ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസുകൾ ഇന്ന് സർവീസ് നിർത്തിവെച്ചു .സിഐടിയു നേതൃത്വം നൽകുന്ന എംപ്ലോയീസ് യൂണിയനാണ് സമരരംഗത്തുള്ളത്. ഒരാഴ്ചയിലേറെയായി നടത്തുന്ന നിസ്സഹകരണ സമരം ഫലംകാണാത്ത സാഹചര്യത്തിലാണ് സമരം.പണിമുടക്കുന്ന ജീവനക്കാർ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആംബുലൻസുകളെ ഒഴിവാക്കിയിട്ടുണ്ട്.
എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ഇന്ന് 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു .
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട് നൽകിയിട്ടും 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നൽകാൻ കരാർ കമ്പനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിർത്തിവെച്ചുള്ള സമരം.ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമായില്ല.2019 മുതലാണ് കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നത്. നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഒരു കൃത്യതയും പാലിച്ചിട്ടില്ല.
നിസ്സഹകരണ സമരത്തിന്‍റെ ഭാഗമായി നിലവിൽ 108 ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തുന്ന രോഗികളുടെ ഉൾപ്പെടെ ട്രിപ്പിന്‍റെ വിവരങ്ങൾ രേഖപ്പെടുത്താതെയും സിഐടിയുവിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ജൂൺ മാസത്തെ ശമ്പളം ലഭിക്കാൻ വൈകിയതോടെയാണ് ഇക്കഴിഞ്ഞ 16 മുതൽ സംസ്ഥാനത്തെ ഒരു വിഭാഗം 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി നിസ്സഹകരണ സമരം നടത്തിവരികയാണ്.ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ഫണ്ട് ലഭ്യമായില്ല എങ്കിൽ വരും മാസങ്ങളിലും 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള കാര്യത്തിൽ പ്രതിസന്ധി തുടരുമെന്ന് നിലപാടിലാണ് കമ്പനി.