തൃശൂർ: തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ ഗുണ്ട തീക്കാറ്റ് സാജനെ കണ്ടെത്താനാകാതെ പൊലീസ്. ഗുണ്ടയുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പൊടി പോലും കണ്ടെത്താനായില്ല.തന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ ചെറുപ്പക്കാരായ ‘അണി’കളെ പൊലീസ് പിടിച്ചുവെച്ചതിന്റെ പിന്നാലെയാണ് ഇവരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണിയെത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം 36 ലധികം ചെറുപ്പക്കാരാണ് തൃശൂർ തെക്കെ ഗോപുരനട പരിസരത്ത് എത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസ് മുഴുവൻ പേരേയും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇവരുടെ മാതാപിതാക്കളെയടക്കം വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു.
ഗുണ്ടാ സംഘത്തിന് പുറകിൽ ലഹരിസംഘങ്ങൾ കൂടി ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സംഘത്തിൽ നല്ലൊരു ശതമാനം പ്രായപൂർത്തിയാകാത്തവർ ആണെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. അതേസമയം തീക്കാറ്റ് സാജൻ പിടിയിലായാൽ നഗരത്തിലെ ക്രിമിനൽ, ലഹരി സംഘങ്ങളെ കുറിച്ച് കൂടുതൽ സൂചനകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിലെ പ്രതിയാണ് പുത്തൂർ സ്വദേശി തീക്കാറ്റ് സാജൻ. അടുത്തിടെ ജയിൽമോചിതനായ സാജൻ ഇൻസ്റ്റഗ്രാം വഴിയാണ് അനുയായികളെ ഉണ്ടാക്കിയത്. ശേഷം എസ് ജെ എന്ന പേരിൽ ഇവരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കി. തുടർന്നായിരുന്നു തെക്കേഗോപുരനടയിൽ ജന്മദിനാഘോഷം ഒരുക്കാൻ പ്ലാൻ ചെയ്തത്. സർപ്രൈസ് ആയി വരാനായിരുന്നു സാജന്റെ പദ്ധതി. എന്നാൽ അതിന് മുൻപ് വിവരം മണത്തറിഞ്ഞ് പൊലീസുകാർ സർപ്രൈസ് എൻട്രി നടത്തി. ഇതോടെ സാജന്‍ മുങ്ങുകയായിരുന്നു.