Thursday, December 26, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (96) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും (ഭാഗം-1)

അറിവിൻ്റെ മുത്തുകൾ – (96) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും (ഭാഗം-1)

പി.എം.എൻ.നമ്പൂതിരി.

ഭാരതീയ സംസ്ക്കാരത്തിൻ്റേതായ കലകളുടെ കേദാരം തന്നെ ക്ഷേത്രങ്ങളാണെന്ന് പറയാറുണ്ട്. അത് വളരെ ശരിയാണെന്ന് തോന്നുന്നു. അതിനെത്തുടർന്ന് കലകളുടെ സംരക്ഷണമാണ് ക്ഷേത്രം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും ഒഴുക്കനായി പറയാറുണ്ട്. എന്നാൽ അത് ശരിയല്ല. ഭാരതീയമായ കലകളും സാഹിത്യവും ശാസ്ത്രങ്ങളും നീതിയും ഭരണകൂടങ്ങളും അങ്ങനെ ജനജീവിതത്തിൻ്റെ വൈകാരിക വൈചാരികാംശങ്ങൾ മുഴുവനും അടങ്ങിയതാണല്ലോ ഭാരതീയ സംസ്ക്കാരം. ആ സംസ്ക്കാരത്തിൻ്റെ കേന്ദ്രബിന്ദുവായി പറയേണ്ടത് ജനജീവിതത്തിൻ്റെ കേന്ദ്രബിനുവിനെയാണ്. ഇവിടെ ഭാരതത്തിൽ ആയത് മനുഷ്യരാശിയ്ക്ക് പ്രാപിയ്ക്കുവാൻ കഴിയുന്നതിൻ്റെ പരമകാഷ്ഠയായ ഈശ്വരപദവിയത്രേ. അങ്ങനെ ഈശ്വരപദ പ്രാപ്തിയ്ക്ക് അഥവാ മോക്ഷത്തിന് വേണ്ടിയുള്ള പ്രയാണത്തെയാണ് ഇവിടുത്തെ ജനജീവിതം കേന്ദ്ര ബിന്ദുവായി അനാദികാലം മുതൽ അംഗീകരിച്ചുവന്നിരുന്നത്. മറ്റൊരു വിധത്തിൽ ആദ്ധ്യാത്മികമായ പ്രയാണം എന്നും അതിനെ പറയാവുന്നതാണ്. അതിൻ്റെ പൊരുൾ അർത്ഥസമ്പാദനവും ഭൗതികമായ ഉൽക്കർഷങ്ങളും ഇവിടെ ലക്ഷ്യങ്ങൾ അല്ലന്നല്ല. പക്ഷെ, ആ ലക്ഷ്യങ്ങൾ ഈ പ്രയാണത്തെ ചുറ്റിപ്പറ്റിമാത്രമേ നിലനില്ക്കുകയുള്ളൂ. ഒരിക്കലും അവ തമ്മിൽ ഇടച്ചിലോ വിടവോ ഉണ്ടാവുന്നതല്ല എന്ന് ഞാൻ ഇവിടെ സൂചിപ്പിക്കട്ടെ. വൈദിക ഭാഷയിൽ ഈ പ്രയാണത്തെ യജ്ഞമെന്നും താന്ത്രിക ഭാഷയിൽ ഉപാസനയെന്നും പറയാം. ചുരുക്കത്തിൽ സാധനാപ്രധാനമായൊരു ജീവിതമാണ് ഭാരതീയ ജനജീവിതത്തിൻ്റെ കേന്ദ്രബിന്ദു. ഇതിനെ ചുറ്റിപ്പറ്റിയാണ് ഭൗതികമായ ഉൽക്കർഷത്തിൻ്റേയും ആനന്ദോല്ലാസത്തിൻ്റെതുമായ മാർഗ്ഗങ്ങൾ ഇവിടെ ഉരുത്തിരിഞ്ഞു വന്നത്. ശാസ്ത്രീയമായ ഉപാസനാ മാർഗ്ഗങ്ങൾ പണ്ടുകാലത്ത് സർവ്വസാധാരണമായിരുന്നു. എന്നാൽ യുഗപരിവർത്തനത്തിലൂടെ മനുഷ്യൻ്റെ കഴിവുകൾ കുറഞ്ഞുതുടങ്ങിയപ്പോൾ സാമന്യ ജനങ്ങൾക്കുള്ള ഏക ഉപാസനാ മാർഗ്ഗം “ക്ഷേത്രദർശനവും”അതിൻ്റെ ഉപകാരണം ക്ഷേത്രവും ആയിത്തീർന്നുവെന്ന് മനസ്സിലാക്കുക. അപ്പോൾ ഇവിടുത്തെ സാമാന്യകലകൾ മാത്രമല്ല, സംസ്ക്കാരവും സാമാന്യ ജനജീവിതവും ക്ഷേത്രങ്ങൾക്കു ചുറ്റുമായി പടർന്നു പന്തലിച്ചു. ഓരോ ഗ്രാമത്തിലും ക്ഷേത്രങ്ങൾ ഉണ്ടാവുകയും അതിൻ്റെ ചുറ്റും നാട്ടുക്കൂട്ടവും പഞ്ചായത്തും രൂപീകൃതമാവുകയും ജനങ്ങൾ മുഴുവൻ ഈ സ്ഥിരമായ ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്കു ചുറ്റുമായി സംഘടിക്കുകയും ചെയ്തു. രാജാക്കന്മാരും രാജവംശങ്ങളും ഭാരതത്തെ മുഴുവനായോ ഖണ്ഡംഖണ്ഡമായോ ഭരിച്ചിരിക്കാമെങ്കിലും അതുകൊണ്ട് കാശ്മീർ മുതൽ കന്യാകുമാരി വരെയുണ്ടായിരുന്ന ഏകീകൃത ദേശീയബോധത്തിന്നിവിടെ ശൈഥില്യം സംഭവിച്ചിട്ടില്ല. രാജവംശങ്ങളും രാജധാനികളും തകർന്നു തരിപ്പണമായി. ഉയിർത്തെഴുന്നേൽപ്പില്ലാതെ ചരിത്രാവശിഷ്ടങ്ങളായി അവ മാറി. പക്ഷെ, ഹിന്ദുവിൻ്റെ ക്ഷേത്രങ്ങൾ നിലംപരിശായിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കപ്പെട്ടു.അത് വീണ്ടും ആകാശം മുട്ടി വളർന്നു വരുന്നു. ക്ഷേത്രശില്പികൾ രാജധാനിയേക്കാൾ അനശ്വരങ്ങളായിത്തന്നെ – ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേയ്ക്ക് മാറിമറഞ്ഞുപോകാതെ – ഇന്നും ജനങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. അങ്ങനെ ഭാരതീയ കലകളുടെ പൗരാണിക മെങ്കിലും നിത്യനൂതന സ്രോതസ്സായി ഇന്നും ക്ഷേത്രങ്ങൾ വിരാജിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാണ്.

പൂജയുടെ അവസാനത്തിലുള്ള നൃത്തവാദ്യാദി രാജോപചാരങ്ങൾ

ക്ഷേത്രത്തിൻ്റെ ആരാധനാക്രമങ്ങളോട് അഭേദ്യമായി ഇവയെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഷോഡശോപചാര പൂജാക്രമത്തിൽ നൈവേദ്യം കഴിഞ്ഞ് പ്രസന്നപൂജാവസരത്തിൽ നൃത്തമിദം, വാദ്യമിദം, രാജോപചാരമിദം എന്നിങ്ങനെയുള്ള ഉപചാരങ്ങളെയും സമർപ്പിയ്ക്കാൻ പറയുന്നുണ്ട്.( പ്രസന്നപൂജയെ വിവരിയ്ക്കുന്ന തന്ത്രസമുച്ചയം സപ്തമ പടലത്തിലെ 117-ാം ശ്ലോകത്തിൽ ഈ കാര്യം വിശദീകരിക്കുന്നുണ്ട്.

ഗണ്ഡൂഷദന്തപവനാദിയുതം പ്രദായ

ഹസ്താസ്യമാർഷ്ടി മുഖവാസമുഖോപഹാരാൻ

ദേവം സമർച്യ വിനിവേദ്യ ച ലഡ്ഢുകാദ്യം

വാദ്യാദിഭി: പ്രധിനുയാച്ച നൃപോപചാരൈ:

അർത്ഥം:-

പിന്നെ ഗണ്ഡൂഷമിദം, ദന്തശോധനമിദം, ജീഹ്വാശോധനദിദം, ഹസ്തശോധനമിദം, ആസ്യശോധനമിദം, മുഖവാസമിദം, കരവാസ മിദം, അർഘ്യമിദം, പദ്യമിദം, ആചനീയമിദം ഈ ഉപചാരങ്ങളെ കൊടുത്ത് പിന്നെ ദേവനെ ജലഗന്ധാദികളെക്കൊണ്ട് പൂജിച്ച് അപ്പം, അവിൽ, മലർ, വെററില, അടയ്ക്ക, പാല്, ഇവ യഥാക്രമം നിവേദിച്ച് ലഡ്ഡൂകമിദം, അപൂപമിദം, താംബൂലമിദം, ക്രമുകമിദം, നൃത്തമിദം, വാദ്യമിദം, രാജോപചാരമിദം, ആർഘ്യമിദം, പാദ്യമിദം, അചമനീയമിദം ഇവയെ സമർപ്പിച്ച് സംഗീതവാദ്യ നൃത്തങ്ങളെക്കൊണ്ടും സന്തോഷിപ്പിക്കുക. (ഈ വിവരണം കുഴിക്കാട്ടുപച്ചയുടെ തന്ത്രശാസ്ത്രത്തിൽ വിവരിക്കുന്നുണ്ട്)

 (തുടരും)

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments