Monday, November 25, 2024
Homeകേരളംസർക്കാരിന് വേട്ടക്കാരെ സംരക്ഷിക്കുന്ന വിചിത്ര നിലപാട്: കെ.സുരേന്ദ്രൻ

സർക്കാരിന് വേട്ടക്കാരെ സംരക്ഷിക്കുന്ന വിചിത്ര നിലപാട്: കെ.സുരേന്ദ്രൻ

സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടക്കം മുതലേ ഒളിച്ചു കളിയാണ് സർക്കാർ നടത്തുന്നത്. പിണറായിയുടെ സ്ത്രീപക്ഷ നിലപാടുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

സർക്കാർ ആദ്യഘട്ടം മുതൽ കള്ള കളിയാണ് നടത്തുന്നതെന്നും കാസർഗോഡ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷൻ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട്. ഇരകൾക്ക് നീതി നിഷേധിക്കാൻ വേണ്ടി സർക്കാർ ആസൂത്രിതമായി പ്രവർത്തിച്ചു. റിപ്പോർട്ട് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി മാറാൻ സർക്കാർ ആഗ്രഹിച്ചു. പീഡനത്തിനിരയായിട്ടുള്ള ആളുകൾക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നടപടിയും സർക്കാർ എടുക്കാൻ പോകുന്നില്ല. ചിലരെ രക്ഷിക്കാനുള്ള തിടുക്കമാണ് സർക്കാർ ഇപ്പോൾ കാണിക്കുന്നത്.

ഇത് വെറും ജലരേഖ ആയിട്ട് മാറാൻ തന്നെയാണ് സാധ്യത. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും മഹിളാ സംഘടനകളെല്ലാം കാശിക്കു പോയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്രയും ഗുരുതരമായ വിഷയം സംസ്ഥാനത്ത് ഉയർന്നു വന്നിട്ടും അതിനോടൊന്ന് പ്രതികരിക്കാൻ പോലും ഇടതുപക്ഷ മഹിളാ സംഘടനകൾ തയ്യാറാവുന്നില്ല. റിപ്പോർട്ടിന്മേൽ നാലുവർഷം അടയിരുന്നത് വേട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാണ്. പരാതി ലഭിച്ചാലേ കേസെടുക്കൂ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പിന്നെന്തിനാണ് ഇങ്ങനെ ഒരു കമ്മീഷനെ നിയമിച്ചത്.

വിശദമായ വിവരങ്ങൾ പുറത്തു വരാനും നടപടിയെടുക്കാനും ആണ് കമ്മീഷനെ വെക്കുന്നത്. എന്നാൽ സർക്കാർ കമ്മീഷനൊന്നും യാതൊരു വിലയും കൽപ്പിക്കുന്നില്ല. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു സർക്കാർ കമ്മീഷനെ വച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments