വയനാട്:- വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ സംസ്ഥാന സർക്കാരിനു കീഴിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ വിദഗ്ധർ സന്ദർശനം നടത്തരുതെന്നും മുമ്പ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും സർക്കാർ നിർദ്ദേശം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. സ്റ്റേറ്റ് റിലീഫ് കമ്മീഷണർ കൂടിയായ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ആണ് രേഖാമൂലം കുറിപ്പ് ഇറക്കിയത്. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം.സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ ഫീല്‍ഡ് വിസിറ്റിനോ പോകരുതെന്നാണ് നിർദ്ദേശം.
ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.ശാസ്ത്ര സമൂഹം അവരുടെ പഠനങ്ങളും മറ്റും സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുത്. ഇനി ഏതെങ്കിലും പഠനങ്ങൾ ദുരന്ത മേഖലയുമായി ബന്ധപ്പെട്ട് നൽകാൻ ഉദേശിക്കുന്നുവെങ്കിൽ അതിന് ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വേണമെന്നും കുറിപ്പിൽ പറയുന്നു.