ശബരിമല: അയ്യപ്പവിഗ്രഹത്തിൽ മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പോലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേനടയിൽ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ.
അജികുമാർ, ജി. സുന്ദരേശൻ, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ, ദേവസ്വം കമ്മീഷണർ സി.വി. പ്രകാശ്, മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ആദ്യദിവസ യാത്ര അവസാനിപ്പിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച (ഡിസംബർ 23) രാവിലെ എട്ടിന് യാത്ര പുനരാരംഭിക്കും.
കൊടുന്തറ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, അഴൂർ ജംഗ്ഷൻ, പത്തനംതിട്ട ഊരമ്മൻകോവിൽ, പത്തനംതിട്ട ശാസ്താക്ഷേത്രം, കരിമ്പനയ്ക്കൽ ദേവീക്ഷേത്രം, ശാരദാമഠം, മുണ്ട് കോട്ടയ്ക്കൽ എസ്എൻഡിപി മന്ദിരം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, കടമ്മനിട്ട ഋഷികേശ ക്ഷേത്രം, കോട്ടപ്പാറ കല്ലേലിമുക്ക്, പേഴുംകാട് എസ്എൻഡിപി മന്ദിരം, മേക്കൊഴൂർ ക്ഷേത്രം, മൈലപ്ര ഭഗവതി ക്ഷേത്രം, കുമ്പഴ ജംഗ്ഷൻ, പാലമറ്റൂർ അമ്പലമുക്ക്, പുളിമുക്ക്, വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി, ഇളകള്ളൂർ മഹാദേവ ക്ഷേത്രം, ചിറ്റൂർ മുക്ക്, കോന്നി ടൗൺ, കോന്നി ചിറക്കൽ ക്ഷേത്രംവഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി ഘോഷയാത്ര വിശ്രമിക്കും.
24ന് ചിറ്റൂർ മഹാദേവക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ക്ഷേത്രം, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, മലയാലപ്പുഴ താഴം, മണ്ണാറക്കുളഞ്ഞി ക്ഷേത്രം, തോട്ടമൺകാവ് ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം, ഇടക്കുളം ശാസ്താക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ്, വടശ്ശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം, മാടമൺ ക്ഷേത്രം വഴി പെരുന്നാട് ശാസ്ത ക്ഷേത്രത്തിൽ വിശ്രമിക്കും. 25ന് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. വെകിട്ട് 6.15 ന് സന്നിധാനത്ത് എത്തി 6.30ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.
തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് സന്നിധാനത്ത്
ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു ഡിസംബർ 25ന് ഉച്ചയ്ക്കു 1.30ന് പമ്പയിൽ എത്തിച്ചേരും. വിശ്രമത്തിനുശേഷം മൂന്നുമണിയോടെ സന്നിധാനത്തേക്കു യാത്ര തിരിക്കും.
സന്ധ്യക്ക് 5.15ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിക്കും. ആറരയോടെ പതിനെട്ടാംപടി കയറുന്ന തങ്കഅങ്കി തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് അയ്യപ്പന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. തുടർന്നു തങ്കഅങ്കി അണിഞ്ഞ അയ്യപ്പനെ കണ്ടുവണങ്ങാൻ ഭക്തർക്ക് അവസരമുണ്ടാകും. 26നാണ് മണ്ഡലപൂജ.