Wednesday, October 9, 2024
Homeസ്പെഷ്യൽഅന്താരാഷ്ട്ര തപാൽ ദിനം ..✍️അഫ്സൽ ബഷീര്‍ തൃക്കോമല

അന്താരാഷ്ട്ര തപാൽ ദിനം ..✍️അഫ്സൽ ബഷീര്‍ തൃക്കോമല

അഫ്സൽ ബഷീര്‍ തൃക്കോമല

ഒക്ടോബർ 9 അന്താ രാഷ്ട്ര  തപാൽ ദിനമായി ആചരിക്കുന്നു.
1874 ഒക്ടോബർ 9 ന് സ്വിറ്റ്‌സർലാന്റിലെ ബേണിൽ 22 രാജ്യങ്ങൾ ഒപ്പു വെച്ച ഉടമ്പടി പ്രകാരം രൂപം കൊണ്ട സംഘടനയാണ് യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ(അന്താരാഷ്‌ട്ര തപാൽ യൂണിയൻ) . അതിനു ശേഷമാണ് ലോകത്തെവിടേക്കും കത്തുകൾ അയയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നത് . ഇതിന്റെ ഓർമ്മ പുതുക്കലിനായി 1969ൽ ജപ്പാനിലെ ടോക്കിയോയിൽ ചേർന്ന യോഗമാണ് ഒക്ടോബർ 9ന് ലോക തപാൽ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് . 1948 മുതൽ അന്താരാഷ്‌ട്ര തപാൽ യൂണിയൻ192 അംഗരാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായായി മാറുകയും ആസ്ഥാനം സ്വിറ്റ്‌സർലന്റിലെ ബേണിനെ തീരുമാനിക്കുകയും ചെയ്തു . ആഗോള തലത്തിൽ തപാൽ സംവിധാനങ്ങളെ ഏകീകരിച്ച് വിവിധ രാജ്യങ്ങൾ തമ്മിലുള്ള തപാൽ കൈമാറ്റങ്ങൾ സുതാര്യമാക്കുകയും ശക്തിപ്പെടുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം.1976 ൽ സംഘടനയിൽ ഇന്ത്യയും അംഗത്വമെടുത്തു . ഇന്ത്യയിൽ ഒക്ടോബർ 9 മുതൽ ഉള്ള ഒരു ആഴ്ച തപാൽ വാരമായി ആചരിക്കുന്നു. ഒക്ടോബർ 10 ദേശീയ തപാൽ ദിനമായും ആചരിക്കുന്നു.മറാഠിയിലെ “ഠപാൽ” എന്ന പദത്തിൽ നിന്നാണ്‌ മലയാളപദമായ “തപാൽ” ഉണ്ടായത്.

1764 ൽ ബ്രിട്ടീഷ്‌ ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ലോർഡ്‌ റോബർട്ട്‌ ക്ലൈവിന്റെ കാലത്താണ് ഇന്ന് കാണുന്ന ഇന്ത്യയിലെ പോസ്റ്റൽ സമ്പ്രദായം നിലവിൽ വന്നത്.1774-ൽ ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യ ബംഗാൾ ഗവർണറായിരുന്ന വാറൻ ഹേസ്റ്റിങ്സ് ഇന്ത്യയിലെ ആദ്യ പോസ്റ്റ്‌ ഓഫിസ്‌ ആയ കൽക്കട്ട ജി.പി.ഒ സ്ഥാപിച്ചു. 1854ൽ ബ്രിട്ടീഷ്‌ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭുവിന്റെ കാലത്താണ് പോസ്റ്റ്‌ ഓഫിസ് ആക്ട്‌ നിലവിൽ വന്നത്. എന്നാൽ പുരാതന കാലം മുതൽ സന്ദേശവാഹകർ മുഖേന കത്തുകൾ കൈമാറിയിരുന്ന ഒരു പൊതു സംവിധാനം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. മുഗൾ ഭരണകാലത്ത്‌ തപാൽ സംവിധാനങ്ങൾ നടന്നിരുന്നതായി ചരിത്രത്തിൽ കാണാം. പുരാതന കാലത്ത്‌ കേരളത്തിലും കത്തിടപാടുകൾ നടന്നിരുന്നു, സന്ദേശവാഹകൻ, ദൈവദൂതൻ എന്നെല്ലാം അർത്ഥമുള്ള ആഞെലസ് എന്ന ലാറ്റിൻ പദത്തിൽ നിന്ന് രൂപപ്പെട്ട ബ്രിട്ടീഷ്‌ ഇന്ത്യയിൽ കേണൽ മൺട്രോ പരിഷ്കരിച്ച സമ്പ്രദായമാണ്‌ അഞ്ചൽ. സന്ദേശം എത്തിക്കുന്നവരെ അഞ്ചലോട്ടക്കാർ എന്നായിരുന്നു പറയുന്നത് . റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി അഞ്ചലോട്ടക്കാർ നിൽക്കുകയും . ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറുന്ന സാമ്പ്രാദായമായിരുന്നു അത് .സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവീസ് രൂപം കൊള്ളുന്നത് വരെ  തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ 1951 ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിക്കുന്നതുവരെ ഇത് തുടർന്നിരുന്നു എന്നത് കൗതുകകരമാണ് .മാത്രമല്ല കേരളത്തിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ ചാരന്മാർ വഴി കത്തിടപാടുകൾ നടത്തിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു മാർത്താണ്ഡവർമ്മയുടെ കാലത്തു വിരുത്തി(വൃത്തി) ചാരന്മാർ സർക്കാർ സാധനങ്ങളും കൊട്ടാരം വക നീട്ടുകളും കച്ചേരികളിൽ എത്തിച്ചുകൊടുക്കാൻ സംവിധാനമുണ്ടായിരുന്നു അവർക്ക് സ്ഥാനചിഹ്നമായി ശംഖുമുദ്രയും “ ശ്രീപദ്മനാഭൻ തുണ ” എന്നു ലിഖിതമുള്ള വെള്ളിത്തടികളും നൽകിയിരുന്നതായും . തിരുവിതാം കൂറിലെ രാമവർമ്മ മഹാരാജാവ് കൊല്ലവർഷം 959ൽ ‘സന്ദേഹവാഹക’ ഏർപ്പാടിൽ ചില പരിഷ്കാരങ്ങൾ വരുത്തിയതായും . ഇതാണ് പിന്നീട് അഞ്ചൽ സമ്പ്രദായത്തിലേക്കു വഴി മാറിയതെന്നും പറയപ്പെടുന്നു.

1850ല്‍ കല്‍കൊത്തായ്ക്കും ഡാമോണ്ട് ഹര്‌ബോരിനും ഇടക്കായി പരിക്ഷനാടിസ്ഥാനത്തില്‍ തുടങ്ങിയ കമ്പിയില്ല കമ്പി ഭരണ കാര്യങ്ങൾക്കുവേണ്ടി ബ്രിടീഷ് ഈസ്റ്റ് ഇന്ത്യകമ്പനി തുടങ്ങി വെച്ച 1854 ൽ പൊതു ജനങ്ങൾക്ക് വേണ്ടി ആവിഷ്കരിച്ച 4000 മൈല്‍ ദൂരത്തി്ല്‍ സന്ദേശങ്ങളും അയക്കാവുന്ന രീതിയിലുള്ള പോസ്റ്റ് ഓഫീസ് ശൃംഖലകൾ രാജ്യത്തിലുടനീളം തുറക്കപ്പെട്ടതും . ആയിരം ജീവനക്കാരും 75 ഓഫീസുകളും പ്രതിദിനം കുറഞ്ഞത് 5000 സന്ദേശങ്ങളെങ്കിലും അയച്ചു തുടങ്ങിയത് 1985 ആയപ്പോഴേക്കും ആറുകോടി സന്ദേശങ്ങൾ പ്രതിദിനം കൈമാറി കമ്പിയല്ല കമ്പി നിത്യ ജീവിതത്തിന്റെ ഭാഗമായതും എന്നാൽ 2013 ജൂലൈ 13 ന് സേവനം അവസാനിപ്പിച്ചത് കമ്പിയില്ല കമ്പി ഓർമ്മകളിലേക്ക് മറക്കപെട്ടു.
തപാൽ സംവിധാനത്തിൽ ഒഴിച്ചുകൂടാനാകാത്ത തപാൽ മുദ്രകൾ റൗളണ്ട് ഹിൽ രൂപപ്പെടുത്തി 1840 മേയ് 1ആം തിയതി ബ്രിട്ടണിലാണ്. അദ്ദേഹമാണ് തപാൽ മുദ്രയുടെ പിതാവ് 1840 മേയ് 1ന് ആദ്യത്തെ തപാൽ മുദ്രയായ പെന്നി ബ്ലാക്ക് മേയ് 6 മുതൽ  വിക്ടോറിയ രാജ്ഞിയുടെ മുഖം ആലേഖനം ചെയ്തു. തുടർന്ന് സ്വിറ്റ്സർലാന്റ്, ബ്രസീൽ എന്നീ രാജ്യങ്ങളും തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. 1845ൽ അമേരിക്കൻ ഐക്യനാടുകളിലെ ചില പോസ്റ്റ് മാസ്റ്റർമാർ സ്വന്തമായി തപാൽ മുദ്രകൾ ഉണ്ടാക്കി . ഔദ്യോഗികമായി അവിടെ ത‌പാൽ മുദ്ര നിലവിൽ വന്നത് 1847ലാണ് ആ തപാൽ മുദ്രകളിൽ ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെയും ജോർജ് വാഷിങ്ടന്റെയും ചിത്രങ്ങളാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതിനു ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. ഇൻഡ്യയിലെ ആദ്യത്തെ തപാൽ മുദ്ര പുറത്തിറക്കിയത് 1852 ജൂലൈ 1ന് സിന്ധ് ഡാക്ക് എന്ന പേരിൽ സിന്ധ് പ്രവിശ്യയിലാണ്,  ലോകത്ത് ആദ്യമായി എയർമെയിൽ തപാൽ മുദ്രകൾ പുറപ്പെടുവിച്ച രാജ്യം ഇൻഡ്യയാണ്.കേരളത്തിൽ തിരുവിതാംകൂർ നാട്ടുരാജ്യവും കൊച്ചി നാട്ടു രാജ്യവും അഞ്ചൽ മുദ്രകൾ പുറപ്പെടുവിച്ചിട്ടുള്ളതായി കാണാം .സ്വതന്ത്ര ഇന്ത്യയില്‍, ആദ്യത്തെ ഔദ്യോഗിക തപാല്‍ സ്റ്റാമ്പ് 1947 നവംബര്‍ 21 ന് പുറത്തിറങ്ങി. സ്റ്റാമ്പില്‍ ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യവും ഇന്ത്യന്‍ പതാകയും ചിത്രീകരിച്ചിരുന്നു. ഒട്ടിക്കാനായി പിൻഭാഗത്ത് പശയുള്ളതരം തപാൽ മുദ്രകൾ ആദ്യമായി 1963ൽ ടോങ്കയിലും 1964ലിൽ സീറാ ലിയോണിലും പുറത്തിറങ്ങി

17-ാം നൂറ്റാണ്ടിൽ പാരിസിലാണ് ആദ്യമായി പോസ്റ്റ് ബോക്‌സ് നിലവിൽ വന്നത്. ഫ്രാൻഷ്വാ ഡി മെലായൻ എന്ന ഫ്രഞ്ചുകാരനാണ് പച്ച നിറത്തിൽ ഇത് രൂപകൽപന ചെയ്തത്. 1874ൽ അത് ചുവപ്പാക്കി മാറ്റി ബ്രിട്ടനിലും .ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലും ചുവന്ന നിറം തന്നെ ഉപയോഗിച്ചു. അത് കൊണ്ടാണ് നമ്മുടെ നാട്ടിലെ പോസ്റ്റ് ബോക്‌സും ചുവപ്പായി മാറിയത് എന്നാൽ, തൊട്ടടുത്ത നഗരങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനുള്ള കത്തുകൾ ഇടുന്ന നീല പെട്ടികളും നമ്മുടെ നാട്ടിലുണ്ട്

ഒരു കാലത്ത് ആശയവിനിമയത്തിനായ് ഉപയോഗിച്ചിരുന്ന പ്രധാന മാധ്യമമാണ് കത്ത്. പോസ്റ്റാഫീസുകളിലെ നീണ്ട നിരയും ,പ്രവാസി ഭാര്യമാരുടെ പൊങ്ങച്ചവും ഡ്രാഫ്റ്റ് കഥകളും, പ്രവാസികളുടെ പിതാക്കന്മാർ മക്കളുടെ കത്തിനായി പോസ്റ്റാഫീസുകളിൽ എത്തി വീമ്പു പറയുന്നതും പോസ്റ്റുമാനെ കാത്തിരിക്കുന്നതുമെല്ലാം തപാൽ സമ്പ്രദായത്തിന്റെ നല്ല നാളുകളായിരുന്നു. വ്യക്തിപരമായ കത്തുകള്‍, പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങി ഇ കൊമേഴ്‌സ്, ഓണ്‍ലൈന്‍ ഷോപ്പിങ് പാക്കേജുകള്‍ തുടങ്ങിയവ എല്ലാം ഉപഭോക്താവിന്റെ കൈകളില്‍ സുരക്ഷിതമായി എത്തുന്നതിന് ഇന്നും തപാല്‍ വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നു എന്നത് മാത്രമാണ് ആശ്വാസം

വിളിച്ചുപറഞ്ഞും ചെണ്ടകൊട്ടിയറിച്ചും വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന കാലവും തിരക്കുള്ള പൊതുവഴികളുടെ ഓരത്ത് ശിലാഫലകങ്ങൾ തയ്യാറാക്കിയും പിന്നീട് പക്ഷികളേയും മൃഗങ്ങളേയും ഉപയോഗിക്കുകയും .
വാർത്താവിനിമയോപാധികൾ സംഘടിതമായും സാമാന്യജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണു നാം ഇന്നു കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്.

ചുവന്ന പെട്ടിയും ഇൻലൻഡും പോസ്റ്റ്കാർഡും എയർ മയിലും പോസ്റ്റ് മാസ്റ്ററും പോസ്‌റ്റോഫീസിൽ സീൽ അടിക്കുന്നതും പോസ്റ്റുമാനുമെല്ലാം ഗൃഹാതുര സ്മരണയ്ക്കായി മാറുന്ന പഴയ തലമുറയും ,ഇതൊന്നും കാണുകപോലും ചെയ്യാത്ത നേരെ ഇന്റെര്നെറ്റിലും ഇമൈലിലും കടന്നു വന്ന പുതിയ തലമുറയും തമ്മിലുള്ള തലമുറ വ്യതിയാനമാണ് ഈ തപാൽ ദിനത്തെ വ്യത്യസ്തമാക്കുന്നത്…….

ഏവർക്കും തപാൽ ദിനാശംസകൾ

✍️അഫ്സൽ ബഷീര്‍ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments