ഉള്ളുലയ്ക്കുന്ന കാഴ്ചകളില്‍ നിസംഗമാകാതെ സഹായിക്കാനുള്ള മനസ് നല്‍കിയതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് പത്തനംതിട്ട സ്വദേശി ഭാരതിയമ്മയുടെ സാക്ഷ്യം. നിത്യവൃത്തിക്ക് അമ്പലനടയിലെ തൊഴിലിടം തുണയായപ്പോള്‍ പാതിവരുമാനമായ 3000 രൂപ വയനാടിനായി പകുത്തു നല്‍കുകയായിരുന്നു ആയിരം പൂര്‍ണചന്ദ്രന്മാരിലധികം കണ്ട് 84 ആണ്ടുകള്‍ പിന്നിട്ട ഭാരതിയമ്മ. ജില്ലാ കലക്ടര്‍ക്കാണ് തുക കൈമാറിയത്.
ഭവാനിയമ്മയെ പോലെ വയനാടിന് കരുതലാകാന്‍ ഒട്ടേറെ സുമനസുകള്‍ കൈകോര്‍ക്കുകയാണ്. എല്ലാവര്‍ക്കും പ്രചോദനമായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പങ്കിട്ട് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണനും.
കോഴിക്കോട് വടകര സ്വദേശികളായ ഷൈജുവും സുധിയും മകള്‍ നാലാം ക്ലാസുകാരിയായ സാന്‍വിയയുമായി 50,000 രൂപയുടെ ചെക്കുമായാണ് എത്തിയത്; പന്തളത്തുള്ള കോഴിക്കോട് ഏജന്‍സീസ് ഉടമയായ ഷൈജു കോവിഡ് സമാശ്വാസത്തിനായി 50,000 രൂപ നല്‍കിയിരുന്നു. കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശികളായ ആതിര-സജിന്‍ ദമ്പതികളുടെ മക്കളായ അലംകൃതയും ആനും കുടുക്കയില്‍ കരുതിവെച്ച സമ്പാദ്യമായ 5000 രൂപ നല്‍കി.
വയനാട്ടിലെ ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്ക് കോന്നി ചൈനാമുക്ക് സ്വദേശി മുകേഷ് ദാസിന്റെ നാലാം ക്ലാസുകാരിയായ മകള്‍ സ്വാതിക പാര്‍വതി മുകേഷ് സമ്പാദ്യകുടുക്ക ജില്ലാ കലക്ടറെ ഏല്‍പ്പിച്ചു.
ടി എം ജി എച്ച് എസ് എസ് പെരിങ്ങല സൗഹൃദ കൂട്ടായ്മ 10000 രൂപ നല്‍കി.
രുചിയിടം നാടന്‍ ഭക്ഷണശാല നടത്തുന്ന അജിന്‍ വര്‍ഗീസും, അബ്ദുള്‍ ബിജുവും 20220 രൂപയാണ് നല്‍കിയത്.
ഇതുവരെ വിവിധ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, വ്യക്തികള്‍ എന്നിവിടങ്ങില്‍ നിന്നും 3,46,737 രൂപയാണ് സമാഹരിക്കാനായത്. ജില്ലാ കലക്ടറുടെ ചേമ്പറിപ്പോള്‍ സമൂഹത്തിലെ നന്മ മനസുകളുടെ സംഗമസ്ഥാനംകൂടിയായി മാറിയിട്ടുമുണ്ട്.