Thursday, December 26, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 32) ''ഒരുപെണ്ണിൻ്റെ കഥ'' എന്ന ചിത്രത്തിലെ "പൂന്തേനരുവീ.." എന്ന...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 32) ”ഒരുപെണ്ണിൻ്റെ കഥ” എന്ന ചിത്രത്തിലെ “പൂന്തേനരുവീ..” എന്ന ഗാനം.

നിർമ്മല അമ്പാട്ട് .

പ്രിയ സൗഹൃദങ്ങളെ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരക്ക് ഇന്നേക്ക് ഒരു വയസ്സ് തികയുന്നു. ഇന്നത്തെ ഗാനം കേൾക്കാൻ നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

1971-ൽ നിർമ്മിച്ച ഒരുപെണ്ണിൻ്റെ കഥ എന്ന പടത്തിലെ പൂന്തേനരുവീ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. വയലാറിൻ്റെ വരികൾക്ക് ദേവരാജൻ സംഗീതം നൽകി. പഹാഡി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് പി സുശീലയാണ്.

പൂന്തേനരുവി ഒഴുകുന്ന ചേലിൽ അഴകിലൊഴുകുന്ന വരികൾ. പുഴയും കുളിരും താരും തളിരും പൂവുമൊക്കെപെൺകിടാവിൻ്റെ കൗമാരസ്വപ്ങ്ങളിൽ മഴവില്ല് വിരിയിക്കും. അവളുടെ മോഹങ്ങളിൽ പനിനീർമഴ പൊഴിയിക്കും

പളുങ്കുമണികൾ വാരിവിതറി ഒഴുകുന്ന അരുവിക്ക് എത്രയെത്ര കാമിനിമണിമാരുടെ കഥകൾ പറയാനുണ്ടെന്നോ… എത്രയെത്ര പൂമേനികളിൽ കുളിരുകോരിപ്പുതപ്പിച്ചതാണീ തേനരുവി. പ്രണയസല്ലാപങ്ങൾക്ക് പുഴയോളം ചേർന്ന ഇടം മറ്റെവിടെയാണുള്ളത്?

നമുക്ക് പാട്ടിന്റെ വരികളിലേക്ക് വരാം

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
(പൂന്തേനരുവീ.. )
ഒരു താഴ്വരയിൽ ജനിച്ചൂ – നമ്മൾ
ഒരു പൂന്തണലിൽ വളർന്നൂ
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു – നമ്മൾ
പൂക്കളിറുത്തു നടന്നൂ
ഓർമ്മകൾ മരിക്കുമോ – ഓളങ്ങൾ നിലയ്ക്കുമോ
ആഹാ ആഹാ ആഹാഹാഹാ
ഓഹോ ഓഹോ ഒഹോഹൊഹോ
(പൂന്തേനരുവീ.. )
മടിയിൽ പളുങ്കു കിലുങ്ങീ – നീല
മിഴികളിൽ കനവു തിളങ്ങീ
കാമിനി മണിമാരിൽ പുളകങ്ങളുണർത്തുന്ന
കഥകൾ പറഞ്ഞു മയങ്ങീ – നമ്മൾ
കവിതകൾ പാടി മയങ്ങീ
ഓർമ്മകൾ മരിക്കുമോ – ഓളങ്ങൾ നിലയ്ക്കുമോ
ആഹാ ആഹാ ആഹാഹാഹാ
ഓഹോ ഓഹോ ഒഹോഹൊഹോ
പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
പൂന്തേനരുവീ…

സുശീലയുടെ വേറിട്ട ശബ്ദത്തിൽ പൂന്തേൻ ഒഴുകുന്ന ചേലിൽ ആസ്വാദക ഹൃദയങ്ങളിലേക്ക്ഒഴുകിയെത്തിയ ഗാനം അമ്പതിലേറെ കൊല്ലങ്ങൾ കഴിഞ്ഞിട്ടും പുതുമയോടെ പെൺകുട്ടികൾ മത്സരവേദികളിൽ പാടി സമ്മാനം നേടുന്നുണ്ട്. പഴകുംതോറും വീര്യവും ലഹരിയും കൂടുന്ന തേൻ. നമുക്ക് ആ ഗാനം ഒന്ന് കേൾക്കാം

ഗാനം കേട്ടുവല്ലോ. ഇഷ്ടമായില്ലേ? സുശീലയുടെ ശബ്ദമാധുരി ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല. ഒരു കാലഘട്ടത്തിന്റെ പാട്ടുകാരിയാണവർ. നമ്മളൊക്കെ പാടാൻ ശ്രമിച്ചതും പഠിച്ചതും അവരെയൊക്കെ കണ്ടുകൊണ്ടല്ലേ?

നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.

സ്നേഹപൂർവ്വം,

നിർമ്മല അമ്പാട്ട് 🙏🏾.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments