ശബരിമല : പമ്പയുടെ പരിസര പ്രദേശങ്ങളിലും, മര കൂട്ടം ഭാഗത്തും അലഞ്ഞ് തിരിഞ്ഞ് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നവിധം ഭിക്ഷാടനം നടത്തിവന്ന തമിഴ്‌നാട്, മധുര സ്വദേശിനി സുബ്ബലക്ഷ്മി (78), തേനി സ്വദേശിനി സുബ്ബത്തായ് (64), കുമളി സ്വദേശിനി പാര്‍വ്വതി (80), എന്നിവരെയും മാനസിക വെല്ലുവിളി നേരിടുന്നതും ,ആരോ പമ്പയിൽ എത്തിച്ചതോ കൂട്ടം തെറ്റിയതോ ആയ ചെങ്ങന്നൂര്‍ മുണ്ടൻകാവ് സ്വദേശിയെന്ന് കരുതപ്പെടുന്ന ബിനു (46) എന്നിവരെ പമ്പ- സന്നിധാനം പോലീസിന്റെ സഹായത്തോടെ ജില്ലാ സാമൂഹ്യ നീതി വകുപ്പ് കണ്ടെത്തി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിന് സംരക്ഷണാര്‍ത്ഥം കൈമാറി.
അനധികൃത കച്ചവടക്കാരായി എത്തുന്ന തമിഴ്നാട് സ്വദേശികളായ വയോധികൾ ഭക്തജനങ്ങൾക്ക് മുമ്പിൽ ഭിക്ഷാടനക്കാരാവുകയാണ്.പത്തോളം വരുന്ന സംഘമായാണ് ഇവർ എത്തിയിട്ടുള്ളത്, ഇവരെ സഹായിക്കുവാനും താമസ സൗകര്യവും ഭക്ഷണവും നല്കുവാനുംഇവിടെ ആളുകൾ ഉണ്ട്, പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ചിലര്‍ ഒളിച്ചു കടന്നു.
തുടര്‍ന്ന് സാമൂഹ്യ ക്ഷേമ വകുപ്പില്‍ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ഓഫീസര്‍ ഷംല ബീഗം, മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല,
സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരായ ഷിബിൽ, ഷെമീർ സന്നദ്ധപ്രവര്‍ത്തകരായ വിനോദ്. ആര്‍, സിതാര സന്തോഷ്, നിഖില്‍ ദിവാകരന്‍, ജിതിന്‍ രാജ് എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്.
പുനരധിവാസത്തിന് അര്‍ഹത ഇല്ലാത്തവരെ അവരുടെ വീടുകള്‍ കണ്ടെത്തി തിരികെ അയയ്ക്കുമെന്നും ശബരിമലയും പമ്പയും ഭിക്ഷാടന നിരോധിത മേഖലയാണെന്നും ഭിക്ഷാടകരെ ഇവിടെ അനുവദിക്കില്ലായെന്നും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.