കൽപ്പറ്റ: ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുന്നു.
ഇനിയുള്ള മൂന്ന് ദിവസം ദുരന്ത പ്രദേശത്ത് തുടരുമെന്നും സാമ്പിളുകൾ ശേഖരിച്ച് ദുരന്തം നടന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും ജോണ്‍ മത്തായി മാധ്യമങ്ങളോട് പറഞ്ഞു. ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രം മുതൽ താഴെ തലം വരെ പരിശോധനയുണ്ടാകും, സുരക്ഷിതമായ ഇടം, സുരക്ഷിതമല്ലാത്ത ഇടം എന്നിവ കണ്ടെത്തുമെന്നും അനുവദിക്കപ്പെട്ട സമയത്തിന് മുമ്പ് തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി പ്രതികരിച്ചു.
ഈ മാസം 22 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നതാണ് സർക്കാർ നിർദ്ദേശം. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച ശേഷം വേണ്ടി വന്നാൽ കൂടുതൽ സമയം ആവശ്യപ്പെടാനാണ് സംഘത്തിന്റെ തീരുമാനം. പുനരധിവാസത്തിന് സർക്കാർ കണ്ടുവെച്ചിരിക്കുന്ന ഭൂമിയിലും വിദഗ്ധ സംഘം പരിശോധന നടത്തും.
സിഡബ്ല്യുആര്‍എം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടി കെ ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താര മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്