Thursday, January 9, 2025
Homeകേരളംവയനാട് ഉരുൾപൊട്ടലിൽ മരിച്ച മൂന്ന്പേരുടെ മൃതദേഹങ്ങൾ വിവിധ മതാചാര പ്രകാരമുള്ള പ്രാർഥന ചടങ്ങുകൾക്ക് ശേഷം സംസ്കരിച്ചു

വയനാട് ഉരുൾപൊട്ടലിൽ മരിച്ച മൂന്ന്പേരുടെ മൃതദേഹങ്ങൾ വിവിധ മതാചാര പ്രകാരമുള്ള പ്രാർഥന ചടങ്ങുകൾക്ക് ശേഷം സംസ്കരിച്ചു

വയനാട് : വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൂന്ന് മൃതദേഹങ്ങൾ കൽപ്പറ്റ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ചൂരൽമല ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശപ്രകാരമായിരുന്നു മൃതദേഹങ്ങൾ സംസ്കരിച്ചത്.

വിവിധ മതാചാര പ്രകാരമുള്ള പ്രാർഥനകൾക്കും ചടങ്ങുകൾക്കും ശേഷമായിരുന്നു സംസ്കാരം.മേപ്പാടി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചുരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടിയിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.

വിവിധ മതാചാര പ്രകാരമായിരുന്നു ചടങ്ങുകളെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ‘ഈ രാത്രിയിൽ ചില മനുഷ്യർ പൊതുശ്മശാനത്തിൽ ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യാനിയായും അടക്കം ചെയ്യപ്പെട്ടു. അവർക്ക് വേണ്ടി മയ്യിത്ത് നമസ്ക്കരിച്ചു… അവർക്ക് വേണ്ടി പൂജിച്ചു… അവർക്ക് വേണ്ടി യേശുവിനോട് പ്രാർഥിച്ചു… ഇത്രയേയുള്ളൂ മനുഷ്യർ, ആരാലും തിരിച്ചറിയപ്പെടാതെ ദുരന്തം അവരെ കൊണ്ട് പോയി. സങ്കടക്കടലാണെങ്ങും അടക്കിപ്പിടിച്ച വിലാപങ്ങളാണെങ്ങും തീർത്തും നിരർഥകമാണ് ജീവിതം എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ. മനസ്സിനുമേല്‍ ചുറ്റിപ്പിണഞ്ഞ് വലിഞ്ഞു മുറുക്കുന്ന അനുഭവമാണ്. ഇപ്പോൾ ഞാൻ അനുഭവിക്കുന്നത്’ ടി സിദ്ദിഖ് പറഞ്ഞു.

സംസ്കാര ചടങ്ങിൽ പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു, ടി സിദ്ദീഖ് എം എൽ എ , ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർമാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുൻ എം എൽ എ സി കെ ശശീന്ദ്രൻ, സബ് കലക്റ്റർ മിസാൽ സാഗർ ഭരത്, ജനപ്രതിനിധികൾ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

ഇന്നലെ രാത്രി ഏഴ് മണിവരെയുള്ള കണക്കുകൾ പ്രകാരം 210 മരണങ്ങളാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുരുഷന്മാർ – 96, സ്ത്രീകൾ – 85, കുട്ടികള്‍ – 29 എന്നിങ്ങനെയാണ് മരണസംഖ്യ. 147 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുകള്‍ തിരിച്ചറിഞ്ഞത്. 139 ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. 207 മൃതദേഹങ്ങളുടെയും 136 ശരീര ഭാഗങ്ങളുടെയും പോസ്റ്റ് മോർട്ടം കഴിഞ്ഞു. ദുരന്ത മുഖത്ത് നിന്നും 491 പേരെയാണ് ആശുപത്രികളില്‍ എത്തിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 81 പേരാണ് ചികിത്സയിലുള്ളത്. 198 പേർ ഡിസ്ചാര്‍ജ് ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments