Saturday, December 21, 2024
Homeകേരളംവിർച്വൽ ക്യൂ തീർത്ഥാടനം സുഗമമാക്കി- മന്ത്രി വി.എൻ. വാസവൻ

വിർച്വൽ ക്യൂ തീർത്ഥാടനം സുഗമമാക്കി- മന്ത്രി വി.എൻ. വാസവൻ

ശബരിമല: വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്‌പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി.

വി.ഐ.പി.കൾ ഉൾപ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കന്നത് വരെ ദർശനത്തിനെത്തിയത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു മേധാവിമാരുടെ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയിൽ ശബരിമലയിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സുഗമമായ തീർഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേർക്കാണ് വിർച്വൽ ക്യൂ വഴി ഒരു ദിവസം ദർശനം അനുവദിക്കുന്നത്.

വിർച്വൽ ക്യൂവിന്റെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ചയും സുഗമമായ രീതിയിൽ ഭക്തർക്ക് ദർശനം നടത്താനായത് ശബരിമല തീർത്ഥാടകർക്കായി സർക്കാരും ദേവസ്വം ബോർഡും ചേർന്നൊരുക്കിയ മുന്നൊരുക്കങ്ങൾ ഫലപ്രദമായി എന്നതിന്റെ തെളിവാണ്.പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റിൽ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായതായും മന്ത്രി പറഞ്ഞു. ഇത് വലിയ നടപ്പന്തലിൽ ഭക്തർ ക്യൂ നിൽക്കേണ്ട സാഹചര്യം കുറച്ചു.

അപ്പവും അരവണയും ആവശ്യത്തിന് കരുതൽ ശേഖരത്തിൽ

പുതിയ പശ്ചാത്തലത്തിലുള്ള തീർഥാടന കാലത്തെ വർഷങ്ങളായി ഇവിടെയെത്തുന്നവരടക്കമുള്ള ഭക്തർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
അപ്പം, അരവണ പ്രസാദ വിതരണത്തിൽ ഇത്തവണ ഒരു തടസ്സവുമുണ്ടാകില്ല. 40 ലക്ഷം ടിൻ അരവണ ബഫർ സ്റ്റോക്കായി കരുതിയിട്ടുണ്ട്. യാത്രാ സൗകര്യത്തിന് കെ.എസ്.ആർ.ടി.സി. വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ കഴിയുന്നത്ര പാർക്കിങ് സൗകര്യം ഒരുക്കും. വെള്ളിയാഴ്ചയെത്തിയ മുഴുവൻ ചെറു വാഹനങ്ങളും പമ്പയിലാണ് പാർക്ക് ചെയ്തത്.

തീർത്ഥാടകർക്ക് ആശ്വാസമായി
നിലയ്ക്കലിലും പമ്പയിലും ജർമ്മൻ പന്തൽ

ഭക്തർക്ക് വിശ്രമിക്കാനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. നിലയ്ക്കലിൽ രണ്ടായിരം പേർക്ക് വിശ്രമിക്കാൻ സൗകര്യമുള്ള 17,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലാണൊരുക്കിയിരിക്കുന്നത്.

പമ്പയിലെ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിൽ ഒരേ സമയം 3000 പേർക്ക് വിശ്രമിക്കാം. സന്നിധാനത്ത് ഭക്തർക്ക് വിരിവെക്കാൻ മുൻ വർഷത്തേക്കാൾ കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ദർശനത്തിനായി ക്യൂ നിൽക്കുന്നവർക്ക് ചുക്കു വെള്ളം, ബിസ്‌കറ്റ് എന്നിവ നൽകും.

കാനന പാത വഴി വരുന്നവർക്ക് വിശ്രമിക്കാനായി 132 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിലും കുടിവെള്ളവും ലഘുഭക്ഷണവും നൽകും.
ചികിത്സാ സൗകര്യങ്ങളും മികച്ച രീതിയിലൊരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം ഡോക്ടർമാരുടെ സന്നദ്ധ സംഘം സർക്കാരുമായി സഹകരിച്ച് സന്നിധാനത്തെ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കും.

വിദഗ്ദ ചികിത്സയ്ക്ക് സമീപ സ്ഥലങ്ങളിലെ ജില്ലാ ആശുപത്രികളടക്കമുള്ള ഇടങ്ങൾ സജ്ജമാണ്. പമ്പയിലെയും സന്നിധാനത്തെയും ഗസ്റ്റ് ഹൗസുകൾ സർക്കാർ സഹായത്തോടെ നവീകരിച്ചതായും മന്ത്രി പറഞ്ഞു.

എം.എൽ.എ. മാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു. ജനീഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ദേവസ്വം കമ്മീഷണർ വി.പ്രകാശ്, ശബരിമല എ.ഡി.എം. അരുൺ എസ്.നായർ, എ.ഡി.ജി.പി. എസ്. ശ്രീജിത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments