തിരുവല്ല നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദമായിരിക്കെ ശിക്ഷാനടപടി തടഞ്ഞ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.ഞായറാഴ്ചയാണ് റീല്‍സ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കി ജീവനക്കാര്‍ നോട്ടീസിന് മറുപടി
നല്‍കുകയുംചെയ്തു.ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട് എന്ന് മന്ത്രി പറഞ്ഞു . ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസംവരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്.
തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു’, മന്ത്രി വ്യക്തമാക്കി.