തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിലെ പരാതി പെട്ടി സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കാർഡ് ശുദ്ധീകരണമാണ് പ്രധാന ലക്ഷ്യം. കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശുദ്ധീകരിക്കാം.
കാർഡ് ഉടമകൾക്ക് ഇതിലൂടെ പണച്ചെലവ് ഇല്ലാതാകും. റേഷൻ കടകളിലെ മറ്റു പരാതികളും ഇതിൽ നിക്ഷേപിക്കാം. ഈ സംവിധാനം വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും.
തെളിമ 2024 എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിൽ തെറ്റുകൾ തിരുത്താം. അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ / എഎവൈ കാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം.
എൽപിജി, വൈദ്യുതി കണക്ഷൻ ചേർക്കാം. മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിച്ചാൽ മതി.മുൻഗണന റേഷൻ കാർഡിൽനിന്ന് മരിച്ചവരുടെ പേര് നീക്കണം. മരണപ്പെട്ടവരുടെ പേര് മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഓൺലൈനായി അപേക്ഷ നൽകി പേരു നീക്കണമെന്ന് കോട്ടയം ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശംവയ്ക്കുന്നവർ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം.
സർക്കാർ – അർധസർക്കാർ – പൊതുമേഖല – സഹകരണസ്ഥാപന ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായ നികുതി നൽകുന്നവർ, മാസം 25000 രൂപയ്ക്കു മുകളിൽ വരുമാനമുള്ളവർ, സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ (പട്ടികവർഗ്ഗക്കാർ ഒഴികെ), നാലുചക്ര വാഹനം സ്വന്തമായി ഉള്ളവർ (ഏക ഉപജീവനമാർഗമായ ടാക്‌സി ഒഴികെ), വിദേശ ജോലിയിൽനിന്നൊ സ്വകാര്യസ്ഥാപനത്തിൽ നിന്നോ 25000 രൂപ മാസവരുമാനമുള്ള കുടുംബാംഗം ഉള്ളവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീട്, ഫ്ലാറ്റ് ഉള്ളവർ എന്നിവർ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം. ഫോൺ: 0481 2421660, 9188527646, 9188527647, 9188527648, 9188527649, 9188527358.