Sunday, December 22, 2024
Homeകേരളംവയനാട് മുണ്ടക്കൈ: ഏഴാംദിനം നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തി

വയനാട് മുണ്ടക്കൈ: ഏഴാംദിനം നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തി

വയനാട് മുണ്ടക്കൈയിൽഏഴാംദിനം നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തി എന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു . ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 226 ആയി. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്.

തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തിൽ സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചു.

സംസ്കരിച്ചവയിൽ 14 സ്ത്രീകളുടെയും 13 പുരുഷന്‍മാരുടെയും മൃതദേഹങ്ങളാണ് ഉള്‍പ്പെടുന്നത്. സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയാനാകാത്ത മൂന്ന് മൃതദേഹങ്ങളും സംസ്കരിച്ചു.
മൃതശരീരങ്ങള്‍ തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധന തുടരുന്നു. ഇതുവരെ 83 രക്ത സാമ്പിളുകള്‍ ശേഖരിച്ചു. ആറു സോണുകളിലായി നടന്ന തെരച്ചിലില്‍ വിവിധ സേനകളില്‍ നിന്നായി 1174 പേര്‍ പങ്കെടുത്തു.. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയര്‍മാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു. പുഞ്ചിരിമട്ടം മേഖലയില്‍ 119 സേനാംഗങ്ങളെയാണ് വിന്യസിച്ചത്. രണ്ടു ഹിറ്റാച്ചികള്‍ ഉപയോഗിച്ചായിരുന്നു തെരച്ചില്‍. മുണ്ടക്കൈ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ 137 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. 14 ഹിറ്റാച്ചികള്‍ ഇവിടെ രക്ഷാദൗത്യത്തിന് ഉപയോഗിച്ചു.

സ്കൂള്‍ റോഡിലും പരിസരത്തും കൂടുതല്‍ യന്ത്രങ്ങള്‍ പരിശോധനയ്ക്കെത്തിച്ചു. 25 ഹിറ്റാച്ചികള്‍ ഉപയോഗിച്ച് 431 സേനാംഗങ്ങളാണ് ഇവിടെ പരിശോധന നടത്തിയത്. കെ 9 ഡ്വാഗ് സ്ക്വാഡ്, കരസേനയുടെ ഡോഗ് സ്ക്വാ‍ഡ്, തമിഴ്നാട് ഫയര്‍സര്‍വീസിന്‍റെ ഡോഗ് സ്ക്വാഡ് എന്നിവയും തെരച്ചിലില്‍ പങ്കുചേര്‍ന്നു. 276 സേനാംഗങ്ങള്‍ ചൂരല്‍മല ടൗണിലും പരിസരത്തും തിരച്ചില്‍ നടത്തി. തമിഴ്നാട് ഡോഗ് സ്ക്വാഡും ഇവിടെ തെരച്ചില്‍ നടത്തി.
110 പേരടങ്ങിയ സംഘം ഒമ്പതു ഹിറ്റാച്ചികള്‍ ഉപയോഗിച്ച് വില്ലേജ് പരിസരത്ത് നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വനംവകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവയുടെ 101 പേര്‍ അടങ്ങിയ സംഘം പുഴയുടെ അടിവാരം മേഖലയിലെ വനത്തില്‍ നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.

മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജന്‍, എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവരുടെ സാന്നിധ്യത്തിൽ ദുരന്ത മേഖലയിലും ദുരിതാശ്വാസ മേഖലകളിലും നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവര്‍ ക്യാമ്പുകളും ദുരിതബാധിത മേഖലകളും സന്ദർശിച്ചു. എ.ഡി.എം കെ ദേവകിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്കായി ഇന്ന് 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments