Thursday, November 14, 2024
Homeകേരളംശിവഗിരി തീർഥാടനം: ഡിസംബർ 15ന് തുടങ്ങി 2025 ജനുവരി 5 വരെ

ശിവഗിരി തീർഥാടനം: ഡിസംബർ 15ന് തുടങ്ങി 2025 ജനുവരി 5 വരെ

തിരുവനന്തപുരം: ഈ വർഷത്തെ ശിവഗിരി തീർഥാടനം ഡിസംബർ 15ന് തുടങ്ങി 2025 ജനുവരി അഞ്ചുവരെയായിരിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വർധിച്ച പങ്കാളിത്തം കണക്കിലെടുത്താണ് ഇത്തവണ ദിവസങ്ങൾ വർധിപ്പിച്ചതെന്ന് വി ജോയി എംഎൽഎ അറിയിച്ചു.

തീർഥാടനത്തിനു മുന്നോടിയായി ശിവഗിരിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ പങ്കെടുത്ത മുന്നൊരുക്ക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള തീർഥാടകർക്ക് ഇതിൽ സൗകര്യപ്രദമായ ഒരു ദിവസം എത്തി ശിവഗിരിയിലെ വിശേഷ പൂജകളിലും മറ്റും സംബന്ധിക്കാൻ ഇതു വഴിയൊരുക്കുമെന്നും എംഎൽഎ പറഞ്ഞു.

പതിവുപോലെ തീർഥാടനത്തിൻ്റെ ഏറ്റവും പ്രധാന ദിവസങ്ങളായ ഡിസംബർ 30, 31, 2025 ജനുവരി ഒന്ന് ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരാവും എത്തിച്ചേരുക. ആ ദിവസങ്ങളിലെ തിരക്കുകൾ ഒഴിവാക്കുകയാണ് തീർഥാടന ദിവസങ്ങൾ വർധിപ്പിച്ചതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ആരോഗ്യം, പോലീസ്, പിഡബ്യൂഡി, വൈദ്യുതി അടക്കമുള്ള പ്രധാനപ്പെട്ട വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. തീർഥാടനത്തിനു മുന്നോടിയായി ഓരോ വകുപ്പുകളും സ്വീകരിക്കേണ്ടുന്ന നടപടികളെ സംബന്ധിച്ച് യോഗത്തിൽ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

ശിവഗിരി ധർമ്മ സംഘം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, തീർഥാടന കമ്മിറ്റി സെക്രട്ടറി ഋതംബരാനന്ദ സ്വാമി, വി ജോയി എംഎൽഎ, അടൂർ പ്രകാശ് എംപി, നഗരസഭാ ചെയർമാൻ കെഎം ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത സുന്ദരേശൻ, ജില്ലാ കളക്ടർ അനുകുമാരി, അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് റ്റി കെ വിനീത്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

ശിവഗിരി തീർഥാടനത്തിൻ്റെ മൂന്ന് ദിവസങ്ങളിൽ വിവിധ ദേശങ്ങളിൽനിന്ന് നിരവധി പീതാംബരധാരികളാണ് ശിവഗിരിയിലേക്ക് ഒഴുകിയെത്തുക. തീർഥാടനത്തിൽ പങ്കെടുക്കാനായി ദിവസങ്ങൾക്കു മുൻപേ ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളിൽ താമസമാക്കുന്ന ഭക്തരുമുണ്ട്. ഗുരുദേവ സമാധി മന്ദിരവും ശാരദാദേവി ക്ഷേത്രവും ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറവും സന്ദർശിച്ചാണ് ഭക്തർ മടങ്ങുക. ശാരദാമഠം, വൈദികമഠം, റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം വഴിയാണ് മഹാസമാധിയിലെത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments