയാണെന്ന് ആശങ്കയില്ലാതെ പറഞ്ഞതും മറ്റാരുമായിരുന്നില്ല.

1999ലെ കേരളസാഹിത്യഅക്കാദമിപുരസ്‌കാരമടക്കം ആറോളം അവാർഡുകൾമാത്രം ലഭിച്ചിട്ടുള്ള ശ്രീ അയ്യപ്പൻ 2010ലെ ആശാൻസ്മാരക പുരസ്‌കാരത്തിനും അർഹനായി. 2010ഒക്ടോബർ 23നു ചെന്നൈയിൽ വച്ചുനടക്കാനിരുന്ന പുരസ്‌കാരദാനച്ചടങ്ങിൽ പങ്കെടുക്കുവാനായി പുറപ്പെട്ട ശ്രീ അയ്യപ്പന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ടനിലയിൽ പോലിസ് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന ഷർട്ടിന്റെ ചുരുട്ടിവച്ച കൈമടക്കിൽ അപ്പോഴുമുണ്ടായിരുന്നു കടലാസിലെഴുതിയ ഒരുകവിത. ആശാൻസ്മാരകപുരസ്‌കാരവേദിയിൽ അവതരിപ്പിക്കാനായി എഴുതിയ “പല്ല്” എന്ന ആ കവിതയിലെ വരികൾ മരണംമുന്നിൽകാണുന്ന ഒരുവന്റെതായിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷം മാധ്യമങ്ങളിലാകെ ചർച്ചയായ “എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്.”.എന്നകവിത ഇങ്ങനെയെഴുതപ്പെട്ടു.

എന്റെ ഹൃദയത്തിന്റെ സ്ഥാനത്തൊരു
പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളിൽ
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞുതന്നവളുടെ ഉപഹാരം.
മണ്ണ്മൂടുന്നതിന്മുൻപ്
ഹൃദയത്തിൽനിന്നാ പൂവ്
പറിയ്ക്കണം.
ദളങ്ങൾക്കൊണ്ട് മുഖംമൂടണം.
രേഖകൾമാഞ്ഞ കൈവെള്ളയിലും
ഒരുദലം
പൂവിലൂടെ എനിക്ക് തിരിച്ചുവരണം.

തന്റെ ഹൃദയം ഒരുവളോടുള്ള പ്രണയത്താൽ നിറഞ്ഞുപോയിയെന്ന് ഇതിലും മനോഹരമായെങ്ങനെയെഴുതും. അവൾക്കായി പുനർജ്ജനിയ്ക്കണമെന്നും. പകരമില്ലാത്ത പ്രണയത്തെപാടിയ ഈവരികളേ ആരാണ് പ്രണയിക്കാത്തത്.
പ്രിയകവേ.. അങ്ങയുടെ തൂലികയാൽപ്പിറന്ന അക്ഷരപ്പൂക്കൾ ഇതളുകൾക്കൊഴിച്ചുകൊണ്ടേയിരിക്കും. കാലങ്ങളോളം. മനസ്സുകളിൽനിന്ന് മനസ്സുകളിലേക്ക്.
പ്രണാമം 🙏🏻

ജയകുമാരി കൊല്ലം. ✍🏻

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments