കോന്നി :കോന്നി വനം ഡിവിഷനിൽ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കിഴക്കൻ മലയോര മേഖലകളിൽ സ്ഥാപിക്കുന്ന സൗരോർജ്ജ തൂക്കുവേലിയുടെ നിർമ്മാണ ഉദ്ഘാടനവും പോരുവാലിയിൽ നിർമ്മിച്ച ആരണ്യകം കഫെയുടെ പ്രവർത്തന ഉദ്ഘാടനവും തിങ്കളാഴ്ച ഉച്ചയ്ക്ക് 2 30ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
മണ്ഡലത്തിൽ കലഞ്ഞൂർ അരുവാപ്പുലം പഞ്ചായത്തുകളുടെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ 15 കിലോമീറ്റർ ദൂരത്തിലാണ് സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്നത്. 1.5 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. കേരള സ്റ്റീൽ ഇൻഡസ്ട്രിയൽ ലിമിറ്റഡ് ആണ് നിർവഹണ ഏജൻസി. അടവി പോരുവാലിയിൽ നിർമ്മിച്ച ആരണ്യകം ഇക്കോ കഫയുടെ പ്രവർത്തന ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതിക്കുഴി പാടം, തട്ടാക്കുടി ,അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി മേഖലകളിൽ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷിക്ക് നാശനഷ്ടങ്ങൾ വരുത്തുന്നത് പതിവായിരുന്നു, ഇതിനെ തുടർന്നാണ് കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി കൂടുതൽ പ്രയോജനകരമായ സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്നതിന് എംഎൽഎ നിർദ്ദേശിച്ചത്.
കലഞ്ഞൂർ പൂമരുതി കുഴിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ. ആന്റോ ആന്റണി എംപി,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജി പി രാജപ്പൻ, ജില്ലാ കളക്ടർപ്രേംകൃഷ്ണൻ ഐഎഎസ്, ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.പുകഴേന്തി ഐ എഫ് എസ്, പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, ഡോ.കമലാഹാർ ഐ എഫ് എസ്, ആയുഷ് കുമാർ കോറി ഐ എഫ് എസ്, തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.