Thursday, January 9, 2025
Homeകേരളംവയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ 200 ആയി ഉയർന്നു: രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ 200 ആയി ഉയർന്നു: രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

വയനാട് –വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 200 ആയി ഉയര്‍ന്നു. വയനാട് ദുരന്തത്തിൽ കനത്ത മഴയിലും രക്ഷാ ദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു.മരിച്ചവരിൽ പിഞ്ചു കുട്ടികളും ഉൾപ്പെടുന്നുണ്ട്.

ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്‌സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്‌സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം.

ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ഇവിടെ നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു.

കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഇവിടെയും ആരോഗ്യവകുപ്പിന്റെ ടീമിനെ നിയോഗിക്കും.

ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രക്ഷാപ്രവർത്തനത്തിനായി കോഴിക്കോട് നിന്നും മറ്റും അസ്‌ക വിളക്കുകൾ ഉടനടി എത്തിച്ചത് വളരെയധികം ഉപകാരപ്രദമായതായി മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്‌മാൻ, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, ഒ ആർ കേളു, രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവറാവു, എഡിഎം കെ ദേവകി എന്നിവർ പങ്കെടുത്തു.

വയനാട് ഉരുൾപൊട്ടൽ: ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നു 4 കി.മീ. വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു
കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു

വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്‌ഫോമറുകളും എത്തി

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് ചൂരൽമല ടെലിഫോൺ എക്‌സ്‌ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. ബുധനാഴ്ച പുലർച്ചെയോടെതന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നു നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിക്ക് ഉണ്ടായതായി കണക്കാക്കുന്നത്. മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു.

രണ്ടു ട്രാൻസ്‌ഫോമറുകൾ കാണാതാവുകയും 6 ട്രാൻസ്‌ഫോമറുകൾ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്. പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനങ്ങൾ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാൻസ്‌ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. വെള്ളം കയറിയതിനാൽ കൽപ്പറ്റ 33 കെവി സബ്‌സ്റ്റേഷൻ നിന്ന് വൈദ്യുതി വിതരണം തടസപ്പെട്ടത് പുന:സ്ഥാപിച്ചു. കൽപ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്. ദുരന്തഭൂമിയോട് ചേർന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് പാലവും റോഡുകളും ഒലിച്ചുപോയതിനാലും പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേക്ക് കടന്ന് വൈദ്യതി പുന:സ്ഥാപന ശ്രമങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല.

അതിശക്തമായ മഴയ്ക്കു സാധ്യത: അഞ്ചു ജില്ലകളിൽ (ജൂലൈ 31) ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (ജൂലൈ 31) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments