പ്രിയമുള്ളവരേ..
ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
1973 ൽ പുറത്തിറങ്ങിയ ‘ചുക്ക്’ എന്ന ചിത്രത്തിലെ ‘കാദംബരീ പുഷ്പസദസ്സിൽ’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. വയലാറിന്റെ വരികൾക്ക് ദേവരാജൻ സംഗീതം നൽകി. ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചത് സുശീല.
കാമഭ്രാന്തിൽ പിച്ചിച്ചീന്തിയെറിഞ്ഞ ഒരു പെണ്ണിന്റെ വിലാപമാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം..
ഓർക്കിസ്ട്രയുടെ അതിപ്രസരണമില്ലാതെ ലളിതമധുരമായ പാശ്ചാത്തലസംഗീതമാണ് ഈ ഗാനത്തിന് ദേവരാജൻമാസ്റ്റർ നൽകിയിരിക്കുന്നത്. അതിലേറെ ലളിതമനോഹരമായ വരികളെക്കൊണ്ട് അർത്ഥസമ്പുപുഷ്ടമായ ഗാനമാണ് വയലാറും ഒരുക്കിയിട്ടുള്ളത്. ഇതൊരു കഥാഗാനമാണെന്ന് പറയാം. വരികൾ കേട്ടാൽ നമുക്ക് കാര്യം പിടികിട്ടും. നമുക്ക് ഗാനത്തിന്റെ വരികളിലേക്ക് വരാം.
കാദംബരീ പുഷ്പസദസ്സിൽ
കൗമാരം കൊരുത്തതാണീ മാല്യം.
കാമമാം കുരങ്ങിൻ മാറിൽ ചാർത്തിയ
നിർമ്മാല്യം ഞാൻ നിർമ്മാല്യം
(കാദംബരീ…)
എന്തിനിത് തെരുവിൽ നിന്നെടുത്തു എന്നെ
എന്തിന് നിൻ ചിറകുകൾ പൊതിഞ്ഞു
സ്വർഗ്ഗസോപാനത്തിൽ നിന്ന് നീ എന്തിനീ
മഗ്ദനലയിൽ വന്നൂ എന്റെയീ
മഗ്ദനലയിൽ വന്നൂ….
മൂടുക മൂടുക രോമഹർഷങ്ങളാൽ
മൂടുകീ കൈനഖവടുക്കൾ.
(കാദംബരീ )
എന്തിനിതിൽ പനിനീർ തളിച്ചൂ വീണ്ടും
എന്തിനിതിന്നിതളുകൾ മുളച്ചൂ
പുഷ്പതുണീരവം കൊണ്ടുനീ എന്തിനീ
പുഷ്കരിണിയിൽ വന്നൂ കണ്ണുനീർ
പുഷ്‌ക്കരിണിയിൽ വന്നൂ..
(കാദംബരീ)
ഈ ഗാനത്തിൽ ഒരു ഇതിവൃതമുണ്ട്. കണ്ണീരിന്റെ പുഷ്കരിണിയൽ വീണ് പിടയുന്ന ഒരു പെണ്ണിന്റെ കഥയുടെ ഇതിവൃത്തം. തെരുവിൽ വീണ് പിടയുംനേരം സ്വർഗ്ഗസോപനത്തിൽ നിന്നിറങ്ങി വന്ന് അവളെ ചിറകിൻ കീഴിൽ ഒതുക്കിയെടുക്കുമ്പോളുള്ള ആത്മസംതൃപ്തി. സുശീല എങ്ങിനെ പാടി വരികൾക്ക് ജീവൻ നൽകി എന്ന് നോക്കേണ്ടേ…
പ്രിയമുള്ളവരേ ഗാനം കേട്ടുവല്ലോ..
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.
സ്നേഹപൂർവ്വം,