Tuesday, November 26, 2024
Homeകേരളംതൃശൂർ കോർപ്പറേഷൻ കൗൺസിൽ ഓണത്തിന് ഇത്തവണ പുലികളി നടത്തും

തൃശൂർ കോർപ്പറേഷൻ കൗൺസിൽ ഓണത്തിന് ഇത്തവണ പുലികളി നടത്തും

തൃശൂർ: തൃശൂരിൽ ഓണത്തിന് ഇത്തവണയും പുലികളിറങ്ങും. പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. ഇന്നു ചേർന്ന തൃശൂർ കോർപറേഷൻ യോഗത്തിലാണ് പുലിക്കളി നടത്താൻ തീരുമാനിച്ചത്.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പുലിക്കളി നടത്തേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്.പുലികളിയുടെ സംഘാടനം സംബന്ധിച്ച കാര്യങ്ങൾക്കായി പുലിക്കളി സംഘങ്ങളുടെ യോഗം വിളിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അനുമതി നൽകിയതോടെ ഇന്നു ചേർന്ന കോർപറേഷൻ യോഗം ഐകണ്ഠേന തീരുമാനം അംഗീകരിക്കുകയായിരുന്നു.

പുലിക്കളി നടത്താനായി ഏറെ പണം ചെലവിട്ട് സംഘങ്ങൾ പണി തുടങ്ങിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുലിക്കളി നടത്താൻ തീരുമാനിച്ചത്. കോർപറേഷനിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകാനും തീരുമാനമായിട്ടുണ്ട്.

പുലിക്കളി നടത്തുന്നതു സംബന്ധിച്ച് തൃശൂർ കോർപറേഷന് തീരുമാനിക്കാമെന്നും കോർപറേഷൻ പുലിക്കളി നടത്താൻ തീരുമാനിച്ചാൽ മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും എംബി രാജേഷ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.പുലിക്കളി പ്രേമികളുടെയും കലാകാരന്മാരുടെയും ആശങ്കകൾക്കാണ് ഇതോടെ അവസാനമായത്.

ഇത്തവണത്തെ നാലാം ഓണത്തിനും സ്വരാജ് റൗണ്ട് പുലികൾ കീഴടക്കും. പുലിക്കളി സംഘങ്ങളുടെയും പ്രേമികളുടെയും പരാതികളെ തുടർന്ന് ജില്ലയിലെ മന്ത്രിമാർ കൂടി ഇടപെട്ടതോടെയാണ് പുലിക്കളി നടത്താൻ തടസ്സമില്ലന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചത്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ട തൃശൂർ കോർപ്പറേഷൻ്റെ നിലപാട് നിർണായകം ആയതോടെയാണ് ഇന്ന് കോർപ്പറേഷൻ കൗൺസിൽ യോഗം ചേർന്ന് പുലികളി നടത്താൻ തീരുമാനിച്ചത്.

പുലിക്കളി നടത്തണമെന്ന് ആവശ്യപ്പെട്ട് യോഗത്തിന് മുന്നോടിയായി ബി ജെ പി അംഗങ്ങൾ പുലിമുഖങ്ങൾ ധരിച്ചാണ് കൗൺസിലിന് എത്തിയത്. ഒൻപത് സംഘങ്ങൾ മുൻപ് പുലിക്കളിക്കായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇത്തവണ ആറ് സംഘങ്ങൾ മാത്രമാകും മത്സരത്തിനിറങ്ങുക. കോർപ്പറേഷൻ തീരുമാനം വൈകിയതോടെ സ്പോൺസർഷിപ്പ് പ്രശ്നങ്ങൾ അടക്കം നേരിട്ട മറ്റ് മൂന്ന് സംഘങ്ങൾ പിൻവാങ്ങുക ആയിരുന്നു. ഇതിനെ തുടർന്ന് സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളുടെ യോഗം വിളിക്കാനും കോർപ്പറേഷൻ തീരുമാനിച്ചു.വിവിധ സംഘങ്ങൾക്കുള്ള ധനസഹായത്തിൽ ഇത്തവണയും തടസമുണ്ടാകില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ പുലിക്കളി ആഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ എന്നും മേയർ എം കെ വർഗീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments