പത്തനംതിട്ട :- പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.താൽക്കാലികമായിട്ടാണ് അനുമതിയെന്നും ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
24 മണിക്കൂർ ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്.2018 മുതൽ മണ്ഡല കാലത്ത് പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.
ചെയിൻ സർവീസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചെറിയ വാഹനങ്ങളെ കടത്തിവിടുന്നതിനെ കെഎസ്ആർടിസി എതിർത്തിരുന്നു.ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം ശക്തമായി അവതരിപ്പിച്ചതോടെ കോടതി അനുമതി നൽകുകയായിരുന്നു.